കര്‍ണാടകയിലെ കൊടുംകാട്ടില്‍ റഷ്യന്‍ യുവതിയും പെണ്‍മക്കളും

കര്‍ണാടകയില്‍ രാമതീര്‍ഥ കുന്നിന്‍ മുകളിലുള്ള അപകടകരമായ ഗുഹയില്‍ റഷ്യന്‍ യുവതിയും രണ്ടു പെണ്‍മക്കളും താമസിക്കുന്നതായി കണ്ടെത്തി. പട്രോളിങ്ങിനിടെ, ഗോകര്‍ണ പൊലീസാണ് മൂന്നു പേരെയും വനത്തിനുള്ളില്‍ കണ്ടെത്തിയത്. ജൂലൈ 9 ന് വൈകിട്ട് 5 മണിയോടെ, ഗോകര്‍ണ പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ശ്രീധറും സംഘവും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാമതീര്‍ഥ കുന്നിന്‍ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം വെളിച്ചത്തുവന്നത്.
വനത്തില്‍ പട്രോളിങ് നടത്തുന്നതിനിടെ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗുഹയ്ക്ക് സമീപം മനുഷ്യരുടെ ചലനം പൊലീസിന്റെ ശ്രദ്ധയില്‍പെട്ടു. അന്വേഷണത്തില്‍ റഷ്യന്‍ വംശജയായ നീന കുട്ടിന (40), അവരുടെ രണ്ടു പെണ്‍മക്കള്‍ പ്രേമ (6), അമ (4) എന്നിവരോടൊപ്പം ഗുഹയ്ക്കുള്ളില്‍ താമസിക്കുന്നതായി കണ്ടെത്തി.
ഗോവയില്‍നിന്ന് ഗോകര്‍ണയിലേക്ക് ആത്മീയ ഏകാന്തത തേടിയാണ് താന്‍ യാത്ര ചെയ്തതെന്ന് നീന പൊലീസിനോട് പറഞ്ഞു. നഗരജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ധ്യാനത്തിലും പ്രാര്‍ഥനയിലും ഏര്‍പ്പെടാനാണ് താന്‍ ഗുഹയില്‍ താമസിച്ചതെന്നും നീന പറഞ്ഞു. ഗുഹ സ്ഥിതി ചെയ്യുന്ന രാമതീര്‍ഥ കുന്നില്‍ കഴിഞ്ഞ ജൂലൈയില്‍ വലിയ മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു. വിഷപ്പാമ്പുകള്‍ ഉള്‍പ്പെടെയുള്ള അപകടകരമായ വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ഇത്.
നീനയെ അപകടങ്ങളെക്കുറിച്ച് അറിയിച്ച ശേഷം, പൊലീസ് സംഘം കുടുംബത്തെ വിജയകരമായി രക്ഷപ്പെടുത്തി കുന്നിന്റെ താഴെയിറക്കി. യുവതിയുടെ അഭ്യര്‍ഥനപ്രകാരം, കുംത താലൂക്കിലെ ബങ്കികോഡ്‌ല ഗ്രാമത്തില്‍ 80 വയസ്സുള്ള വനിതാ സന്യാസിയായ സ്വാമി യോഗരത്‌ന സരസ്വതി നടത്തുന്ന ആശ്രമത്തിലേക്ക് ഇവരെ മാറ്റി.
പാസ്‌പോര്‍ട്ടിന്റെയും വീസ രേഖകളുടെയും വിശദാംശങ്ങള്‍ പങ്കിടാന്‍ നീന മടിച്ചിരുന്നു. പൊലീസും ആശ്രമ മേധാവിയും കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ തന്റെ രേഖകള്‍ കാട്ടിലെ ഗുഹയില്‍ എവിടെയോ നഷ്ടപ്പെട്ടിരിക്കാമെന്ന് വെളിപ്പെടുത്തി. ഗോകര്‍ണ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയില്‍ പാസ്‌പോര്‍ട്ടും വീസ രേഖകളും കണ്ടെടുത്തു. 2017 ഏപ്രില്‍ 17 വരെ സാധുതയുള്ള ബിസിനസ് വീസയിലാണ് നീന ആദ്യം ഇന്ത്യയില്‍ പ്രവേശിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. 2018 സെപ്റ്റംബര്‍ 8 ന് വീണ്ടും ഇന്ത്യയില്‍ പ്രവേശിച്ചതായും രേഖകളില്‍ കാണിക്കുന്നു. അനുവദനീയമായ കാലാവധി കഴിഞ്ഞും നീന ഇവിടെ തുടരുകയായിരുന്നു.
നീനയേയും രണ്ടു കുട്ടികളെയും റഷ്യയിലേക്ക് തിരികെ നാടുകടത്തുന്നതിന് സൗകര്യമൊരുക്കുന്നതിനായി ഉത്തര കന്നഡ പൊലീസ് സൂപ്രണ്ട് ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജിയണല്‍ റജിസ്‌ട്രേഷന്‍ ഓഫിസുമായി ഔദ്യോഗിക കത്തിടപാടുകള്‍ ആരംഭിച്ചു. തുടര്‍ നടപടികള്‍ക്കായി കുടുംബത്തെ ഉടന്‍ ബെംഗളൂരുവിലെത്തിക്കും.
https://www.facebook.com/Malayalivartha