തീയും പുകയും... പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടുത്തത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഇല്ലെന്ന് ഫൊറന്‍സിക് വിഭാഗം; സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം എന്‍ഐഎ സംഘം അന്വേഷിച്ചേക്കും; എ.സി. മുറിയില്‍ ആരെങ്കിലും ഫാന്‍ പ്രവര്‍ത്തിപ്പിക്കുമോ എന്ന ചോദ്യം ശക്തം

സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഎ സംഘം അന്വേഷിച്ചേക്കും. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടുത്തത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഇല്ലെന്ന് ഫൊറന്‍സിക് വിഭാഗം കണ്ടെത്തിയതോടെയാണ് സുപ്രധാന ഫയലുകള്‍ നഷ്ടമായെന്ന നിഗമനത്തില്‍ എന്‍ ഐ എ എത്തിച്ചേര്‍ന്നത്.
എന്നാല്‍ പ്രോട്ടോക്കോള്‍ മുറിയില്‍ നടന്ന തീപിടുത്തത്തില്‍ അട്ടിമറി സാധ്യത പൂര്‍ണ്ണമായും തള്ളിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അന്വേഷണ ഏജന്‍സി തള്ളും.
സെക്രട്ടേറിയറ്റിലെ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് വരുത്തി തീര്‍ക്കണമെന്ന് ഫൊറന്‍സിക് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയ ഐ.ജിയുടെ നീക്കങ്ങള്‍ എന്‍ ഐ എ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. ഫൊറന്‍സിക് വിഭാഗം തലവനെ അവധിയെടുപ്പിക്കാനും ഐ. ജി ശ്രമിച്ചിരുന്നു. ഭാഗികമായി കത്തിയ ഫയലുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ട്രഷറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഫയലുകള്‍ ബന്തവസിലാക്കുന്നതിന് മുമ്പ് സര്‍ക്കാരിന് തട്ടുകേടുണ്ടാകാന്‍ സാധ്യതയുള്ള ഫയലുകള്‍ നീക്കിയതായാണ് കരുതുന്നത്. ട്രഷറി ഒരിക്കലും സുരക്ഷിതമല്ല. ട്രഷറിയില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പണം അടിച്ചുമാറ്റിയിട്ട് പോലും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.
സര്‍ക്കാര്‍ പക്ഷത്തുള്ള നിരവധി ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ കൗശികനും , മരാമത്ത്, ഫയര്‍ഫോഴ്‌സ്,ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ കാര്യമാണ് സൂചിപ്പിച്ചത്. റിപ്പോര്‍ട്ടുകളില്‍ ഏകീകൃത സ്വഭാവം വേണമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ കണ്ടത് മാത്രമേ എഴുതാന്‍ കഴിയുകയുള്ളു എന്ന പിടിവാശിയാണ് ഫൊറന്‍സിക് വിഭാഗം സ്വീകരിച്ചത്.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടമായതായാണ് പ്രാഥമിക കണക്കുകൂട്ടല്‍. എന്നാല്‍ യാതൊരു ഫയലും നഷ്ടമായില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. അപ്പോഴും പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ മാത്രം തീ കത്തിയതെങ്ങനെയാണെന്നാണ് എന്‍ ഐ എ സംശയിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നു തന്നെയാണ് സര്‍ക്കാര്‍ വാദം. മദ്യത്തിന്റെ അംശമുള്ള രണ്ട് മദ്യക്കുപ്പികള്‍ ഫൊറന്‍സിക് വിഭാഗം കണ്ടെത്തിയിരുന്നു. മദ്യക്കുപ്പികള്‍ കണ്ടെത്തിയത് ദുരൂഹമാണ്. അത് സെക്രട്ടേറിയറ്റ് കത്തിച്ചവര്‍ കുടിച്ചതാണോ എന്ന് സംശയമുണ്ട്.
സെക്രട്ടേറിയറ്റിലെ തീപ്പിടുത്തത്തെ കുറിച്ച് അത്യന്തം ആശങ്കാജനകമായ കണ്ടെത്തലുകളാണ് ഫൊറന്‍സിക് വിഭാഗം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രം റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഫൊറന്‍സിക് അതിന് തയ്യാറായില്ല.
തീപിടുത്തത്തെ കുറിച്ചുള്ള അന്വേഷണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടാത്തതു കാരണം അന്വേഷണ റിപ്പോര്‍ട്ട് വൈകി.
തീപിടുത്തത്തിനു പിന്നില്‍ അസ്വാഭാവികതകള്‍ ഒന്നും ഇല്ലെന്ന് ഫയര്‍ ഫോഴ്‌സും, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ രണ്ട് സംഘങ്ങളെ സംഭവം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസും,ഡോക്ടര്‍ എ കൗശിഗന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘവുമാണ് അന്വേഷണം നടത്തിയത്. രണ്ടും സര്‍ക്കാരിന്റെ വിശ്വസ്തരാണ് .
പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി തന്നെയാണ്, ഫയലുകള്‍ കത്തിച്ചതാണെന്ന ആരോപണം ആദ്യം പുറത്തുവിട്ടത്. പൊതുഭരണ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന കള്ളക്കടത്തില്‍ ആരോപണവിധേയനായ ഷൈന്‍ എ ഹക്കും അസീഷണല്‍ സെക്രട്ടറി പി. ഹണിയും തമ്മിലുള്ള സി പി എം ഗ്രൂപ്പാണ് ആരോപണത്തിന് ഇടയാക്കിയതെന്ന് വ്യക്തമായിരുന്നു. പിന്നീട് മുഖ്യന്ത്രിയുടെ ഓഫീസുമായി അടുപ്പമുണ്ടായിരുന്ന പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥനെ സെക്രട്ടേറിയറ്റ് അസോസിയേഷനില്‍ നിന്നും പുറത്താക്കി. കേസ് എന്‍ ഐ എ അന്വേഷിച്ചാല്‍ ഇവരെല്ലാം അന്വേഷണ സംഘത്തിന് മുന്നിലെത്തും.
കള്ളക്കടത്ത് സംഘത്തിന് എന്‍ . ഒ. സി. ഒപ്പിട്ട് നല്‍കിയത് പ്രോട്ടോക്കോള്‍ ഓഫീസറാണെന്നാണ് എന്‍ ഐ എ കരുതുന്നത്. ഇക്കാര്യം സെക്രട്ടേറിയറ്റിലെ സി പി എം സംഘടനകള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രോട്ടോക്കോളിന് മുഖ്യന്ത്രിയുടെ ഓഫീസിലുള്ള ബന്ധം കാരണം അദ്ദേഹത്തെ തൊടാന്‍ കഴിഞ്ഞിട്ടില്ല. ആരോപണം ഉയര്‍ന്നിട്ടും ഷൈന്‍ എ ഹക്കിനെ തത്സ്ഥാനത്ത് നിന്ന് നീക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതും സംഘടനക്കുള്ളില്‍ ഇത് അമര്‍ഷത്തിന് കാരണമായിട്ടുള്ളതായി ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു..
പ്രോട്ടോക്കോള്‍ വിഭാഗം കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനം നിലവിലുള്ള ഹാളാണ്. ഇവിടെത്തെ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം തന്നെ പുതിയവയുമാണ്. എ.സി. മുറിയില്‍ ആരും ഫാന്‍ പ്രവര്‍ത്തിപ്പിക്കാറില്ല. സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയാം. എന്നാല്‍ അന്വേഷണ സംഘം ആരെയും ചോദ്യം ചെയ്തിട്ടില്ല. ഇവരെ എന്‍ ഐ എ പിടിക്കും.
ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമമാണ് വിജയിക്കാതെ പോയത്. അട്ടിമറി ശ്രമത്തിന് ഫൊറന്‍സിക് വിഭാഗം തയ്യാറായില്ല.
"
https://www.facebook.com/Malayalivartha