കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഫറോക്ക് നഗരസഭ ഓഫിസിലെ 5 കൗണ്‍സിലര്‍മാരും 5 ജീവനക്കാരും ക്വാറന്റീനില്‍

ഫറോക്ക് നഗരസഭയില്‍ പൊതുജനങ്ങള്‍ക്ക് 2 ആഴ്ചത്തേക്കു സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച പെരുമുഖം സ്വദേശിയായ യുവാവ് ഫറോക്ക് നഗരസഭയില്‍ എത്തിയതിനാല്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 5 കൗണ്‍സിലര്‍മാരും 5 ജീവനക്കാരും ക്വാറന്റീനിലായി.
ഇതിനു പുറമേ രണ്ടാം സമ്പര്‍ക്കത്തില്‍പെട്ട 5 കൗണ്‍സിലര്‍മാര്‍ സ്വയം നിരീക്ഷണത്തില്‍ പോയി. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കൗണ്‍സിലര്‍മാരെയും ജീവനക്കാരെയും 30-ാം തീയതി സ്രവ പരിശോധന നടത്തും. ആരോഗ്യ വിഭാഗം നേതൃത്വത്തില്‍ ഓഫിസ് പ്രാഥമികമായി അണുവിമുക്തമാക്കി.
നഗരസഭയില്‍ നിന്നും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി 22-ന് വൈകിട്ടു എത്തിയ യുവാവിനു കഴിഞ്ഞ ദിവസമാണു കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ട കൗണ്‍സിലര്‍മാര്‍ സ്വയം ക്വാറന്റീനില്‍ പോയി. ജീവനക്കാരെ ഇന്നലെ രാവിലെയാണു ഗൃഹ നിരീക്ഷണത്തില്‍ വിട്ടത്.നഗരസഭയില്‍ 4 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഗരസഭാധ്യക്ഷ കെ.കമറുലൈലയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും തീരുമാനിച്ചു.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന വാഹനങ്ങള്‍ വഴിയോരത്തു നിര്‍ത്തിയിട്ടു അറ്റകുറ്റപ്പണി നടത്തുന്നതും വാഹനങ്ങളില്‍ മീന്‍ കച്ചവടം ചെയ്യുന്നതും വിലക്കി. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നഗരസഭയില്‍ മൈക്ക് പ്രചാരണം നടത്തും. മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചിടുന്നതിനും തെരുവുകച്ചവടങ്ങള്‍ ഒഴിവാക്കുന്നതിനും കലക്ടറെ ബന്ധപ്പെട്ടു നടപടി സ്വീകരിക്കും.
സ്ഥിരം സമിതി അധ്യക്ഷരായ പി.ആസിഫ്, എം.സുധര്‍മ, മുനിസിപ്പല്‍ സെക്രട്ടറി ഡി.വി.സനല്‍ കുമാര്‍, റവന്യു ഇന്‍സ്‌പെക്ടര്‍ പി.സുനില്‍ രാജ്, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എം.സജി, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.മുസ്തഫ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ഹരീഷ് എന്നിവര്‍ പങ്കെടുത്തു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് രാമനാട്ടുകര നഗരസഭയില്‍ 120 പേരുടെ സ്രവ പരിശോധന നടത്തി. വൈദ്യരങ്ങാടിയില്‍ 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണു പരിശോധന. നഗരസഭ മേഖലയില്‍ കോവിഡ് വ്യാപന സാധ്യത മുന്നില്‍ കണ്ടായിരുന്നു പ്രത്യേക പരിശോധന ക്യാംപ് നടത്തിയത്. സ്രവ ശേഖരണത്തിനു ശേഷം അധികൃതര്‍ ആരോഗ്യ കേന്ദ്രം അണുവിമുക്തമാക്കി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.കെ.ദിവ്യ ഡോ. കെ.ശീതള്‍, ഡോ. പി.നീതു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ഇബ്രാഹിം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha