ആശുപത്രികള്‍ കണ്ടെയിന്‍മെന്റ് സോണുകള്‍! മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ കോവിഡ് വ്യാപിക്കുന്നു; രോഗബാധിതരില്‍ മൂന്ന് ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വമൊരുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു?

കോവിഡ് വ്യാപനത്തില്‍ സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാകുന്ന ദയനീയമായ കാഴ്ച്ചയാണ് ഇപ്പോള്‍ കേരളത്തില്‍ കാണാന്‍ സാധിക്കുന്നത്. കേരളത്തിലെ പ്രധാന മെഡിക്കല്‍ കോളേജുകളായ തിരുവനന്തപുരം, കോട്ടയം, പരിയാരം മെഡിക്കല്‍ കോളേജുകളിലെ നിലവിലെ അവസ്ഥ ദയനീയമാണ്. ഇവിടങ്ങളിലെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിതികരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം മറ്റു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിതികരിച്ചത് മെഡിക്കല്‍ കോളേജിലെ പ്രവര്‍ത്തനത്തെ തന്നെ താളം തെറ്റിച്ചു. നിരവധി ഡിപ്പാര്‍ട്ടുമെന്റുകള്‍ അടച്ചിടേണ്ട അവസ്ഥയാണ് പല മെഡിക്കല്‍ കോളേജുകളിലും. അടിയന്തര ശസ്ത്രക്രീയകള്‍ വരെ മാറ്റി വയ്‌ക്കേണ്ട അവസ്ഥയാണ് ഇവിടെ. ഇതിന് പുറമേ സംസ്ഥാനത്ത് നിരവധി പ്രഥമിക ആരോഗ്യകേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അടച്ചിണ്ടേണ്ടി വന്നിരുന്നു.
സംസ്ഥാനത്തിതുവരെ 444 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധ, കൊവിഡ് ഇതര ചികിത്സകളെ സാരമായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്തെ മൊത്തം രോഗബാധിതരില്‍ മൂന്ന് ശതമാനം പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 18 ശതമാനം പേര്‍ ഡോക്ടര്‍മാരും 24 ശതമാനം പേര്‍ നഴ്‌സുമാരുമാണ്. മെഡിക്കല്‍ കോളേജ് ആശുപത്രികള്‍, ആര്‍സിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ ഇങ്ങനെ രോഗം എല്ലാ മേഖലകളിലും പിടിമുറുക്കി. തുടക്കത്തില്‍ വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുടെ കുറവാണ് വില്ലനായതെങ്കില്‍ പിന്നീട് അതിന്റെ ഗുണനിലവാരമില്ലായ്മയും അടുത്ത സമ്പര്‍ക്കവും എല്ലാം രോഗബാധയ്ക്ക് കാരണമായി. രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തിന്റെ ഇരട്ടിയിലേറെപേര്‍ നിരീക്ഷണത്തിലേക്കും പോയി. ഇതോടെ വാര്‍ഡുകള്‍ പലതും അടച്ചു. രോഗി പരിചരണത്തിലും പ്രശ്‌നങ്ങളുണ്ടായി.
രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. ചികിത്സയിലും രോഗി പരിചരണത്തിലുമടക്കം കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ചികിത്സ പൂര്‍ണമായും മുടങ്ങുന്ന സ്ഥിതി ഉണ്ടായേക്കുമെന്നാണ് ആശങ്ക. ആശുപത്രികളില്‍ ജീവനക്കാരുടെ കുറവുണ്ടാകാതിരിക്കാന്‍ ചില ആശുപത്രികള്‍ ഒരു കൂട്ടം ജീവനക്കാരെ മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും മിക്കയിടത്തും അത് പ്രാവര്‍ത്തികമായിട്ടില്ല. രണ്ടാം നിര ആരോഗ്യപ്രവര്‍ത്തകരെ സജ്ജമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇതിനൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളെ പരിചരിക്കുന്നതിനായി നല്‍കുന്ന പി.പി.ഇ കിറ്റുകള്‍ക്കും മറ്റും വേണ്ടത്ര ഗുണനിലവാരമില്ലാത്താണെന്ന ആക്ഷേപവും ശക്തമാണ്. രോഗികളുടെ എണ്ണം കുറഞ്ഞിരിന്നപ്പോള്ളു സാഹചര്യമല്ല ഇപ്പോള്‍ കേരളത്തിലുള്ളത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസൃതമായ സജീകരണം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന ആരോപണവും ശക്തമാണ്.
https://www.facebook.com/Malayalivartha