ചേര്‍ത്തലയിലെ വ്യാപാര സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയ ഇറാന്‍കാരെ ഐബി ചോദ്യം ചെയ്തു, റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്ങും വിവരങ്ങള്‍ ശേഖരിക്കുന്നു

വിദേശ കറന്‍സി മാറാനെന്ന വ്യാജേന ചേര്‍ത്തല, വാരനാട്ടെ വ്യാപാര സ്ഥാപനത്തിലെത്തി 34,000 രൂപ തട്ടിയ ഇറാന്‍ സ്വദേശികളെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പൊലീസില്‍നിന്നു വിവരങ്ങള്‍ തേടിയിട്ടുണ്ട്. റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്ങും (റോ) വിവരങ്ങള്‍ ശേഖരിക്കുന്നതായി അറിയുന്നു. ഇവര്‍ രാജ്യം മുഴുവന്‍ നടത്തിയ യാത്രകളുടെയും മറ്റും വിവരങ്ങള്‍ ഐബി ശേഖരിച്ചു.
ചേര്‍ത്തല വാരനാട് ചെറുപുഷ്പം മെറ്റല്‍ ഏജന്‍സീസില്‍ 10-ന് വൈകിട്ട് അഞ്ചരയോടെയാണ് ഇറാന്‍ സ്വദേശികളായ മജീദ് സാഹെബിയാസിസ് (32), അയ്‌നുല്ല ഷറാഫി (30), ദാവൂദ് അബ്സലന്‍ (23), മുഹ്‌സിന്‍ സെതാരെ (35) എന്നിവര്‍ അവസാനം തട്ടിപ്പു നടത്തിയത്. പൊലീസിന്റെ തിരച്ചിലില്‍ ഇവര്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് പിടിയിലായി. സംഘത്തില്‍ 24 പേരുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികളെ ചേര്‍ത്തലയില്‍ നിന്ന് മാവേലിക്കര സ്‌പെഷല്‍ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു ഐബിയുടെ ചോദ്യംചെയ്യല്‍.
സംസ്ഥാനത്ത് ഒട്ടേറെ സ്ഥലങ്ങളില്‍ സംഘം സമാന രീതിയില്‍ തട്ടിപ്പ് നടത്തിയെന്നു വ്യക്തമായി. ഇവരെ പിടികൂടിയതോടെ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍നിന്നു ചേര്‍ത്തല സ്റ്റേഷനിലേക്കു വിളിയെത്തി. കണ്ണൂര്‍ മയ്യില്‍, തിരുവല്ല, പുത്തന്‍കുരിശ്, പെരുമ്പാവൂര്‍, തൃശൂര്‍, അങ്കമാലി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണു ചേര്‍ത്തല സിഐ പി.ശ്രീകുമാറിനെ ഇന്നലെ വിളിച്ചത്. മയ്യിലെ പഴക്കുല വ്യാപാരിയില്‍ നിന്ന് 75,000 രൂപ, മറ്റു സ്ഥലങ്ങളില്‍നിന്നു 16,000, 32,000, 34,000 എന്നിങ്ങനെ നഷ്ടപ്പെട്ടതായാണ് വിവരം.
ചേര്‍ത്തല ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി വ്യാഴാഴ്ച രാത്രി റിമാന്‍ഡ് ചെയ്ത പ്രതികള്‍ ഇപ്പോള്‍ മാവേലിക്കര സ്‌പെഷല്‍ സബ് ജയിലിലാണ്. ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. 34,000 രൂപ തട്ടിയെടുത്ത് മുങ്ങിയ ഇറാന്‍ സ്വദേശികള്‍ വെറും 3 മിനിറ്റ് മാത്രമാണ് വാരനാട്ടെ കടയില്‍ തങ്ങിയത്്. 1.92 കോടി ഇറാന്‍ റിയാലിനു തുല്യമായ മൂല്യമുണ്ട് 34,000 രൂപയ്ക്ക്. ചുരുങ്ങിയ സമയം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ തിരിച്ചു നടത്തിയ തട്ടിപ്പ് പൊലീസിനെയും അതിശയിപ്പിക്കുന്നു.
ഇറാനിലെ ടെഹ്‌റാനില്‍ നിന്നും ലോക്ഡൗണിനു മുന്‍പ് ഡല്‍ഹിയിലെത്തിയ പ്രതികള്‍ 72,000 രൂപയ്ക്കാണ് മഹാരാഷ്ട്ര റജിസ്‌ട്രേഷനുള്ള സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയത്. വീസ കാലാവധി തീരുന്നതു വരെ തട്ടിപ്പ് നടത്തി മടങ്ങാനായിരുന്നു പദ്ധതി.
മാവേലിക്കര സ്‌പെഷല്‍ സബ് ജയിലില്‍ ഇവരെ ഒരേ സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ ക്വാറന്റീനിലായതിനാലാണിത്. 14 ദിവസത്തിനു ശേഷം ഇവര്‍ക്കു കോവിഡ് പരിശോധന നടത്തും. ഫലം നെഗറ്റീവാണെങ്കില്‍ നാലുപേരെയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും. മറ്റു തടവുകാര്‍ക്കൊപ്പം പാര്‍പ്പിച്ചാല്‍ ഭാഷ സംബന്ധിച്ചും മറ്റും പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നതിനാലാണ് ഇവരെ മാത്രം ഒന്നിച്ചു താമസിപ്പിച്ചത്. ഇവരെ ജയില്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
മാസങ്ങളായി ഇന്ത്യയിലായതിനാല്‍ ഇവിടത്തെ പല ഭക്ഷണവും ഇവര്‍ക്ക് ഇഷ്ടമാണെന്നു പൊലീസ് പറഞ്ഞു. പൊറോട്ടയും ഊണും മറ്റുമാണു ചേര്‍ത്തല സ്റ്റേഷനില്‍ വച്ചു നല്‍കിയത്. ഒരാള്‍ സിഗരറ്റ് ആവശ്യപ്പെട്ടു. ജയിലില്‍ ചപ്പാത്തിയാണ് ഇവര്‍ക്കു നല്‍കുന്നത്. ഒപ്പം മീന്‍, ഇറച്ചി, പച്ചക്കറികള്‍ തുടങ്ങിയവ ജയിലിലെ രീതിയനുസരിച്ചു നല്‍കുന്നു.
ഇവരെ ചോദ്യം ചെയ്യുന്നത് പൊലീസിനു തലവേദനയായി. പേര്‍ഷ്യന്‍ ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. ഒരാള്‍ക്ക് ഇംഗ്ലിഷും ഒരാള്‍ക്ക് ഹിന്ദിയും അറിയാം. അവരിലൂടെയാണു പൊലീസ് വിവരങ്ങള്‍ ശേഖരിച്ചത്. പക്ഷേ വ്യക്തതയില്ലാതെയാണു കാര്യങ്ങള്‍ പറയുന്നത്. ഇവരെ കസ്റ്റഡിയില്‍ കിട്ടിയാല്‍ ചോദ്യം ചെയ്യുന്നതിന് ഭാഷാവിദഗ്ധരുടെ സഹായം തേടാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha