കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചത്..! : ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയെന്ന കേസിൽ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അന്തിമ തീരുമാനം വരുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. തനിക്കെതിരെ തെളിവുകളില്ല. കേസിന് പിന്നിൽ വ്യക്തിവിദ്വേഷമാണ്. കന്യാസ്ത്രീയുടെ സാമ്പത്തിക ഇടപാടുകൾ ചോദ്യം ചെയ്തത് വൈരാഗ്യത്തിന് കാരണമായി. സാക്ഷിമൊഴികളിൽ വൈരുദ്ധ്യമുണ്ട്. ആരോപണങ്ങളിൽ വസ്തുത ഇല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ ഹർജിയിൽ ചൂണ്ടിക്കാട്ടി
അതേസമയം, തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയും സംസ്ഥാന സർക്കാരും തടസ ഹർജി സമർപ്പിച്ചിട്ടുണ്ട്. വിചാരണ വൈകിപ്പിക്കാനാണ് വിടുതൽ ഹർജിയെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രിംകോടതിയെ സമീപിച്ചത്. വിചാരണയ്ക്ക് ആവശ്യമുള്ള തെളിവുകളുണ്ട് തുടങ്ങിയ പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ഹൈക്കോടതി ഹർജി തള്ളിയത്.
https://www.facebook.com/Malayalivartha