ചോദ്യങ്ങള്‍ സ്വപ്നത്തിനുമപ്പുറം... കസ്റ്റംസുകാരും എന്‍ഐഎയും മുമ്പ് ചോദിച്ച ചോദ്യങ്ങളില്‍ വ്യക്തത വരുത്താനായി ശക്തമായ തെളിവുകളുമായെത്തിയ ശിവശങ്കറെ കാത്തിരുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യങ്ങള്‍; കെ.ബി. വന്ദന ഐപിഎസിന്റെ നേതൃത്തിലുള്ള എന്‍ഐഎ സംഘത്തിന്റെ മുന്നില്‍ ശരിക്കും വിയര്‍ത്ത് ശിവശങ്കര്‍

ഇന്നലെ പുലര്‍ച്ചെ പൂജപ്പുര വീട്ടില്‍ നിന്നും എം. ശിവശങ്കര്‍ കൊച്ചിയിലേക്ക് യാത്ര തിരിക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. താന്‍ പറഞ്ഞ ഉത്തരങ്ങള്‍ സാധൂകരിക്കുന്ന ഒരുകെട്ട് പേപ്പറുമായാണ് ശിവശങ്കര്‍ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തെത്തിയത്. എന്നാല്‍ ശിവശങ്കറിനെ കാത്തിരുന്നത് അപ്രതീക്ഷിതമായ ചോദ്യങ്ങളായിരുന്നു. പ്രത്യേക മുറിയില്‍ വീഡിയോ കോണ്‍ഫറന്‍സും റിക്കോഡിംഗും ഡിജിറ്റല്‍ ചോദ്യം ചെയ്യാനുള്ള സംവിധാനങ്ങളും ഒക്കെ ഒരുക്കിയിരുന്നു.
എന്‍ഐഎ ദക്ഷിണേന്ത്യാ മേധാവി കെ.ബി. വന്ദന ഐപിഎസിന്റെ നേതൃത്തിലുള്ള സംഘമാണ് നീണ്ട മണിക്കൂറുകള്‍ ചോദ്യം ചെയ്തത്. നിരവധി പ്രമാദമായ കേസുകളില്‍ തുമ്പുണ്ടാക്കിയ വനിത പോലീസ് ഓഫീസറാണ് വന്ദന. വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു എന്‍ഐഎ ദക്ഷിണേന്ത്യാ മേധാവി ചോദ്യം ചെയ്തത്. രാവിലെ പത്തു മണിക്കു തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് ഏഴുമണി വരെ നീണ്ടു. വന്ദനയുടെ കറക്കിത്തിരിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ശിവശങ്കര്‍ പതറി. തിരുവനന്തപുരത്ത് വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎപ്രധാന ശ്രമം നടത്തിയത്. എന്നാല്‍ അതിലും വലിയ കുരുക്കിലായി ശിവശങ്കര്‍.
മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കാതെ സ്വന്തം വാഹനത്തില്‍ കൊച്ചിയിലെത്തിയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിനു ഹാജരായത്. പേരൂര്‍ക്കടയിലെ പൊലീസ് ക്‌ളബില്‍ എന്‍.ഐ.എയുടെ ചോദ്യംചെയ്യലിന് അഞ്ചു മണിക്കൂര്‍ വിധേയനായ ശിവശങ്കറിനെ കൊച്ചിയിലെത്താന്‍ നിര്‍ദേശിച്ചതോടെ തുടങ്ങിയ അഭ്യൂഹങ്ങള്‍ ഇന്നും തീര്‍ന്നിട്ടില്ല. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമെന്നായിരുന്നു അതിലൊന്ന്. എന്നാല്‍ തനിക്ക് ഒളിക്കാനൊന്നുമില്ലെന്ന നിലപാടില്‍ ശിവശങ്കര്‍ കൊച്ചിയിലേക്ക് പോകാനായി പൂജപ്പുര വീട്ടില്‍ നിന്നിറങ്ങി. യാത്ര അഞ്ച് മണിക്കൂറിനുള്ളില്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ അവസാനിച്ചു. ഒരു കെട്ട് പേപ്പറുമായായിരുന്നു യാത്ര.
സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി എന്‍.ഐ.എ ഓഫീസിലേക്ക് കൂസലില്ലാതെ നിയമപരമായ മാര്‍ഗങ്ങള്‍ തേടാതെ എത്തിയ ശിവശങ്കറിന്റേതും എന്‍.ഐ.എയുടേത് പോലെ ചടുലനീക്കങ്ങളായിരുന്നു. കൊച്ചിയിലുള്ള അഭിഭാഷകന്‍ എസ്. രാജീവിനെ നേരില്‍ കാണാതെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ സമയമുണ്ടായിട്ടും അതിനു ശ്രമിക്കാതെ ഇന്നലെ പുലര്‍ച്ചെ സ്വന്തം കാറില്‍ കൊച്ചിയിലേക്ക്. പറഞ്ഞതിലും 40 മിനിട്ട് മുമ്പേ എന്‍.ഐ.എ ഓഫീസില്‍ ഹാജരായി. പൂജപ്പുരയിലെ വീട്ടില്‍നിന്ന് പുറത്തിറങ്ങുമ്പോഴും യാത്രയ്ക്ക് രഹസ്യ മാര്‍ഗങ്ങളൊന്നും സ്വീകരിച്ചില്ല. മാദ്ധ്യമങ്ങള്‍ കൂടെ കൂടിയിട്ടും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.
കൊച്ചി എന്‍.ഐ.എ ഓഫീസിന് മുന്നിലെ നടുറോഡില്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു കാറില്‍ നിന്നുള്ള ഇറക്കം. മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ലെങ്കിലും കൂളായുള്ള ആ നടത്തം ആത്മവിശ്വാസത്തിന്റെ സൂചന നല്‍കി. പിന്നീട് രാഷ്ട്രീയ കേരളവും ഉദ്യോഗതലങ്ങളും ആകാംക്ഷയോടെ കാത്തിരുന്ന നിമിഷങ്ങള്‍.
ശിവശങ്കറിനെ ഉദ്യോഗസ്ഥന്‍ കൂട്ടിക്കൊണ്ടുപോയത് വിശാലമായ ഹാളിലേക്കാണ്. 20 അംഗ സംഘത്തിന് നടുവില്‍ ഒറ്റയാനായി ഇരിപ്പുറപ്പിച്ചു. ചുറ്റുപാടും ക്യാമറ കണ്ണുകള്‍. വീഡിയോ കോണ്‍ഫറന്‍സില്‍ എന്‍.ഐ.എയുടെ ദക്ഷിണേന്ത്യാ മേധാവി വന്ദന. വലിയ സ്‌ക്രീനില്‍ ചോദ്യങ്ങള്‍ ഒന്നൊന്നായി തെളിഞ്ഞു. വ്യക്തതയ്ക്കായി മറ്റു പ്രതികള്‍ നല്‍കിയ മൊഴി സ്‌ക്രീനില്‍ തെളിയുന്നതിനൊപ്പം ശബ്ദവും. മിസിംഗായ കാര്യങ്ങളില്‍ വ്യക്തതയാണ് തേടിയത്. ചോദ്യം ചെയ്യല്‍ മുഴുവന്‍ ക്യാമറയില്‍ റെക്കാഡ് ചെയ്തതോടെ പഴുതുകള്‍ മുഴുവന്‍ അടച്ചു. ഡിജിറ്റല്‍ തെളിവുകള്‍, മൊഴി, ഫോണ്‍വിളികള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. .ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ പത്തുമിനിട്ട് വിശ്രമം. ഈ സമയം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച. ഒരു പകല്‍ മുഴുവന്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കവേ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമോ എന്നതായിരുന്നു പുറത്തെ ആകാംക്ഷ. വൈകിട്ട് 6.50 ന് ശിവശങ്കറിന്റെ ചുവന്ന കാര്‍ വീണ്ടും എന്‍.ഐ.എ അങ്കണത്തിലേക്ക് എത്തിയതോടെ വിട്ടയയ്ക്കുന്നതിന്റെ പ്രതീതി. നിമിഷങ്ങള്‍ക്കകം ശിവശങ്കര്‍ പുറത്തേക്ക്. രാവിലെ കണ്ട പ്രസന്നമുഖമായിരുന്നില്ല അപ്പോള്‍. ക്ഷീണിതനും ഗൗരവത്തിലുമായിരുന്നു. വീണ്ടും ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന വിവരവും തൊട്ടുപിന്നാലെയെത്തി. ഇതോടെയാണ് ജനങ്ങള്‍ക്ക് കാര്യം പിടികിട്ടിയത്. ഇന്നെന്ത് സംഭവിക്കുമെന്നുള്ള ആകാംക്ഷ ബാക്കി.
"
https://www.facebook.com/Malayalivartha