സര്‍ക്കാര്‍ ബസ്സിനും 'സുരക്ഷയില്ല'... കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് മോഷണം പോയതായി പരാതി... രാവിലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി...

കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു കടത്തിയതായി പരാതി. കൊല്ലം കൊട്ടാരക്കര ഡിപ്പോയില്‍ നിന്നാണ് കെഎസ്ആര്‍ടിസി ബസ് മോഷണം പോയത്. കെഎല്‍ 15, 7508 വേണാട് ബസാണ് മോഷണം പോയത്.
ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നില്‍ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോ അധികൃതര്‍ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കി മണിക്കൂറുകള്‍ക്ക് ശേഷം പാരിപ്പള്ളിയില്‍ നിന്ന് ബസ് കണ്ടെത്തി.
ഇന്നലെ രാത്രി ഗാരേജില്‍ സര്‍വീസിന് വേണ്ടി കയറ്റിയ വണ്ടിയാണ് കാണാതായത്. പുലര്‍ച്ചെ 12.30 യോടെ സര്‍വീസ് പൂര്‍ത്തിയാക്കി മുനിസിപ്പാലിറ്റി ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തിരുന്നു.
രാവിലെ വണ്ടിയെടുക്കാന്‍ ഡ്രൈവര്‍ ചെന്നപ്പോള്‍ ഇതിനോടകം വണ്ടി നഷ്ടപ്പെട്ടിരുന്നു. ഏതെങ്കിലും ഡ്രൈവര്‍ വണ്ടി മാറിയെടുത്ത് പോയതായിരിക്കും എന്നു കരുതി ഡിപ്പോയില്‍ നിന്ന് പോയ മുഴുവന്‍ ഡ്രൈവര്‍മാരെയും ബന്ധപ്പെട്ടു. എന്നാല്‍ ആരും വണ്ടി എടുത്തിരുന്നില്ല.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വണ്ടി ആരെങ്കിലും എടുത്തുകൊണ്ട് പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. കെഎസ്ആര്‍ടിസി ബസായതിനാല്‍ അധിക ദൂരമൊന്നും പോകാനാവില്ലെന്ന പ്രതീക്ഷയിലായിരുന്നു പൊലീസ്. എവിടെയെങ്കിലും ഉപേക്ഷിക്കാനാണ് സാധ്യതയെന്നും പൊലീസ് സംശയിച്ചു.
കൊട്ടാരക്കര പൊലീസ് കേസെടുത്തു അന്വേഷണം നടത്തിയപ്പോഴാണ് മോഷണം പോയ കെഎസ്ആര്‍ടിസി വേണാട് ബസ് രാവിലെ പാരിപ്പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ 7 മണിയോടെ പാരിപ്പള്ളിയില്‍ റോഡരികില്‍ പാര്‍ക്കു ചെയ്ത നിലയിലാണ് ബസ് കണ്ടെത്തിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്തും സമാനമായ സംഭവം നടന്നിരുന്നു. രാത്രി ഏറെ വൈകിയിട്ടും ബസ് വരാതിരുന്നതോടെ നിര്‍ത്തിയിട്ടിരുന്ന ഒരു ബസ് യാത്രക്കാരന്‍ ബസ് എടുത്തു കൊണ്ടു പോവുകയായിരുന്നു. വിചിത്രമായ സംഭവം തന്നെയാണ് കൊട്ടാരക്കരയിലും നടന്നിരിക്കുന്നത്. മറ്റ് കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.
https://www.facebook.com/Malayalivartha
























