റിമാന്‍ഡ് പ്രതികളുടെ മെഡിക്കല്‍ പരിശോധനയുടെ സമ്പൂര്‍ണ ഫലം കിട്ടുന്നതു വരെ അവരെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ആഭ്യന്തര വകുപ്പിന്റെ മാര്‍ഗരേഖ

പൊലീസ് കസ്റ്റഡിയിലുള്ളവരുടെ മെഡിക്കല്‍ പരിശോധനാ ഫലം വരുന്നതു വരെ അറസ്റ്റിലുള്ള മറ്റു പ്രതികളുമായി സമ്പര്‍ക്കം ഇല്ലെന്ന് ഉറപ്പാക്കണം. പരിശോധനയുടെ സമ്പൂര്‍ണ ഫലം കിട്ടുന്നതു വരെ അവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമം വേണമെന്ന് ആഭ്യന്തര വകുപ്പിന്റെ മാര്‍ഗരേഖ. ഒക്ടോബര്‍ 31-ലെ സര്‍ക്കാര്‍ ഉത്തരവില്‍ റിമാന്‍ഡ് പ്രതികളെ സംബന്ധിച്ച് ഇക്കാര്യത്തില്‍ ജയില്‍ അധികൃതരുടെ ശ്രദ്ധ വേണമെന്നും പറയുന്നു.
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോ. കെ. പ്രതിഭ, മുന്‍ ഉത്തരവ് നടപ്പായില്ലെന്നാരോപിച്ച് ചീഫ് സെക്രട്ടറിക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സ്റ്റേറ്റ് അറ്റോര്‍ണി സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കി.
സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്: പ്രതികളെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കുന്നതിനു മുന്‍പ് വൈദ്യപരിശോധനയ്ക്കു വിധേയമാക്കണം. കോടതി റിമാന്‍ഡ് ചെയ്ത ശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിഷ്‌കര്‍ഷിക്കുന്ന മെഡിക്കല്‍ പരിശോധനയ്ക്ക് അപേക്ഷിക്കാം. രക്ത, സ്രവ പരിശോധനയ്ക്കു കഴിവതും വേഗം മെഡിക്കല്‍ ഓഫിസര്‍ക്കു മുന്നില്‍ ഹാജരാക്കണം.
സമ്പൂര്‍ണ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ട് ജയിലില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് വേണമെന്നു ജയില്‍ അധികൃതര്‍ നിര്‍ബന്ധം പിടിക്കരുത്. എച്ച്‌ഐവി/ ഹെപ്പറ്റൈറ്റിസ് ബാധിച്ചതായി സംശയമുള്ളവരെ ജയിലില്‍ പ്രവേശിപ്പിച്ച ശേഷം പൊലീസ് സുരക്ഷയില്‍ കൗണ്‍സലിങ്ങിന് എത്തിക്കാം. രക്ത, സ്രവ പരിശോധനാ ഫലം 24 മണിക്കൂറിനകം ലഭ്യമാക്കണം.
ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കണം.
https://www.facebook.com/Malayalivartha