ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുല്‍ റഷീദ് ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുല്‍ റഷീദ് (ഹീര ബാബു) അറസ്റ്റില്‍. കവടിയാറിലുള്ള എസ്ബിഐ ശാഖയില്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ ഉള്‍പ്പെടെയുള്ളവരുടെ ഫ്‌ലാറ്റ് അവര്‍ അറിയാതെ 65 ലക്ഷം രൂപയ്ക്ക് പണയംവച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
കവടിയാറിലെ വീട്ടില്‍നിന്നാണ് വ്യാഴാഴ്ച രാത്രി ബാബുവിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആദ്യം പേരൂര്‍ക്കട ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തശേഷം ബാബുവിനെ വീണ്ടും മെഡിക്കല്‍ കോളജിലേക്കു മാറ്റി.
കഴിഞ്ഞ വര്‍ഷമാണ് ഹീര ബ്ലൂ ബെല്ലിലെ ഫ്‌ലാറ്റുകള്‍ ഉടമകള്‍ക്ക് കൈമാറിയത്. ഫ്‌ലാറ്റിന്റെ തുക പൂര്‍ണമായി നല്‍കിയെങ്കിലും പോക്കുവരവ് ചെയ്തുകൊടുത്തില്ല. അതിനു പകരം ഈ ഫ്‌ലാറ്റുകള്‍ പണയംവച്ച് വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്തു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഫ്‌ലാറ്റ് ഉടമകള്‍ക്ക് റവന്യു റിക്കവറി നോട്ടിസ് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്നാണ് ഉടമകള്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്.
അന്വേഷണത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടതോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതേ രീതിയില്‍ ശാസ്തമംഗലത്തെ ഹീര സ്വിസ് ടൗണ്‍ ഫ്‌ലാറ്റുകള്‍ പണയം വച്ച് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ 20 കോടിയോളം രൂപ വായ്പയെടുത്തിരുന്നു. 2014 മുതല്‍ അടവ് മുടക്കിയതോടെ ഉടമകളില്‍ പലര്‍ക്കും ജപ്തി നോട്ടിസ് ലഭിച്ചിട്ടുണ്ട്.
ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഗോവ ആസ്ഥാനമായ കമ്പനി പാപ്പരായതിനെത്തുടര്‍ന്ന് മുംബൈയിലെ നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ നിയമനടപടികള്‍ തുടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha