കുഴിയിലേക്ക് മറിഞ്ഞ സർക്കാർ ഉദ്യോഗസ്ഥയുടെ കാർ കരയ്ക്കു കയറ്റാൻ സഹായിച്ചവരെ മദ്യപ സംഘം മർദിച്ചു: തടയാനെത്തിയ വെസ്റ്റ് സി.ഐയെയും ഡ്രൈവറെയും ആക്രമിച്ചു

അർദ്ധരാത്രിയിൽ കുഴിയിലേയ്ക്കു മറിഞ്ഞ കാർ കരയ്ക്കു കയറ്റാൻ സഹായിച്ചവരെ മദ്യപസംഘം മർദിച്ചു. ആക്രമണം കണ്ട് തടയാൻ ഇടപെട്ട കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസറെയും ഡ്രൈവറെയും അക്രമി സംഘം കയ്യേറ്റം ചെയ്യുകയും, ഡ്രൈവറെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. കോടതി ജീവനക്കാരനും ഫെഡറൽ ബാങ്ക് മാനേജരും അടക്കമുള്ളവരാണ് അറസ്റ്റിലായത്.
ഫെഡറൽ ബാങ്ക് മാനേജർ അയ്മനം പാണ്ഡവം വൈശാഖം വീട്ടിൽ ആനന്ദ് കൃഷ്ണ, സഹോദരനും കോട്ടയം മൊബൈൽ കോടതി ജീവനക്കാരനുമായ അരുൺ കൃഷ്ണ, മുണ്ടക്കയം പഴയ മണയ്ക്കൽ ഹേമന്ദ് ചന്ദ്ര എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ, ഡ്രൈവർ ജോൺ എന്നിവരെയാണ് അക്രമി സംഘം ആക്രമിച്ചു പരിക്കേൽപ്പിച്ചത്.
വോട്ടിംങ് കഴിഞ്ഞ ശേഷം രാത്രി 12 മണിയോടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥയുടെ കാർ ചാലുന്നിനു സമീപത്തു വച്ച് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട കാർ റോഡരികിലെ കുഴിയിലേയ്ക്കു മറിയുകയായിരുന്നു. ഈ സമയം ഈ റോഡരികിൽ നിന്ന ആനന്ദും, അരുണും, ഹേമന്ദും കാർ കുഴിയിൽ നിന്നും കരയ്ക്കു കയറ്റാൻ എത്തി. മദ്യലഹരിയിലായിരുന്ന മൂന്നു പേരും ഇതിനു ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതിനിടെ സമീപത്തെ ബുള്ളറ്റ് ഷോറൂമിൽ നിന്നുള്ള ജീവനക്കാരും സമീപ വാസികളും എത്തി കാർ റോഡിലേയ്ക്കു കയറ്റി. ഇതിനിടെ വീണ്ടും സ്ഥലത്ത് എത്തിയ മൂന്നു പേരും കാർ കയറ്റിയവരുമായി തർക്കത്തിൽ ഏർപ്പെട്ടു. കാർ റോഡിലേയ്ക്കു കയറ്റാൻ സഹായിച്ചവരെ പ്രതികൾ കയ്യേറ്റം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു.
ഇതിനിടെയാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണും ഡ്രൈവറും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കു ശേഷം വീട്ടിലേയ്ക്കു പോകുന്നതിനായി ഇവിടെ എത്തിയത്. ഇതേ തുടർന്നു, പ്രതികൾ യൂണിഫോമിലായിരുന്ന എം.ജെ അരുണിനെയും കയ്യേറ്റം ചെയ്യുകയായിരുന്നു. സി.ഐയെ പ്രതികൾ കയ്യേറ്റം ചെയ്യുന്നത് കണ്ട് ഓടിയെത്തിയ ഇദ്ദേഹത്തിന്റെ ഡ്രൈവറെ ആക്രമിക്കുകയും, പ്രതികളിൽ ഒരാൾ ജോണിന്റെ കയ്യിൽ കടിക്കുകയും ചെയ്തു.തുടർന്നു നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പൊലീസ് സംഘം കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
"
https://www.facebook.com/Malayalivartha