തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു

നഗരൂര്‍ കല്ലമ്പലം റോഡില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് നില എം.ടി കോംപ്ലക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിച്ചു. വൈകിട്ട് അഞ്ച് മണിയോയാണ് അപകടം ഉണ്ടായത്. തീ അണയ്ക്കുന്നതിനിടെ കെട്ടിടത്തിന്റെ ഉടമകൂടിയായ നഗരൂര്‍ പേരകത്ത് വീട്ടില്‍ നസീം (58) നിലത്തുവീണ് തലയ്ക്ക് സാരമായ പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ആദ്യം തീ പിടിച്ചത്. തുടര്‍ന്ന് കെട്ടിടത്തിലെ മുകളിലത്തേയും താഴത്തേയും നിലകളിലേക്ക് തീ പടര്‍ന്നു. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മിലും ഗ്രൗണ്ട് ഫ്‌ലോറിലും തൊട്ടുമുകളിലുമുണ്ടായിരുന്ന സാധനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. സമീപത്ത് കെ.എസ്.എഫ്.ഇ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടേയ്ക്ക് തീ പടര്‍ന്നില്ല.
അതേസമയം,? കെട്ടിടത്തിന്റെ സമീപത്തുള്ള ഗ്യാസ് ഏജന്‍സിയിലുണ്ടായിരുന്ന സിലണ്ടറുകള്‍ നഗരൂരിലെ ഓട്ടോ തൊഴിലാളികള്‍ സ്ഥലത്തുനിന്ന് മാറ്റി. വിവരമറിഞ്ഞെത്തിയ ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, നാവായിക്കുളം, കടയ്ക്കല്‍ എന്നീ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നെത്തിയ സംഘം ഏറെ പണിപ്പെട്ട് 6.30ഓടെ തീ അണച്ചു. കെട്ടിടത്തില്‍ തീപിടിത്തമുണ്ടായാല്‍ പ്രാഥമികമായി ഉണ്ടാകേണ്ട ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉപകരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. തീപിടിത്തത്തിന് കാരണം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ഒരുകോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha