നിലവില്‍ സംസ്ഥാനത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ചവറ, കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുകള് ഒഴിവാക്കുന്നതാണു നല്ലതെന്നു സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. നിലവില്‍ സംസ്ഥാന സര്‍ക്കാരിന് പത്തുമാസത്തോളം മാത്രമാണു കാലവധിയുള്ളത്. കോവിഡ് പടര്‍ന്നു പിടിക്കുന്നു. ചിലയിടങ്ങളില്‍ സമൂഹവ്യാപനവുമായി. കൂടാതെ കാലവര്‍ഷവുമാണ്. ഈ സാഹചര്യത്തില്‍ പോളിംഗ് ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമല്ല നിലവിലുള്ളതെന്നും ടിക്കാറാം മീണ അറിയിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് യോഗം ചേര്‍ന്നെങ്കിലും ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തില്ല.
ഉപതെരഞ്ഞെടുപ്പു നടത്തണമോ എന്ന കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അടുത്ത യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണു സൂചന. നിലവില്‍ സംസ്ഥാനത്തെ ഗുരുതര സാഹചര്യം സിഇഒ, കേന്ദ്ര കമ്മീഷനെ ബോധ്യപ്പെടുത്തി.
അതേസമയം, ഉപതെരഞ്ഞെടുപ്പ് നടത്തിയാല്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന്, തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കു കൈമാറി. ഒരു പോളിംഗ് സ്റ്റേഷനില്‍ 1800 വോട്ടര്‍മാര്‍ എന്നതിന് പകരം 1000 പേര് മാത്രമേ പാടുള്ളൂ. അതിനാല്‍ മിക്കയിടങ്ങളിലും ഓക്സിലറി ബൂത്തുകള്‍ സ്ഥാപിക്കേണ്ടിവരും.
വോട്ടെടുപ്പിന് സാമൂഹിക അകലം പാലിക്കണം, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് പോസിറ്റീവായവര്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിച്ചാല്‍ അവര്‍ക്കു തപാല്‍ ബാലറ്റ് നല്‍കണം, വോട്ട് തേടി പോകുമ്പോള്‍ അഞ്ചുപേരില്‍ കൂടുതല്‍ പേര് ഉണ്ടാകാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























