അവിടെ പാലുകാച്ച് ഇവിടെ ഡിവോഴ്‌സ്... കേരളത്തിലെ നാല് ലീഗ് വോട്ടിനേക്കാള്‍ വലുതാണ് ഇന്ത്യയിലെ ലക്ഷങ്ങളെന്ന് തിരിച്ചറിഞ്ഞതോടെ പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശ്രീരാമന്റെ പരമ ഭക്തരായി; രാജീവ് ഗാന്ധിയെ വരെ കളത്തിലിറക്കി കോണ്‍ഗ്രസ് കളി തുടങ്ങിയപ്പോള്‍ തലയില്‍ കൈവച്ച് കേരളത്തിലെ കോണ്‍ഗ്രസും ലീഗും

അയോധ്യയില്‍ രാമ ക്ഷേത്രത്തിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമാകുമ്പോള്‍ അതിന്റെ അലയൊലി കേരളത്തിലും പ്രതിഫലിക്കുകയാണ്. കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ പെട്ടന്നുള്ള മനംമാറ്റം സങ്കടത്തിലാഴ്ത്തിയിരിക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളേയും മുസ്ലീം ലീഗിനേയുമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും ഇനി മാസങ്ങളില്ല. മുഖ്യമന്ത്രി കുപ്പായം തച്ച് നടക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ഇതോടെ ഇരുട്ടടിയാണ് കിട്ടിയത്. മുസ്ലീം ലീഗ് അയോധ്യയില്‍ തട്ടി തെറിച്ച് പോയാല്‍ പിന്നെ മുഖ്യമന്ത്രി കസേര സ്വാഹ. ഇത് മുന്നില്‍ കണ്ടാണ് പ്രിയങ്കയുടെ രാമനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസ്താവന വന്നയുടനെ ചെന്നിത്തല ഡല്‍ഹിയില്‍ വിളിച്ചത്. പക്ഷെ പ്രിയങ്ക ഒന്നും കാണാതെ പറയില്ലല്ലോ. കേരളത്തിലെ നാല് ലീഗ് വോട്ടിനേക്കാള്‍ വലുതാണ് ഭാരതത്തിലൊട്ടാകെയുള്ള ലക്ഷങ്ങള്‍.
അങ്ങനെ രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ചുകൊണ്ടും ആശംസ അര്‍പ്പിച്ചുകൊണ്ടും കോണ്‍ഗ്രസ് ദേശീയ നേതാക്കളും കേരളത്തിലെ ചില നേതാക്കളും രംഗത്ത് വന്നതോടെ വിഷയത്തില്‍ എന്ത് നിലപാടെടുക്കുമെന്ന കാര്യത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് മുസ്‌ലിം ലീഗ് നേതൃത്വം. ലീഗിനെ എന്നും പിന്തുണച്ചിരുന്ന സമസ്തയടക്കമുള്ളവര്‍ തങ്ങളുടെ മുഖപത്രത്തിലൂടെ വിഷയത്തില്‍ കോണ്‍ഗ്രസിനേയും നേതാക്കളേയും രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയതോടെ കോണ്‍ഗ്രസിനെ തള്ളാനും കൊള്ളാനുമാവാത്ത അവസ്ഥയിലുമായി ലീഗ്. ഇന്ന് അയോധ്യയില്‍ ഭൂമി പൂജ നടക്കാനിരിക്കേ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ പാണക്കാട്ട് അടിയന്തര യോഗം ഇന്ന് ചേരുകയാണ്.
അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രേദശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്, കോണ്‍ഗ്രസിന്റെ മറ്റൊരു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ദ്വിഗ്‌വിജയ് സിംഗ് എന്നിവരായിരുന്നു ആദ്യം പിന്തുണയുമായി എത്തിയത്. തുടര്‍ന്ന് മറ്റ് ചിലനേതാക്കളും ഇന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ക്ഷേത്ര നിര്‍മാണത്തിന് എതിരല്ലെന്ന് കെ.മുരളീധരന്‍ എം.പിയും പ്രസ്താവന നടത്തിയതോടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയും തുടങ്ങിയിരുന്നു. തുടര്‍ന്നാണ് അടിയന്തര യോഗം ചേരാനുള്ള ധാരണയായത്.
കോണ്‍ഗ്രസ് നേതാക്കളുടെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രതികരണത്തില്‍ സമസ്തയടക്കമുള്ളവര്‍ക്ക് വലിയ എതിര്‍പ്പുണ്ട്. വോട്ടിന് വേണ്ടി മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് വിട്ട് നിന്നില്ലെങ്കില്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന താക്കീതാണ് കഴിഞ്ഞദിവസം സമസ്ത തങ്ങളുടെ മുഖപത്രമായ സുപ്രഭാതത്തിലൂടെ നല്‍കിയത്. ഈ മുന്നറിയിപ്പില്‍ ലീഗിനും ഭീതിയുണ്ട്. അപ്പോഴും നെഹ്‌റുകുടുംബത്തില്‍ നിന്ന് ആരെങ്കിലും നിലപാട് പറയട്ടെ, അതുവരെ പ്രതികരിക്കേണ്ടതില്ലെന്ന തീരുമാനമായിരുന്നു മുസ്ലീം ലീഗ് നേതൃത്വത്തിന്. എന്നാല്‍ എ ഐ സി സി ജന. സെക്രട്ടറി പ്രിയങ്കാഗാന്ധി കൂടി ക്ഷേത്രനിര്‍മാണത്തെ അനുകൂലിച്ചതോടെ ഈ പിടിവള്ളിയും നഷ്ടമായി.
അതേസമയം ന്യൂനപക്ഷ പ്രീണനം നടത്തി ബിജെപി പാത പിന്തുടരാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിക്കഴിഞ്ഞെന്ന പ്രചാരണം സി.പി.എം തുടങ്ങിയിട്ടുണ്ട്.
പാണക്കാട് ചേരുന്ന ഇന്നത്തെ യോഗത്തില്‍ കോണ്‍ഗ്രസ് നിലപാടിനോട് എങ്ങനെ സമീപിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച നടക്കും. ഇന്ന് ഭൂമി പൂജ കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ് യോഗത്തെ രാഷ്ട്രീയ നിരീക്ഷകരും ഉറ്റ് നോക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഈ യോഗം നിര്‍ണായകമാകും. ഇപ്പോഴേ ആര്‍എസ്എസ് ബന്ധം ആരോപിക്കുന്ന ചെന്നിത്തലയെ സംബന്ധിച്ച് ഭക്തനാണെങ്കിലും ലീഗിനെ പിണക്കാതെ നോക്കണം. ഇല്ലെങ്കില്‍ അവസാന നിമിഷം വെള്ളം കോരിയത് വെറുതേയാകും. അതേ സമയം ക്ഷേത്രത്തിനെതിരായാല്‍ പഴയ ശബരിമലയെല്ലാം ഭക്തര്‍ ഇങ്ങെടുക്കും.
"
https://www.facebook.com/Malayalivartha