സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഇത് സംഭവബഹുലമായ നാളുകൾ.. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്റെ പടിയിറക്കം തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ... പഴയ ആർജവത്തോടെ മുന്നിട്ടിറങ്ങാൻ ഇനി രണ്ടുംകൽപ്പിച്ച് സി.പി.എം....

ഒരു തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഇത് സംഭവബഹുലമായ നാളുകളാണ്. ഒരു സ്വര്‍ണ്ണക്കടത്ത് കേസിന്റെ തുടര്‍ചലനങ്ങളില്‍ ഇപ്പോള്‍ പുറമെ പരിക്കുകളൊന്നും ഇല്ലെങ്കിലും സി.പി.എം. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വിവിധ അന്വേഷണ ഏജന്‍സികള്‍ നിത്യവും ചോദ്യശരങ്ങളാല്‍ പൊരിച്ചെടുക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കേസിലെ പ്രതിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരില്‍ ബെംഗളൂരുവിലെ ജയിലിലേക്ക് വരെ പോയിരിക്കുന്നു. എന്നാലിപ്പോൾ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്റെ പടിയിറക്കം സി.പി.എമ്മിലുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല. ബിനീഷിന്റെ കേസുയർത്തി പ്രതിപക്ഷം സി.പി.എമ്മിനെ വേട്ടയാടുന്നത് കോടിയേരി സെക്രട്ടറിയായതുകൊണ്ടായിരുന്നു.
സ്വർണക്കടത്തിനുപിന്നാലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സർക്കാരിനെ വലിഞ്ഞുമുറുക്കിയപ്പോൾ അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പാണ് സി.പി.എം. നടത്തിയത്. സർക്കാരിന്റെ പദ്ധതിനിർവഹണത്തിൽ ഇടപെടുന്നത് ചൂണ്ടിക്കാട്ടി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്നു വിശദീകരിച്ചു. മയക്കുമരുന്ന് വ്യാപാരത്തിന് പണം നൽകിയെന്ന ബിനീഷിനെതിരായ കേസാണ് ഈ പ്രതിരോധത്തെ ദുർബലമാക്കിയത്. ബിനീഷിന്റെ കേസ് രാഷ്ട്രീയമല്ലെന്നുപറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും പാർട്ടി സെക്രട്ടറിയുടെ മകനെന്ന നിലയിൽ അത് പിന്തുടർന്നുകൊണ്ടിരുന്നു.
അതിന് അറുതിയായെന്നതാണ് കോടിയേരി ഒഴിഞ്ഞതോടെ സി.പി.എമ്മിനുള്ള ആശ്വാസം. ഇനി സർക്കാരിനെതിരായ അന്വേഷണത്തിൽ മാത്രമായി രാഷ്ട്രീയ പ്രതിരോധം പരിമിതപ്പെടുത്താനാകും. പാർട്ടി സെക്രട്ടറിയല്ലാത്ത കോടിയേരിയുടെ മകന്റെ കേസ് മാധ്യമങ്ങളിലും വാർത്താപ്രാധാന്യം കുറയ്ക്കുമെന്നു സി.പി.എം. കണക്കുകൂട്ടുന്നു.പഴയ വിഭാഗീയ ചേരിയില്ലാതായി പിണറായിക്കൊപ്പം പാർട്ടിയെന്നതാണ് കോടിയേരി സെക്രട്ടറിയായ ശേഷം സി.പി.എമ്മിൽ സംഭവിച്ചത്. കോടിയേരി മാറുമ്പോൾ ആ ‘വിശ്വസ്ത’രുടെ പട്ടികയിൽ അംഗബലം കുറയുന്നുണ്ടെന്നതാണ് വരുന്ന മാറ്റം. ബിനീഷിന്റെ കേസ് രൂക്ഷമായപ്പോൾ കോടിയേരി സ്വമേധയാ ഒഴിയുന്നെങ്കിൽ അങ്ങനെയാവട്ടേയെന്ന മനസ്സായിരുന്നു മുഖ്യമന്ത്രിക്കും.
ബിനീഷിനെതിരായ ഇ.ഡി.യുടെ അന്വേഷണരീതിയോട് മുഖ്യമന്ത്രി വിയോജിക്കാതിരുന്നത് അതുകൊണ്ടുകൂടിയാണെന്നാണ് കോടിയേരിക്കൊപ്പമുള്ളവരുടെ വികാരം. ഇതിനൊപ്പം രോഗം കോടിയേരിയെ വല്ലാതെ അലട്ടാനും തുടങ്ങി. ഇതോടെയാണ് സെക്രട്ടറിപദം ഒഴിയുന്ന തീരുമാനം അദ്ദേഹമെടുത്തത്. വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് യോഗത്തിനുമുമ്പായി ഇക്കാര്യം മുഖ്യമന്ത്രിയെയും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും അറിയിച്ചു. നേരത്തേയുണ്ടായിരുന്ന വിയോജിപ്പ് ഈ ഘട്ടത്തിൽ മുഖ്യമന്ത്രിക്കുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha