പാലാരിവട്ടം അഴിമതിക്കേസ്; മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി; ചോദ്യംചെയ്യൽ കോവിഡ് മാനദണ്ഡം അനുസരിച്ചായിരിക്കണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ നടപടി നേരിടുന്ന മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി. അറസ്റ്റ് ചെയ്ത ശേഷവും ഇബ്രാഹിം കുഞ്ഞ് ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ ആശുപത്രിയിലെത്തി ഡിസംബര്‍ 28ന് ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉപാധികളോടെ അനുമതി നല്‍കിയത്.
അടുത്ത തിങ്കളാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയും ചോദ്യം ചെയ്യാം. ഓരോ മണിക്കൂറിനിടയിലും 15 മിനിറ്റ് വിശ്രമം അനുവദിക്കണം. കോവിഡ് മാനദണ്ഡം അനുസരിച്ചായിരിക്കണം ചോദ്യം ചെയ്യലെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തെങ്കിലും വിജിലന്‍സ് കസ്റ്റ്ഡി കോടതി അനുവദിച്ചിരുന്നില്ല. ആരോഗ്യസ്ഥിതി മോശമായ ഇബ്രാഹിം കുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കസ്റ്റഡിയില്‍ വിടുന്നത് അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതി ഗുരുതരമാക്കുമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി അപേക്ഷ കോടതി നിരസിച്ചിരുന്നത്. ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയും കോടതി അനുവദിച്ചിരുന്നില്ല.
നേരത്തെയും ആശുപത്രിയിലെത്തി ചോദ്യം ചെയ്യാന്‍ കോടതി വിജിലന്‍സിനെ അനുവദിച്ചിരുന്നു. അന്നും ഉപാധികളോടെയാണ് അനുവാദം നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha