ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ്; മന്ത്രി കടകംപള്ളി സുരേന്ദ്രൻ കോവിഡ് പരിശോധനയ്ക്ക് വിധേയനായി; മന്ത്രി ഉൾപ്പടെയുള്ള ജീവനക്കാർ ക്വാറന്റൈനിൽ

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. എന്നാൽ ഫലം നെഗറ്റീവ് ആണെങ്കിലും മന്ത്രി ഒരാഴ്ച നിരീക്ഷണത്തില്‍ തുടരുമെന്നാണ് വിവരം.
ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുതൽ കടകംപള്ളി സുരേന്ദ്രന് ക്വാറന്റൈനിലാണ്. ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഔദ്യോഗിക വസതിയിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്.
മന്ത്രിയുടെ വീട്ടിലെയും ഓഫീസിലെയും ജീവനക്കാരെ മുഴുവന്‍ ചൊവ്വാഴ്ച ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരിക്ക് ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും സ്വയം നിരീക്ഷണത്തില്‍ പോകാനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരത്തിന്റെ ചുമതലയുള്ള മന്ത്രി കടകംപള്ളി ചൊവ്വാഴ്ച രാവിലെ മുതല്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ജില്ലാ കളക്ടറും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ ഈ യോഗങ്ങളില്‍ പങ്കെടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha