ആ മാസ്സ് ഡയലോഗ്... കിഴിശ്ശേരിയിലെ നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഫായിസിന്റെ 'ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല്ല' എന്ന വൈറല്‍ പ്രയോഗം ഏറ്റെടുത്ത് മില്‍മ....

'ചെലോര്ത് ശരിയാകും, ചെലോര്ത് റെഡിയാവൂല, എന്റത് റെഡിയായില്ല്യ. ന്റത് വേറെ മോഡലാ വന്ന്ക്ക്ണത്, ന്തായാലും മ്മക്ക് കൊയ്പ്പല്യ', ദിവസങ്ങള്‍ക്കുളളില്‍ സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും വൈറലായ വാക്കുകളാണ്. അതിന്റെ ഉടമയാകട്ടെ, മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയായ നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഫായിസും. ഉമ്മയുടെ ഫോണില്‍ ഫായിസ് കടലാസ് പൂവുണ്ടാക്കുന്ന വീഡിയോയും അതിനൊപ്പമുളള സംഭാഷണവും ദിവസങ്ങള്‍ക്കുളളിലാണ് വൈറലായത്. പോസിറ്റിവിറ്റി നിറക്കുന്ന ആ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ആയിരങ്ങളാണ് ഏറ്റെടുത്തത്. ഫായിസ് ചാനലുകളിലും പത്രങ്ങളിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും താരമാകുകയും ചെയ്തു. ഇപ്പോഴിതാ ഫായിസിന്റെ വാക്കുകള്‍ മില്‍മ പരസ്യവാചകമായി ഉപയോഗിച്ചുവെന്നതാണ് പുതിയ വിവാദം.
കിഴിശ്ശേരിയിലെ നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഫായിസിന്റെ 'ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല്ല' എന്ന വൈറല്‍ പ്രയോഗം ഏറ്റെടുത്ത് മില്‍മ. മലബാര്‍ മില്‍മയുടെ ഫെയ്‌സ്ബുക് പേജിലാണ് ഇത് പരസ്യവാചകമായി ഉപയോഗിച്ചത്. ഫായിസിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും പ്രത്യേക സമ്മാനം നല്‍കുമെന്ന് അറിയിച്ചതായും മലബാര്‍ റീജന്‍ മാനേജിങ് ഡയറക്ടര്‍ പറഞ്ഞു.
കമ്പനിയുടെ സമൂഹ മാധ്യമവിഭാഗം കൈകാര്യം ചെയ്യുന്ന ടീം ആണ് വൈറല്‍ പ്രയോഗത്തോടൊപ്പം 'പക്ഷേങ്കി ചായ എല്ലാര്‍തും ശരിയാവും, പാല്‍ മില്‍മ ആണെങ്കില്‍' എന്നു കൂടി ഉള്‍പ്പെടുത്തി പോസ്റ്റ് തയാറാക്കിയത്. ഇത് സ്ഥിരം പരസ്യവാചകം ആയല്ല, സമൂഹ മാധ്യമ പോസ്റ്റിനു മാത്രമായാണ് ഉപയോഗിക്കുന്നതെന്ന് എംഡി പറഞ്ഞു. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ ഒട്ടേറെപ്പേരാണു കുട്ടിക്ക് റോയല്‍റ്റി നല്‍കണമെന്നാവശ്യപ്പെട്ട് പോസ്റ്റിനു താഴെ കമന്റ് ഇട്ടത്.മാധ്യമപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.
ഫായിസ് ദ കോപ്പിറൈറ്റര്‍ എന്ന ഹാഷ്ടാഗിലാണ് മില്‍മയ്‌ക്കെതിരെ സാമൂഹ്യമാധ്യമത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്. മില്‍മ ഈ പരസ്യവാചകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്. മില്‍മയ്ക്ക് പുറമെ മലബാര്‍ മസാല, മായേഴ്‌സ് സൊലുഷ്യന്‍ ഡോട്ട് കോം എന്നിവരും ഫായിസിന്റെ വാക്കുകളെ അടിസ്ഥാനമാക്കി സോഷ്യല്‍മീഡിയയില്‍ പരസ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
മില്‍മയുടെ പോസ്റ്റും വൈറലായി. ഇതിനു പുറമേ കോവിഡ് ബോധവല്‍ക്കരണവുമായി മലപ്പുറം കലക്ടറുടെ ഫെയ്‌സ്ബുക് പോസ്റ്റിലും പ്രയോഗം ഉള്‍പ്പെടുത്തി. 'ചെലോല്‍ക്ക് ണ്ടാവും, ചെലോല്‍ക്ക് ണ്ടാവൂല, ങ്ങക്ക് ണ്ടാവാന്‍ സമ്മയ്ക്കര്ത് ' എന്നായിരുന്നു കലക്ടറുടെ പോസ്റ്റ്. ഒരു പൂവുണ്ടാക്കുന്നതിന്റെ വിഡിയോ പകര്‍ത്തുന്നതിനിടെയായിരുന്നു ഫായിസിന്റെ പ്രയോഗം.കിഴിശ്ശേരി കുഴിഞ്ഞൊളം സ്വദേശിയായ മുനീര്‍ സഖാഫിയുടേയും മൈമൂനയുടേയും മകനാണ് ഫായിസ്. ഉമ്മയുടെ ഫോണില്‍ ഫായിസ് തന്നെയാണ് കടലാസ് കൊണ്ട് പൂവുണ്ടാക്കുന്ന വീഡിയോ സെല്‍ഫി മോഡില്‍ പകര്‍ത്തിയത്. ജൂലൈ 22നാണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ തുടങ്ങുന്നത് പലതായി മടക്കിയ പേപ്പര്‍ കത്രിക കൊണ്ട് മുറിക്കുമ്പോള്‍ പൂവാകുമെന്ന് പറഞ്ഞായിരുന്നു. എന്നാല്‍ മുറിച്ചപ്പോള്‍ അതിന് പൂവിന്റെ ആകൃതി വന്നില്ല. പക്ഷേ അന്നേരവും ഫായിസ് അതില്‍ പരാജയപ്പെട്ട സങ്കടമോ നിരാശയോ കാണിക്കാതെ പറയുന്ന വാക്കുകളായിരുന്നു
ശ്രമം പരാജയപ്പെട്ടെങ്കിലും ചിലരുടേത് ശരിയാകും, ചിലരുടേത് ശരിയാകില്ല എന്നും അതില്‍ കുഴപ്പമില്ല എന്ന അര്‍ഥത്തില്‍ നാട്ടുഭാഷയില്‍ പറഞ്ഞത് വൈറലാകുകയായിരുന്നു. കൊണ്ടോട്ടി കുഴിമണ്ണ ഇസ്സത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ഫായിസ്.
https://www.facebook.com/Malayalivartha