പടക്കത്തിന് തീ കൊളുത്തുമ്പോള്‍... ദീപാവലിക്ക് പടക്കം പൊട്ടിച്ച് കേരളം ആഘോഷിക്കുമ്പോള്‍ ഏറെ വേദനയോടെ ഒരു പിതാവ്; മക്കളെ വലിയ നിലയില്‍ എത്തിക്കാണാന്‍ ആഗ്രഹിക്കുന്ന പിതാവ്; മക്കള്‍ അച്ഛനെക്കാള്‍ വലിയ ലോകത്ത് സഞ്ചരിച്ചപ്പോള്‍ ആ അച്ഛന്‍ പോലും ഞെട്ടിപ്പോയി; രണ്ട് മക്കള്‍ കാരണം ഒരു അതികായന്‍ ലീവില്‍ പോയപ്പോള്‍

കഴിഞ്ഞ ജന്മത്തിലെ ശത്രുക്കള്‍ ഈ ജന്മത്തില്‍ മക്കളായി ജനിക്കുമെന്ന് പറഞ്ഞവനെ കൈയ്യില്‍ കിട്ടിയെങ്കില്‍ എന്ന് സഖാക്കളാകെ ചോദിച്ച് പോകുന്ന നിമിഷമാണ് കടന്ന് പോകുന്നത്. അല്ലെങ്കില്‍ നോക്കണേ സംസ്ഥാനത്തെ കൊടിവച്ച പാര്‍ട്ടിയുടെ ചോദ്യമില്ലാത്ത നേതാവിന്റെ അവസ്ഥ. അപ്രതീക്ഷിതമായി കോടിയേരി ബാലകൃഷ്ണന്‍ ലീവിലാണ്. കാരണം തേടിപ്പോകുമ്പോള്‍ ഉത്തരം സിമ്പിള്‍.
കോടിയേരി ബാലകൃഷ്ണനെതിരേ രാഷ്ട്രീയമായും വ്യക്തിപരമായും കാര്യമായ ആരോപണങ്ങള്‍ ഒന്നും ഉയര്‍ന്നിരുന്നില്ല ഇതുവരെ. പക്ഷേ രണ്ട് ആണ്‍മക്കളും സൃഷ്ടിച്ച ക്രിമിനല്‍ കേസുകളും സാമ്പത്തിക ഇടപാടുകളും അപവാദങ്ങളും കുറച്ചൊന്നുമല്ല മുന്‍ ആഭ്യന്തരമന്ത്രിയും സി.പി.എമ്മിലെ ഏറ്റവും കരുത്തനായ നേതാവുമായ കോടിയേരി ബാലകൃഷ്ണനെ വലച്ചത്.
രണ്ടു മക്കളും അച്ഛന്റെ പതനത്തില്‍ ഒരുപോലെ പങ്കുവഹിച്ചിട്ടുണ്ട്. പലപ്പോഴും മക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലെല്ലാം അത് പാര്‍ട്ടിയേയോ തന്നെയോ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന നിലയില്‍ ഒഴിയുകയായിരുന്ന പതിവ്.
കോടിയേരി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം 2018ല്‍ മൂത്ത മകന്‍ ബിനോയിക്കെതിരേ ദുബായില്‍ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പാസ്‌പോര്‍ട്ട് പിടിച്ചുവച്ചതോടെ ബിനോയി ദുബായില്‍ കുടങ്ങി. കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കിയാണ് അന്നു പ്രശ്‌നം പരിഹരിച്ചത്. അന്നും കോടിയേരി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രശ്‌നം വേഗം പരിഹരിക്കപ്പെട്ടതോടെ തലയൂരാനായി.
2019ല്‍ ബിനോയിക്കെതിരേ പീഡനപരാതിയുമായി ബിഹാര്‍ സ്വദേശിനി രംഗത്തെത്തിയിരുന്നു. ബിനോയിയുമായുള്ള ബന്ധത്തില്‍ ഒരു മകനുണ്ടെന്നും ബിനോയി ചെലവിന് നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി മുംബൈ പോലീസിന് പരാതി നല്‍കിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും യുവതി പുറത്തുവിട്ടു. ലൈംഗിക ആരോപണ പരാതി കുറച്ചൊന്നുമല്ല കോടിയേരി ബാലകൃഷ്ണനെ കുഴക്കിയത്. അന്നും പക്ഷേ പാര്‍ട്ടിയും ഭാഗ്യവും കോടിയേരിക്കൊപ്പം നിന്നു. കേസ് നിയമയുദ്ധത്തിലേക്ക് നീണ്ടതോടെ കോടതി തീരുമാനിക്കെട്ടെ എന്ന സാങ്കേതികത കോടിയേരിക്ക് തുണയായി.
നിരവധി ആരോപണങ്ങള്‍ ഇളയമകനായ ബിനീഷിനെതിരേ ഉയര്‍ന്നിട്ടുണ്ട്. അവയൊക്കെ പാര്‍ട്ടി നേതാവ് എന്ന നിലയില്‍ കോടിയേരിയെ വലയ്ക്കുകയും ചെയ്തു. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകേസില്‍ ബിനീഷ് അറസ്റ്റിലായതോടെ അതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധി സി.പി.എം. സംസ്ഥാന സെക്രട്ടറിക്കു മുന്നില്‍ ഉയര്‍ന്നു.
മകന്‍ ചെയ്ത തെറ്റിന് അച്ഛനെന്ത് പിഴച്ചുവെന്നും ബിനീഷ് ഒരു വ്യക്തിയാണെന്നും ആ വ്യക്തിയുടെ തീരുമാനങ്ങള്‍ക്ക് കോടിയേരിക്ക് പങ്കില്ലെന്നും പാര്‍ട്ടി അവസാന നിമിഷവും നിലപാട് എടുത്തെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ അനിവാര്യമായ സ്ഥാനമൊഴിയല്‍ തെരഞ്ഞെടുക്കുകയായിരുന്നു.
ബിനീഷ് വിഷയത്തില്‍ സി.പി.എമ്മിനുള്ളില്‍ തന്നെ ഉയര്‍ന്ന ആശങ്കകള്‍ പരിഹരിക്കാനും തെരഞ്ഞെടുപ്പുവേളയില്‍ പ്രതിപക്ഷത്തിന്റെ കടന്നാക്രമണത്തെ തടയിടുന്നതിനുമായാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നു കോടിയേരി ബാലകൃഷ്ണന്‍ അപ്രതീക്ഷിതമായി മാറിയത്. അതേസമയം ഈ തീരുമാനം മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ശക്തമാക്കാന്‍ പ്രതിപക്ഷത്തിനു കരുത്തുനല്‍കില്ലേ എന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ചോദിക്കുന്നു. ആ വാദം നിലനില്‍ക്കേയാണ് കോടിയേരി താത്ക്കാലികമായി പടിയിറങ്ങുന്നത്. ഇപ്പോള്‍ മൂത്ത മകന്റെ കേസും പൊങ്ങുമെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ കുശാല്‍ തന്നെ. രണ്ട് മക്കളും കൂടി അച്ഛനെ വെള്ളം കുടിപ്പിക്കുമ്പോള്‍ സഖാക്കളുടെ ചങ്ക് പിടയുകയാണ്.
"
https://www.facebook.com/Malayalivartha