സ്ഥിതി ഗുരുതരം: വയനാട്ടിലെ തവിഞ്ഞാലില്‍ 24 പേര്‍ക്ക് കൂടി കോവിഡ്; രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകൾക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി

വയനാട്ടിലെ തവിഞ്ഞാലില്‍ 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ ടെസ്റ്റിലാണ് കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയത്. അതേസമയം തവിഞ്ഞാലില്‍ രോഗബാധിതരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.
തവിഞ്ഞാൽ പഞ്ചായത്തിനു പുറമെ തെണ്ടര്‍നാട് എടവക പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണ്ണമായി കണ്ടെയ്ന്‍മെന്‍റ് സോണാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകൾക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി. ജില്ലയിൽ മറ്റിടങ്ങളിലും വിവാഹ ചടങ്ങുകൾക്ക് നിയന്ത്രണമുണ്ട്.
വയനാട്ടിൽ കഴിഞ്ഞ ദിവസം കോവിഡ് സ്വീകരിച്ച 53 പേരിൽ 49 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. ഇവരിൽ 43 പേരും വാളാട് പ്രദേശത്ത് നടന്ന മരണാനന്തര ചടങ്ങിലും വിവാഹ ചടങ്ങുകളിലും പങ്കെടുത്തവരാണ്.
ഇതേ തുടർന്ന് തവിഞ്ഞാലില്‍ കൂടുതല്‍ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. തവിഞ്ഞാൽ പഞ്ചായത്തിൽ ഇന്നും ആന്‍റിജന്‍ പരിശോധന തുടരും. വളാട് പ്രദേശത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ചെറിയ റോഡുകൾ പൊലീസ് ഇടപെട്ട് അടപ്പിച്ചു.
വാളാട് ഉൾപ്പെടുന്ന തവിഞ്ഞാൽ പഞ്ചായത്തിനു പുറമേ പരിസരത്തെ എടവക പഞ്ചായത്ത് തൊണ്ടർനാട് പഞ്ചായത്ത് മാനന്തവാടി നഗരസഭ എന്നിവയും പൂർണ്ണമായും കണ്ടെയ്ന്‍മെന്‍റ് സോണുകൾ ആക്കി ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇവിടങ്ങളിൽ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകളോ അഞ്ചു പേരിൽ കൂടുതൽ പങ്കെടുക്കുന്ന മരണാനന്തര ചടങ്ങുകളോ പാടില്ല. ജില്ലയിൽ എവിടയും 20 പേരിൽ കൂടുതൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ പാടില്ലെന്ന നിർദ്ദേശവും ഇവർ മുന്നോട്ട് വച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha