സോഷ്യൽ മീഡിയയിലൂടെ സൗഹൃദം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടു പ്രതികൾക്ക് ജാമ്യമില്ല...

സോഷ്യൽ മീഡിയയിലൂടെ സൗഹൃദം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടു പ്രതികൾക്ക് ജാമ്യമില്ല. തിരുവനന്തപുരം പോക്സോ കോടതിയാണ് റിമാൻ്റിൽ കഴിയുന്ന പ്രതികളുടെ ജാമ്യഹർജി തള്ളിയത്. പീഡനക്കേസിലെ മൂന്നും നാലും പ്രതികളായ കിളികൊല്ലൂർ സ്വദേശി അൽഅമൽ , ചവറ കൊറ്റങ്കര സ്വദേശി മുഹമ്മദ് നബീൽ എന്നിവരുടെ ജാമ്യഹർജിയാണ് കോടതി തള്ളിയത്. ഇതേ കേസിലെ രണ്ടു പ്രതികൾ നേരത്തേ പിടിയിലായിരുന്നു.
കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ച് സ്വതന്ത്രരാക്കിയാൽ സുഗമമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ജാമ്യ ഹർജികൾ തള്ളിയ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. ഗൗരവമേറിയ കുറ്റം ചെയ്ത പ്രതികളെ ഈ ഘട്ടത്തിൽ ജാമ്യത്തിൽ വിട്ടയച്ചാൽ ഇരയായ 16 കാരിയടക്കമുള്ള സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ട്.
പ്രതികൾ ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും സാധ്യതയുണ്ട്. അപ്രകാരം സംഭവിച്ചാൽ വിചാരണക്ക് പ്രതികളുടെ പ്രതികളെ സാന്നിധ്യം ഉറപ്പാക്കാനാവില്ലെന്ന് കോടതി ജാമ്യഹർജി തള്ളിയ ഉത്തരവിൽ വ്യക്തമാക്കി.ഗൗരവമേറിയ കുറ്റം ചെയ്ത് കുറച്ചു നാൾ ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങാമെന്ന സ്ഥിതി സംജാതമായാൽ പുതിയ കുറ്റവാളികൾക്കത് പ്രചോദനമാകും. ഇത്തരം പ്രതികളെ ഉടനടി സമൂഹത്തേക്ക് വീണ്ടും ഇറക്കിവിട്ടാൽ നാടിനാപത്താകുമെന്നും കോടതി നിരീക്ഷിച്ചു.
ഒരു മാസം മുമ്പ് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാവ് സിറ്റി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടി തിരികെ വീട്ടിലെത്തി. തുടർന്ന് പെൺകുട്ടിയോട് പോലീസ് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഢന വിവരത്തിൻ്റെ ചുരുളഴിഞ്ഞത്. പെൺകുട്ടിയുമായി സോഷ്യൽ മീഡിയയിൽ കൂടി പ്രതികൾ സൗഹൃദം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധനയിൽ പീഢനം തെളിഞ്ഞതോടെ മാതാവിൻ്റെ പരാതിയിൽ ആദ്യം രജിസ്റ്റർ ചെയ്ത വുമൻ മിസിംഗ് കേസിൽ മൈനർ പെൺകുട്ടിയെ പീഡിപ്പിച്ചതിനുള്ള പോക്സോ നിയമത്തിലെ വകുപ്പുകളിട്ട് പോലീസ് അഡീഷണൽ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. തുടർന്ന് ഒളിവിൽ പോയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha