ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാകുമോ എന്ന ആശങ്ക നിലനിന്നിരുന്ന ബത്തേരിയില്‍ നടത്തിയ 267 ആന്റിജന്‍ ടെസ്റ്റുകളില്‍ ഒന്നു പോലും പോസിറ്റീവ് ഇല്ല

ബത്തേരി നഗരസഭാ പരിധിയില്‍ ഇന്നലെ 3 മൊബൈല്‍ യൂണിറ്റുകള്‍ നാലിടങ്ങളിലായി നടത്തിയ ആന്റിജന്‍ ടെസ്റ്റിന്റെ ഫലം വന്നപ്പോള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാകുമോ എന്ന ആശങ്ക നിലനിന്നിരുന്ന ബത്തേരിയില്‍ ആശ്വാസം. ഇന്നലെ മാത്രം 267 ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തിയതില്‍ ഒന്നു പോലും പോസിറ്റീവ് ഇല്ല. ഇന്നും പരിശോധനകള്‍ തുടരും.
കോവിഡ് പടര്‍ന്ന മലബാര്‍ ട്രേഡിങ് കമ്പനിയുമായി ആദ്യ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പരിശോധനകളാണ് ബത്തേരി സിഎസ്‌ഐ ഹാള്‍, ചേനാട് ഗവ.ഹൈസ്‌കൂള്‍, ബീനാച്ചി സ്‌കൂള്‍, പൂളവയല്‍ അങ്കണവാടി എന്നിവിടങ്ങളില്‍ കൂടുതലായി നടത്തിയത്. കൂടാതെ ജനപ്രതിനിധികള്‍, ടാക്‌സി തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുടെയും പരിശോധന നടത്തി. ബത്തേരി നഗരസഭാ അധ്യക്ഷന്‍ ടി.എല്‍.സാബു, സെക്രട്ടറി അലി അസ്ഹര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
ആരോഗ്യവകുപ്പ് ഇന്ന് നടത്തുന്നത് ഫാമിലി ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനകളാകും. കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരുടെയും പരിശോധന നടത്താനാണ് തീരുമാനം. മൊബൈല്‍ യൂണിറ്റിലെ കോവിഡ് പരിശോധനകള്‍ക്ക് ഡോക്ടര്‍മാരായ നിഖില പൗലോസ്, റിബിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി.ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
ബത്തേരിയില്‍ ആളുകള്‍ക്കിടയില്‍ കോവിഡ് വ്യാപനമുണ്ടാകില്ലെന്ന ഒരു പൊതുധാരണ പരന്നത് അലംഭാവമുണ്ടാക്കിയിരുന്നു. ജാഗ്രതക്കുറവ് പലയിടത്തുമുണ്ടായി. സാമൂഹിക അകലം പാലിക്കലും സ്വയം പ്രതിരോധവും നന്നേ കുറഞ്ഞു. പലയിടത്തും ആളുകള്‍ കൂട്ടം കൂടി. കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ ചെറിയ പ്രദേശം പോലും കണ്ടെയ്ന്‍മെന്റ് സോണാക്കുന്നതിനെ പലരും എതിര്‍ക്കുകയും ചെയ്തു. ഇതിനിടെയാണ് ഒറ്റയടിക്ക് 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
അതോടെ ആലസ്യം വിട്ടുണര്‍ന്ന ബത്തേരിയില്‍ തികഞ്ഞ ജാഗ്രത പ്രകടമായി. ആരോഗ്യ പ്രവര്‍ത്തകരും സര്‍വം മറന്ന് പ്രവര്‍ത്തിച്ചു. ആളുകള്‍ ഒറ്റക്കെട്ടായതോടെ ഫലവും കണ്ടു തുടങ്ങി. ഇതേ ജാഗ്രതയില്‍ മുന്നോട്ടുപോയാല്‍ കോവിഡിനെ ചെറുക്കാനാകുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha