ഇത് വേറെ ലെവല്‍ കളി... സ്വര്‍ണക്കള്ളക്കടത്ത് കേസ് അറബികളിലേക്കും നീളുന്നു; സ്വര്‍ണക്കടത്തില്‍ മുന്‍ അറ്റാഷെയ്ക്ക് വിഹിതം നല്‍കിയിരുന്നെന്ന് സ്വപ്‌നയുടെയും സന്ദീപിന്റെയും മൊഴി; നാടുവിട്ട അറബിയെ പൊക്കാനായി സാധ്യതകള്‍ തേടി എന്‍ഐഎ

നയതന്ത്ര ബാഗിലൂടെയുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്ന കാരണം ഇപ്പോള്‍ അറബികളും പേടിച്ചിരിക്കുകയാണ്. ഏത് നിമിഷം വേണമെങ്കിലും അന്വേഷണം തങ്ങളുടെ നേരെ തിരിയുമെന്ന സ്ഥിതിയാണുള്ളത്. സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയക്ക് എതിരെ നിര്‍ണായക മൊഴി നല്‍കിയതോടെയാണ് കാര്യങ്ങള്‍ കൈവിടുന്നത്. കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപുമാണ് അറബിയ്ക്ക് സ്വര്‍ണക്കടത്തിലെ വിഹിതം നല്‍കിയെന്ന് മൊഴി നല്‍കിയിരിക്കുന്നത്.
വിഹിതം നല്‍കിയത് തിരുവനന്തപുരത്തെ ഡോളര്‍ ഇടപാടുകാരന്‍ വഴിയാണ്. ഇടപാടുകാരനെ കസ്റ്റംസ് ചോദ്യം ചെയ്തു. റഷീദ് ഖാമിസ് അല്‍ അഷ്മിയയെ ചോദ്യം ചെയ്യണമെന്നു കാണിച്ച് കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് കത്തു നല്‍കും.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സ്വപ്‌നയെയും സന്ദീപിനെയും കസ്റ്റംസിന്റെ കസ്റ്റഡിയില്‍ കിട്ടിയത്. നേരത്തെ എന്‍.ഐ.എ. കസ്റ്റഡിയില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വപ്‌നയെയും സന്ദീപിനെയും പ്രാഥമികമായി ചോദ്യം ചെയ്തപ്പോളാണ് സ്വര്‍ണക്കടത്തിലെ മുന്‍ അറ്റാഷെയുടെ പങ്ക് പുറത്തുവന്നത്.
ഒരു ഡിപ്ലോമാറ്റിക് ബാഗേജ് വരുമ്പോള്‍ 1,500 ഡോളര്‍ വീതം മുന്‍ അറ്റാഷെയ്ക്ക് കൈക്കൂലി നല്‍കിയിരുന്നു എന്ന വിവരമാണ് ഇവര്‍ കസ്റ്റംസിനോട് പറഞ്ഞിരിക്കുന്നത്. ഇവരുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വര്‍ണം അടങ്ങിയ ബാഗ് വരുമ്പോള്‍ ഡോളറിലായാണ് വിഹിതം നല്‍കിയിരുന്നത്.
തിരുവനന്തപുരത്തെ ഒരു ഡോളര്‍ ഇടപാടുകാരന്‍ വഴിയാണ് പണം കൈമാറിയിരുന്നത്. ഈ ഡോളര്‍ ഇടപാടുകാരനെയും കസ്റ്റംസ് ചോദ്യം ചെയ്തിട്ടുണ്ട്. സ്വര്‍ണം അടങ്ങിയ ബാഗ് ഓരോ തവണയും വരുമ്പോള്‍ സരിത് അത് കോണ്‍സുലേറ്റിലെ ഓഫീസിലേക്ക് കൊണ്ടുപോയോ എന്ന സംശയം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇത്തരത്തിലുള്ള മൊഴിയാണ് സ്വപ്‌നയും സന്ദീപും നല്‍കിയിട്ടുള്ളത്.
സ്വപ്‌നയും സന്ദീപും സരിത്തും ചേര്‍ന്ന് 23 പ്രാവശ്യം ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍നിന്ന് ലഭിച്ചിട്ടുള്ള മറ്റൊരു നിര്‍ണായക വിവരം. ബാഗ് സരിത്ത് കോണ്‍സുലേറ്റിലേക്ക് കൊണ്ടുപോയോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. അതുകൊണ്ടു തന്നെ കോണ്‍സുലേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ തേടി കസ്റ്റംസ് കോണ്‍സുലേറ്റ് അധികൃതര്‍ക്ക് കത്തെഴുതാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
മുന്‍ അറ്റാഷെയ്ക്ക് സ്വര്‍ണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നു എന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. അതിനാല്‍ അറ്റാഷെയെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് കത്തു നല്‍കാന്‍ ഒരുങ്ങുകയാണ്.
അറ്റാഷെയെ തള്ളി പറഞ്ഞിട്ടും സ്വപ്നാ സുരേഷ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ തള്ളിപ്പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. ശിവശങ്കറെ രക്ഷിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം ഇപ്പോഴും സ്വപ്നയുടെ ഭാഗത്തുനിന്നുണ്ടെന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്. സൗഹൃദത്തിനപ്പുറം ശിവശങ്കറുമായി ഒന്നുമില്ലെന്നാണ് അവര്‍ ആവര്‍ത്തിക്കുന്നത്. സ്‌പേസ് പാര്‍ക്കില്‍ നിയമനം കിട്ടിയത്, സെക്രട്ടേറിയറ്റിനു മുന്നില്‍ ഫ്‌ലാറ്റ് എടുത്തുകൊടുത്തത്, തുടങ്ങിയ കാര്യങ്ങളിലേ ശിവങ്കറിന് ബന്ധമുള്ളൂ എന്നതു മാത്രമാണ് അവര്‍ ആവര്‍ത്തിക്കുന്നത്. സന്ദീപിനൊപ്പം ചോദ്യം ചെയ്യുന്നതിലൂടെ അത് തകര്‍ക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. സരിത്ത് ശിവശങ്കറിനെതിരേ വ്യക്തമായ മൊഴി നല്‍കിയിട്ടും സ്വപ്ന ഒന്നും പറയാത്തതിന് പിന്നീല്‍ ദുരൂഹതയുണ്ട്. അതിനാലാണ് ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കാത്തത്.
"
https://www.facebook.com/Malayalivartha