കേരള കോൺഗ്രസ്സ് (മാണി ഗ്രൂപ്പ് ) ചെയർമാൻ തെരഞ്ഞെടുപ്പ് കേസ് ; അനുരഞ്ന ചർച്ചക്ക് വാദി പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവ്

കേരള കോൺഗ്രസ്സ് (മാണി ) ഗ്രൂപ്പ് ചെയർമാൻ തെരഞ്ഞെടുപ്പ് പിൻവാതിലിലൂടെ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള കേസിൽ അനുരഞ്ജന ചർച്ചയ്ക്ക് വാദി പ്രതികൾ ഹാജരാകാൻ തിരുവനന്തപുരം നാലാം അഡീഷണൽ മുൻസിഫ് കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പു കേസിലെ വാദിയും പ്രതികളും സെപ്റ്റംബർ 14 ന് ഹാജരാകാനാണുത്തരവ്. സിവിൽ നടപടി ക്രമത്തിലെ വകുപ്പ് 89 പ്രകാരം വിചാരണക്ക് മുന്നോടിയായി കോടതിക്ക് പുറത്ത് വച്ചുള്ള ഒത്തുതീർപ്പ് സാധ്യത ആരായാനാണ് കോടതി ഇരു ഭാഗം കക്ഷികളെയും വിളിച്ചു വരുത്തുന്നത്. ഒത്തുതീർപ്പ് ചർച്ച പരാജയപ്പെടുന്ന പക്ഷം വിചാരണ നടപടിയിലേക്ക് കോടതി കടക്കുന്നതാണ്.
പ്രതികളായ പി.ജെ.ജോസഫും ജോയി എബ്രഹാമും തങ്ങളുടെ നയം വ്യക്തമാക്കിക്കൊണ്ട് ആക്ഷേപ പത്രിക സമർപ്പിച്ചിട്ടുണ്ട്. 2019 ജൂണിൽ ആണ് രണ്ടു പ്രതികളും കൗണ്ടർ പത്രിക സമർപ്പിച്ചത്. പാർട്ടി നിയമാവലിയും തെരഞ്ഞെടുപ്പ് ചട്ടങ്ങളും ലംഘിച്ച് ആരെയും ഏക പക്ഷീയമായി ചെയർമാനായി അവരോധിക്കില്ലെന്ന് പ്രതികൾ കോടതിയിൽ സമർപ്പിച്ച കണ്ടർ പത്രികയിൽ ബോധിപ്പിച്ചു. അപ്രകാരം ചട്ടം ലംഘിച്ച് പിൻവാതിലിലൂടെ ചെയർമാനെ തെരഞ്ഞെടുക്കുമെന്ന ഹർജിക്കാരന്റെ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. ആയതിനാൽ പത്രിക സ്വീകരിച്ച് കേസ് കോടതി തള്ളണമെന്നും ബോധിപ്പിച്ചു. ഊഹാപോഹങ്ങൾ വച്ചു കൊണ്ട് സമർപ്പിച്ച കേസ് നിയമ നടപടികളുടെ ദുരുപയോഗമായതിനാൽ തള്ളി ഉത്തരുവുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
പാർട്ടി ഭരണഘടനയക്ക് വിരുദ്ധമായി ചെയർമാനെ തെരഞ്ഞെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നൽകിയ കേസിൽ അവധിക്കാല കോടതിയായ തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതി 2019 മെയ് 15 ന് ഇടക്കാല ഉത്തരവിലൂടെ തെരഞ്ഞെടുപ്പ് തടഞ്ഞിരുന്നു. പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ബി . മനോജ് നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.
വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് , ജനറൽ സെക്രട്ടറി ജോയ് എബ്രഹാം എന്നിവരെ എതിർകക്ഷികളാക്കിയാണ് കേസ് ഫയൽ ചെയ്തത്. മെയ് 15 വൈകിട്ട് നാലിന് തിരുവനന്തപുരത്ത് നടന്ന കെ.എം.മാണി അനുസ്മരണത്തിന് ശേഷം രഹസ്യമായി പി.ജെ.ജോസഫിനെ ചെയർമാനായി തെരഞ്ഞെടുക്കാനുള്ള നീക്കം ഉണ്ടായിരുന്നു. ഇതിനായി ജോയ് എബ്രഹാം ഒരു സർക്കുലർ ഇറക്കിയിരുന്നു. മേയ് ഒമ്പതിന് തീയതിയിട്ട സർക്കുലർ മെയ് 15 ന് തൊട്ട് മുമ്പുള്ള ദിവസമാണ് വിതരണം ചെയ്തത്. ഇതു കൂടാതെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ സംബന്ധിച്ചുള്ള അറിയിപ്പ് എന്ന രീതിയിൽ പേപ്പറിൽ ചിലരെ കൊണ്ട് രഹസ്യമായി ഒപ്പിടുവിച്ച് വാങ്ങിയിരുന്നു. പാർട്ടി നിയമാവലിയായ ബൈലോ പ്രകാരം സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് നോട്ടീസ് നൽകി വിളിച്ച് കൂട്ടിയതിന് ശേഷം മാത്രമാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇതിന് വിരുദ്ധമായി അനുസ്മരണ യോഗത്തിന് ശേഷം ചെയർമാനെ പിൻ വാതിലിലൂടെ തെരഞ്ഞെടുക്കാനുള്ള നീക്കമാണെന്ന് ആരോപിച്ചാണ് കേസ് ഫയൽ ചെയ്തത്. കേസ് ഫയലിൽ സ്വീകരിച്ച കോടതി ബൈലോ പ്രകാരമല്ലാതെ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് താൽക്കാലിക നിരോധന ഉത്തരവിടുകയായിരുന്നു.
https://www.facebook.com/Malayalivartha