അവശനിലയില്‍ കണ്ടെത്തിയ ജാര്‍ഖണ്ഡ് സ്വദേശി ആശുപത്രിയില്‍ മരിച്ച സംഭവം കൊലപാതകം; 2 പേര്‍ അറസ്റ്റില്‍

ഗുരുതരമായി പരുക്കേറ്റ നിലയില്‍ അവശനായി ചെറുതോണി തടിയമ്പാട്ടു നിന്ന് കണ്ടെത്തിയ ജാര്‍ഖണ്ഡ് സ്വദേശി സുനിറാം (28) ആശുപത്രിയില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. ജാര്‍ഖണ്ഡ് സ്വദേശികളായ സോനാലാല്‍ ടുഡു(19), ദോത്തു മറാന്‍ണ്ടി(20) എന്നിവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
ജാര്‍ഖണ്ഡില്‍ നിന്ന് സ്ത്രീകളും പുരുഷന്മാരുമടക്കം 48 പേരെ, കട്ടപ്പനയിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനായി കഴിഞ്ഞ 5-ാം തീയതി ടൂറിസ്റ്റ് ബസില്‍ കൊണ്ടുവരുമ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. ജാര്‍ഖണ്ഡില്‍ നിന്ന് യാത്ര ആരംഭിച്ചതു മുതല്‍ ബസിലെ മറ്റു യാത്രക്കാരുമായി സുനിറാം നിരന്തരം വഴക്കിട്ടു. ശല്യം അസഹ്യമായപ്പോള്‍ മറ്റുള്ളവര്‍ സുനിറാമിനെ വാഹനത്തില്‍ കെട്ടിയിട്ടു. പിന്നീട് സുനിറാമിന്റെ അപേക്ഷപ്രകാരം കെട്ടഴിച്ചു വിടുകയായിരുന്നു. തുടര്‍ന്നും സുനിറാം വഴക്കിട്ടതോടെ ബസ് തടിയമ്പാട്ട് എത്തിയപ്പോള്‍ പ്രതികളായ രണ്ടുപേരും ചേര്‍ന്ന് സുനിറാമിനെ പൊക്കിയെടുത്ത് റോഡിലേക്ക് എറിയുകയായിരുന്നു. പുലര്‍ച്ചെ ആയതിനാല്‍ വാഹനത്തിലുള്ളവര്‍ വിവരം അറിഞ്ഞില്ല.
ബസ് കട്ടപ്പനയില്‍ എത്തിയപ്പോള്‍ ഏജന്റ് തൊഴിലാളികളെ എണ്ണിയപ്പോഴാണ് ഒരാളുടെ കുറവ് കണ്ടെത്തിയത്. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തടിയമ്പാട്ടു നിന്ന് സുനിറാമിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന സുനിറാമിനെ പൊലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേന്ന് മരിച്ചു.
മരണത്തില്‍ സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ആര്‍.കറുപ്പസ്വാമിയുടെ നിര്‍ദേശാനുസരണം ഇടുക്കി എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എസ്‌ഐമാരായ അജയകുമാര്‍, ജേക്കബ് മാണി, എഎസ്‌ഐ ജോര്‍ജ്കുട്ടി, റഷീദ്, സിപിഒമാരായ ജോഷ്വാ, ബിനോയി, റെജി, ജിനു, അനുമോള്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha