ഫയർ ആൻഡ് റസ്ക്യൂ ഓഫിസറിൽ നിന്ന് സിവിൽ സർവീസിലേക്ക്; ആശിഷ് ദാസിന്റേത് തിളക്കമാർന്ന നേട്ടം

ഫയർഫോഴ്സിലെ കഠിന ജോലികൾക്കിടെ ആശിഷ് ദാസ് നേടിയെടുത്തത് തിളക്കമാർന്ന നേട്ടം. കൊല്ലം പത്തനാപുരം ഫയർസ്റ്റേഷനിലെ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ആശിഷ് ദാസ് സിവിൽ സർവീസ് പരീക്ഷയിലൂടെ നേടിയെടുത്തത് 291–ാം റാങ്ക്.
കൊല്ലം മുഖത്തല സ്വദേശിയായ ആശിഷിൻറെ പത്താം ക്ലാസ് വരെയുള്ള പഠനം സെന്റ് ജൂഡ് സ്കൂളിലായിരുന്നു. പ്ലസ്ടു സെന്റ് ആന്റണീസ് സ്കൂളിൽ. 2009ൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് ബെംഗളൂരുവിൽനിന്നു പാസായി. അതു തനിക്കു യോജിച്ച മേഖലയല്ലെന്ന തിരിച്ചറിവിനെത്തുടർന്നാണു മറ്റു ജോലികൾക്കു ശ്രമിക്കാൻ തീരുമാനിച്ചത്.
2012ൽ അഗ്നിശമനസേനയുടെ ഭാഗമായി. പരിശീലനത്തിനിടയിലുള്ള പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചതോടെയാണ് താൻ കൊള്ളാം എന്ന തോന്നലുണ്ടായതെന്നു ആശിഷ് പറയുന്നു. അതോടെ തന്റെ കഴിവുകൾ മികച്ചതാക്കാനുള്ള പരിശ്രമം ആരംഭിച്ചു. സിവിൽ സർവീസ് എന്ന ചിന്ത ഉണ്ടാകുന്നത് അങ്ങനെയാണ്. സിവിൽ സർവീസ് അക്കാദമിയിലും മറ്റു അക്കാദമികളിലും പരിശീലനം നടത്തി. ‘ഒരു കാര്യം ചെയ്യണം എന്നു മനസ്സിൽ വിചാരിച്ചാൽ അതിനു വഴിയും ഉണ്ടാകും. ഒരു കാര്യത്തിനും ഞാൻ എന്നോട് ഒഴിവുകഴിവുകൾ പറഞ്ഞില്ല. കഠിനമായി പരിശ്രമിച്ചു’ എന്നും ആശിഷ് പറയുന്നു.
ആറു വർഷത്തെ പരിശ്രമത്തിനൊടുവിലാണു സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച് അഭിമുഖത്തിൽ പങ്കെടുക്കുന്നത്. വ്യക്തിപരമായ വിനോദങ്ങൾ, ജോലി സംബന്ധമായ കാര്യങ്ങൾ എന്നിവയാണ് അഭിമുഖം നടത്തുന്ന ബോർഡ് കൂടുതലായി ചോദിച്ചറിഞ്ഞത്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ പ്രത്യേകതകളെക്കുറിച്ചും ചോദ്യമുണ്ടായി. അഭിമുഖം നടക്കുന്നതിനു രണ്ടാഴ്ച മുൻപാണു വിദേശത്തു ജോലിയുള്ള ഭാര്യയെ സന്ദർശിച്ചശേഷം ആശിഷ് നാട്ടിലെത്തുന്നത്.
വളരെ കുറച്ചു ദിവസം കൊണ്ട് അഭിമുഖത്തിനു തയാറെടുത്തു. തിരുവനന്തപുരത്ത് ഐഎഎസ് അക്കാദമി നടത്തുന്ന ഷിനാസാണ് അഭിമുഖ പരീക്ഷയ്ക്ക് തന്നെ സജ്ജമാക്കിയതെന്ന് ആശിഷ് പറയുന്നു. അഭിമുഖത്തിന്റെ മാർക്ക് വരുംദിവസങ്ങളിലേ അറിയാൻ കഴിയുകയുള്ളു. റാങ്ക് അനുസരിച്ച് ഐഎഎസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആശിഷ്. ഭാര്യ സൂര്യ സൗദിയിൽ നഴ്സാണ്. മകൾ അമേയയ്ക്കു 7 മാസമാണു പ്രായം.
https://www.facebook.com/Malayalivartha