സെല്‍ഫിക്കിടെ നവവധു ഭര്‍ത്താവിനെ പാലത്തില്‍നിന്നു പുഴയില്‍ത്തള്ളി

സെല്‍ഫി എടുക്കുന്നതിനിടെ നവവധു ഭര്‍ത്താവിനെ പാലത്തില്‍ നിന്നും തളളി താഴെയിട്ടു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തി. കര്‍ണാടകയിലെ യാദ്ഗിറിലാണ് സംഭവം. കൃഷ്ണ നദിക്കു കുറുകെയുളള ഗുര്‍ജാപൂര്‍ പാലത്തില്‍ നിന്നാണ് യുവതി ഭര്‍ത്താവിനെ തളളിയിട്ടത്. പാലത്തില്‍ നിന്നും താഴെ നദിയിലേക്ക് വീണ യുവാവ് ഒഴുകി സമീപത്തുളള പാറയില്‍ പിടിച്ചു നിന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കയര്‍ പാറയിലേക്ക് ഇട്ടുകൊടുത്ത് യുവാവിനെ മുകളിലേക്ക് കയറ്റുകയായിരുന്നു.
അബദ്ധത്തില്‍ കാല്‍വഴുതി വീഴുകയായിരുന്നു എന്നാണ് ഓടിക്കൂടിയ പ്രദേശവാസികളോട് യുവതി പറഞ്ഞത്. എന്നാല്‍ രക്ഷപ്പെട്ട് മുകളിലേക്ക് കയറിയ ശേഷം യുവാവ് തന്നെയാണ് ഭാര്യ തന്നെ തളളിയിടുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ ആരോപണം യുവതി നിഷേധിച്ചു. ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വിഡിയോ തെളിവുകള്‍ പരിശോധിച്ചു മൊഴി രേഖപ്പെടുത്താനായി ദമ്പതികളെ റായ്ച്ചൂര്‍ പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha