തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...

യുവാവിനെ കെട്ടിടത്തിനു മുകളിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുക്കുറിച്ചി തെരുവിൽ തൈവിളാകത്ത് വീട്ടിൽ സജീറി(42)നെയാണ് തീരദേശപാതയിൽ കഠിനംകുളം പുതുക്കുറിച്ചിയിലെ പെട്രോൾ പമ്പിനു സമീപത്തെ ബേക്കറി കെട്ടിടത്തിന്റെ മുകളിൽ ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചനിലയിൽ കണ്ടത്. പ്രദേശവാസിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ രണ്ടു കുടുംബങ്ങൾ വാടകയ്ക്കു താമസിക്കുന്നുണ്ട്. ഇതിലൊരാളായ തങ്കച്ചൻ തുണിവിരിക്കാൻ മുകളിൽപ്പോയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് മറ്റൊരു താമസക്കാരനായ ഷാജിയെ വിവരമറിയിക്കുകയും ഇദ്ദേഹമെത്തി മൃതദേഹം തിരിച്ചറിയുകയുമായിരുന്നു.
ഷാജിയുടെ സുഹൃത്താണ് മരിച്ച സജീർ. സ്ഥലത്തെത്തിയ കഠിനംകുളം പോലീസ് തുടർനടപടികൾ സ്വീകരിച്ചു. െഫാറൻസിക് സംഘവും പരിശോധന നടത്തി. കെട്ടിടത്തിലെ താമസക്കാരനായ ഷാജിയും സജീറുമടക്കമുള്ള സംഘം കഴിഞ്ഞദിവസം ഒന്നിച്ചിരുന്ന് മദ്യപിച്ചതായി സൂചനയുണ്ടെന്ന് കഠിനംകുളം പോലീസ് പറഞ്ഞു. ഇതിനുശേഷം ഇയാൾ ഇവിടംവിട്ടു പോയിട്ടില്ലെന്നാണ് കരുതുന്നത്. സംശയമുള്ള ചിലരെ കരുതൽതടങ്കലിലെടുത്തിട്ടുണ്ട്. സജീറിന്റെ ശരീരത്തിൽ മുറിവുകളേറ്റ പാടുകളൊന്നുമില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായ സജീർ വർഷങ്ങളായി ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്.
രണ്ടാമത്തെ നിലയിൽ താമസിക്കുന്നയാൾ തുണി വിരിക്കാൻ ടെറസിലെത്തിയപ്പോഴാണ് സജീറിനെ തറയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് കഠിനംകുളം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അതേസമയം ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ബന്ധുക്കൾക്ക് പരാതിയുള്ളതിനാൽ സയന്റിഫിക് വിരലടയാള വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തും. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
https://www.facebook.com/Malayalivartha