നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏഴ് ഡോക്ടർമാർ ഉൾപ്പടെ 24 ആരോഗ്യപ്രവർത്തകർ ക്വാറന്റീനിൽ

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏഴ് ഡോക്ടർമാർ ഉൾപ്പടെ 24 ആരോഗ്യപ്രവർത്തകർ ക്വാറന്റീനിൽ പോയി. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി.
ഡോക്ടർമാർക്ക് പുറമേ പതിനാറ് സീനിയർ നഴ്സുമാർ, ഒരു നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരും നിരീക്ഷണത്തിൽ പോയി. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ നഴ്സിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ട് ദിവസങ്ങൾക്ക് മുൻപ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരെ ഹോസ്റ്റലിൽ നിരീക്ഷണത്തിലാക്കിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം ക്വാറന്റീനിലിരിക്കെ ഇവർക്ക് ഭക്ഷണം നൽകിയ രണ്ട് പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനുള്ള നടപടി ആരോഗ്യ വകുപ്പ് അധികൃതർ ആരംഭിച്ചു.
https://www.facebook.com/Malayalivartha



























