ഒരാഴ്ച മുന്‍പ് ദുബായില്‍ നിന്ന് കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ഇന്റര്‍നാഷനല്‍ സിറ്റിയിലെ പേര്‍ഷ്യ ക്ലസ്റ്ററില്‍ നിന്ന് കാണാതായ കണ്ണൂര്‍ ചേനോത്ത് തുരുത്തുമ്മല്‍ ആഷിഖി(31)നെ കണ്ടെത്തി. ദുബായില്‍ ജോലി അന്വേഷിച്ചെത്തി കഴിഞ്ഞ മാസം 31 മുതല്‍ കാണാതായ ഇദ്ദേഹത്തിന് വേണ്ടി ദുബായ് പൊലീസും ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിവരികയായിരുന്നു.
വിഷാദരോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ആഷിഖ് ആരോടും ഒന്നും പറയാതെപോയതെന്ന് കൂടെ താമസിക്കുന്നയാള്‍ പറഞ്ഞു.വൈകിട്ട് സുഹൃത്ത് റമീസിനോടൊപ്പം നടക്കാനിറങ്ങിയ ആഷിഖിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു.താന്‍ ഹത്ത-ഒമാന്‍ റോഡിലൂടെ മണിക്കൂറുകളോളം നടന്നതായും തുടര്‍ന്ന് റാസല്‍ഖൈമയിലേയ്ക്ക് പോവുകയായിരുന്ന ഒരു പാക്കിസ്ഥാനിയുടെ വാഹനത്തില്‍ യാത്ര ചെയ്തതായും ആഷിഖ് പറഞ്ഞുവെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
എന്നാല്‍, കാര്‍ റാസല്‍ഖൈമയിലെത്തുന്നതിന് മുന്‍പ് അതില്‍ നിന്നിറങ്ങി തിരിച്ച് ദുബായിലേയ്ക്ക് നടത്തമാരംഭിച്ചു. വഴിമധ്യേ അഫ്ഗാനിസ്ഥാന്‍ സ്വദേശിയുടെ ട്രക്കില്‍ ഷാര്‍ജയിലെത്തിയ യുവാവ് അദ്ദേഹത്തിന്റെ കൂടെയാണ് ഇത്രയും ദിവസം താമസിച്ചത്.
അബുദാബിയില്‍ രണ്ടുവര്‍ഷം മുമ്പ് ജോലി ചെയ്തിരുന്ന ആഷിഖ് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നാട്ടില്‍ പോയ ശേഷം മറ്റൊരു ജോലി കണ്ടെത്തുന്നതിനായി സന്ദര്‍ശക വീസയില്‍ തിരികെയെത്തിയതായിരുന്നു. ഒക്ടോബര്‍ 17-ന് കേരളത്തില്‍ നിന്നെത്തിയ ആഷിഖ് അനാവശ്യമായി മുറിയില്‍ നിന്ന് പുറത്തിറങ്ങാറില്ലായിരുന്നു. ക്വാറന്റീന്‍ കഴിഞ്ഞ് അബുദാബിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാന്റെ ജോലിയില്‍ കയറാനായിരുന്നു ഉദ്ദേശ്യം.
വൈകിട്ട് സുഹൃത്ത് റമീസിനോടൊപ്പം നടക്കാനിറങ്ങിയ ആഷിഖിനെ പെട്ടെന്ന് കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസിലും ഇന്ത്യന്‍ കോണ്‍സുലറ്റിലും വിവരമറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha