നേതാക്കളെത്തന്നെ കളത്തിലിറക്കി ബി.ജെ.പിയുടെ കളി! ഭരണംപിടിക്കാൻ തിരുവനന്തപുരം മോഡൽ പുറത്തിറക്കി... നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് പോരിന്റെ ചൂരുംചൂടും അറിഞ്ഞ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെ കോർപറേഷൻ പൂജപ്പുര വാർഡിലും സംസ്ഥാന സെക്രട്ടറിയും മുൻജില്ലാപ്രസിഡന്റുമായ എസ്. സുരേഷിനെ ജില്ലാ പഞ്ചായത്ത് വെങ്ങാനൂർ ഡിവിഷനിലും മത്സരത്തിനിറക്കി ഭരണംപിടിക്കാൻ നീക്കം...

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പട്ടിക സമർപ്പണം തുടങ്ങിയിട്ടും ബി.ജെ.പിക്കുള്ളിലെ കൂട്ടയടി പുറത്ത് വരുമ്പോഴും കോർപറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഭരണം ലക്ഷ്യമിടുന്ന ബി.ജെ.പി. തിരുവനന്തപുരത്ത് സംസ്ഥാന നേതാക്കളെത്തന്നെ കളത്തിലിറക്കുകയാണ്. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെ കോർപറേഷൻ പൂജപ്പുര വാർഡിലും സംസ്ഥാന സെക്രട്ടറിയും മുൻജില്ലാപ്രസിഡന്റുമായ എസ്. സുരേഷിനെ ജില്ലാ പഞ്ചായത്ത് വെങ്ങാനൂർ ഡിവിഷനിലും മത്സരത്തിനിറക്കാനാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് പോരിന്റെ ചൂരുംചൂടും അറിഞ്ഞവരാണ് ഇരുവരും. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ സിറ്റിങ് വാർഡും ഡിവിഷനും നിലനിർത്തുന്നതിനൊപ്പം തലസ്ഥാനത്ത് എതിരാളികൾക്ക് തങ്ങളുടെ കരുത്ത് കാട്ടിക്കൊടുക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്.
തലസ്ഥാന ജില്ലയിൽ പാർട്ടിയെ നയിക്കേണ്ടയാളെത്തന്നെ സ്ഥാനാർഥിയാക്കിയാലും സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുമെന്നാണ് രാജേഷിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞത്. കോർപറേഷനിൽ കണ്ണുവെക്കുന്ന ബി.ജെ.പി. സംസ്ഥാനനേതാക്കളെ തിരുവനന്തപുരത്ത് തമ്പടിപ്പിച്ച് വോട്ടുപിടിക്കാൻ നേരത്തേതന്നെ തീരുമാനിച്ചിട്ടുണ്ട്. മത്സരിക്കുന്ന നേതാക്കളുടെ ജനപ്രീതിയിലാണ് നേതൃത്വത്തിന്റെ വിശ്വാസം. എന്നാൽ, മേയർപദവിയോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമോ ഇരുനേതാക്കൾക്കും മോഹിക്കാനാവില്ല. കാരണം രണ്ടു സ്ഥാനങ്ങൾക്കും സംവരണമുണ്ട്. കൗൺസിലർമാരുടെ എണ്ണത്തിൽ ബി.ജെ.പി.ക്ക് ഭരണത്തിലുള്ള ഇടതുമുന്നണിയുമായി ചെറിയ ദൂരം മാത്രമുള്ള കോർപറേഷനിൽ ഭരണം പിടിച്ചെടുക്കുകയെന്നതാണ് ഇപ്പോൾ പരീക്ഷിക്കുന്ന തിരുവനന്തപുരം മോഡലിന്റെ ലക്ഷ്യം.
അതേസമയം സ്ഥാനാർഥി നിർണയം തുടങ്ങിയിട്ടും ശ്രീകാര്യം വാർഡിൽ ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവിനെ പരിഗണിക്കാത്തതിൽ കൂട്ട രാജിവെച്ച് പ്രവർത്തകർ പ്രതിഷേധിച്ചത് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 70 തോളം പേർ രാജിവെച്ച് പുറത്ത് പോയതായുള്ള കത്തും പുറത്ത് വന്നു. എന്നാൽ രാജിവെച്ചവരാരും ബി.ജി.പിക്കാരല്ലെന്ന് പറഞ്ഞാണ് നേതൃത്വത്തിന്റെ മുഖം രക്ഷിക്കൽ ന്യായം പുറത്ത് വന്നത്. കോവിഡ് മഹാമാരിയുടെ കാലത്തെ ആദ്യ തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളും പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനിടയിലാണ് ബി.ജെ.പിക്കുള്ളിൽ പോര് രൂക്ഷമാക്കുന്നത്. തിരുവനന്തപുരത്ത് മാത്രം നിരവധി പേരാണ് പാർട്ടിയുടെ അവഗണനയിൽ പ്രതിഷേധിച്ച് രാജിക്കായി ഒരുങ്ങുന്നത്. ജില്ലാ കമ്മിറ്റി അംഗവും മഹിളാമോര്‍ച്ച മണ്ഡലം സെക്രട്ടറിയുമൊക്കെ പാര്‍ട്ടി വിട്ടതിന് പിന്നാലെ നഗരസഭയിലെ ശ്രീകാര്യം വാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെയ്ക്കാൻ ഒരുങ്ങുകയാണ്.
അവഗണനയ്‌ക്കെതിരായ പ്രതിഷേധം കഴക്കൂട്ടം മണ്ഡലം പ്രസിഡന്റിനെ ചില പ്രവര്‍ത്തകര്‍ നേരില്‍ കണ്ട് അറിയിച്ചിരുന്നു. പിന്നാലെ ശ്രീകാര്യം വാര്‍ഡിലെ 58,59 ബൂത്തുകളിലെ 70 ഓളം പേര്‍ ബിജെപിയിൽ നിന്ന് രാജിവെയ്ക്കുന്നതായ കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. രാജീവിന് പകരം യുവമോര്‍ച്ച നേതാവ് സുനിലിനെ സ്ഥാനാര്‍ഥിയാക്കിയതിലാണ് പ്രതിഷേധം രൂക്ഷമാകുന്നത്. എന്നാല്‍ രാജിവച്ചെന്ന് പറയുന്നവര്‍ ബിജെപി പ്രവര്‍ത്തകര്‍ അല്ലെന്നും രാജിക്കത്ത് ലഭിച്ചില്ലെന്നും കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര്‍.എസ്.രാജീവ് പറയുന്നു. സമൂഹമാധ്യമങ്ങളിൽ രാജിക്കത്ത് പ്രചരിച്ചതിന്റെ ഞെട്ടലിലാണ് നേതൃത്വം. അതിനാല്‍ വിഷയത്തില്‍ സംസ്ഥാന പ്രസിഡന്റിനടക്കം പരാതി നല്‍കുമെന്ന് കഴക്കൂട്ടം മണ്ഡലം ഭാരവാഹികള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha