വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ ജാമ്യമില്ലാ വാറണ്ട് ...

വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കസ്റ്റംസിന്റെ അപേക്ഷപ്രകാരമാണ് നടപടി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും പ്രതി ചേര്‍ത്ത് കൊണ്ടുള്ള റിപ്പോര്‍ട്ട് കസ്റ്റംസ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനൊപ്പമാണ് ഇരുവരെയും ഇന്ത്യയില്‍ എത്തിക്കാന്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തുടര്‍ച്ചയായ രണ്ടാം ദിവസവും എന്‍ഐഎ ചോദ്യം ചെയ്യുകയാണ്.
എന്‍ഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ പ്രോസിക്യൂട്ടര്‍ അടക്കമുള്ളവര്‍ വരെ ചോദ്യം ചെയ്യല്‍ സംഘത്തിലുണ്ട്. ശിവശങ്കറിന്റെ മൊഴികളിലെ പൊരുത്തക്കേടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നിരത്തി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും എം ശിവശങ്കറിന് പ്രതികളുമായി ബന്ധത്തിന്റെ വിശദാംശങ്ങളുമെല്ലാം വിശദമായി വിലയിരുത്തുകയാണ് ദേശീയ അന്വേഷണ ഏജന്‍സി .
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി ഉണ്ടായിരുന്നത് വ്യക്തിപരമായ സൗഹൃദം മാത്രമാണെന്നാണ് എം ശിവശങ്കര്‍ ആവര്‍ത്തിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു സഹായവും പ്രതികള്‍ക്ക് നല്‍കിയിട്ടില്ലെന്ന് എം ശിവശങ്കര്‍ പറയുന്നു. ഫോണ്‍ വിളി വിശദാശങ്ങള്‍ പരിശോധിക്കാമെന്നും എന്‍ഐഎ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിനായാണ് വിളിച്ച് വരുത്തിയതെങ്കിലും കേസില്‍ ഏതെങ്കിലും സാഹചര്യത്തില്‍ എം ശിവശങ്കര്‍ പ്രതിപ്പട്ടികയിലേക്ക് എത്തുമോ എന്നും ദേശീയ അന്വേഷണ ഏജന്‍സി വിശദമായി പരിശോധിക്കും.
"
https://www.facebook.com/Malayalivartha