കാപ്പന്റെ യു ഡി എഫ് പ്രവേശത്തോട് ഉമ്മൻ ചാണ്ടിക്ക് എതിർപ്പോ?എല്ലാം ചെന്നിത്തലയുടെ നാടകമെന്ന് എ ഗ്രൂപ്പ്

കാപ്പന്റെ യു ഡി എഫ് പ്രവേശത്തോട് ഉമ്മൻ ചാണ്ടിക്ക് എതിർപ്പോ? എന്തു കൊണ്ടാണ് അദ്ദേഹം ഇക്കാര്യത്തിൽ ഇതുവരെ ഒന്നും മിണ്ടാത്തത്? കാപ്പന്റെ യു ഡി എഫ് പ്രവേശത്തോട് ഉമ്മൻ ചാണ്ടി അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കൾക്ക് പൂർണ യോജിപ്പില്ലെന്നാണ് റിപ്പോർട്ട്. കോട്ടയത്ത് കേരള കോൺഗ്രസിനെ പാടേ അവഗണിക്കരുതെന്ന് കരുതുന്നവരാണ് കോൺഗ്രസിലെ എ ഗ്രൂപ്പുകാർ. പുതുപ്പള്ളിയിലടക്കം അത് പണിയായി മാറുമെന്ന് എ ഗ്രൂപ്പ് കരുതുന്നു. മാണി സി കാപ്പനെ പാലായിൽ സ്ഥാനാർത്ഥിയാക്കുന്നതോടെ കേരള കോൺഗ്രസുമായുള്ള ചില നേതാക്കളുടെ ബന്ധം പൂർണമായി തെറ്റുമെന്ന് എ ഗ്രൂപ്പ് കരുതുന്നു.
യുഡിഎഫിൽ ഘടകക്ഷിയാകുമെന്ന് കാപ്പൻ ശനിയാഴ്ചയാണ് അറിയിച്ചത്. എൻസിപി കേന്ദ്രനേതൃത്വം ഉടൻ തീരുമാനം പ്രഖ്യാപിക്കും. ഘടകക്ഷിയായിട്ടായിരിക്കും താൻ യുഡിഎഫിന്റെ ഐശ്വര്യകേരള യാത്രയിൽ പങ്കെടുക്കുക എന്നും മാണി സി കാപ്പൻ പറഞ്ഞു. എന്നാൽ കാപ്പന്റെയൊപ്പം അണികളും നേതാക്കളുമില്ലെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം പറയുന്നത്. ഘടക കക്ഷിയായി വരാനുള്ള സംവിധാനം കാപ്പന്റെ കൈയിലില്ലെന്ന് കോൺഗ്രസിലെ ഒരു വിഭാഗം കരുതുന്നു. ദുർബലമായ ഒരു ഘടക കക്ഷിയെ കിട്ടിയിട്ട് എന്താണ് കാര്യമെന്നാണ് നേതാക്കൾ രഹസ്യമായി ചോദിക്കുന്നത്.
അതേസമയം മാണി സി കാപ്പനെ എൻ സി പി പുറത്താക്കും. ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ കാപ്പൻ പങ്കെടുക്കുന്നതിന് മുമ്പ് അദ്ദേഹത്തെ പുറത്താക്കാനാണ് നീക്കം.
കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം തനിക്ക് അനുകൂലമായില്ലെങ്കിലും ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് കാപ്പൻ പറഞ്ഞു. പുതിയ പാർട്ടിയുണ്ടാക്കുന്ന കാര്യമൊക്കെ പിന്നിട് ആലോചിക്കേണ്ട കാര്യങ്ങളാണ്. ദേശീയ നേതൃത്വം ഒപ്പം നിൽക്കുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വാസം. പാലായിലെ ജനങ്ങൾ തനിക്കൊപ്പം നിൽക്കും. 101 ശതമാനവും അക്കാര്യത്തിൽ വിശ്വാസമുണ്ട്. ഏഴ് ജില്ലാ പ്രസിഡന്റുമാരും ഒരു അഖിലേന്ത്യ സെക്രട്ടറിയും , 9 സംസ്ഥാന ഭാരവാഹികളും തന്നോടൊപ്പമുണ്ട്. ഇവരും യാത്രയിൽ പങ്കെടുക്കും.
താൻ പാലായിൽ വമ്പൻ ഭൂരിപക്ഷത്തോടെ വിജയിക്കും. വമ്പൻ വികസനങ്ങളാണ് പാലായിൽ താൻ എംഎൽഎ ആയ ശേഷം നടന്നത്. അക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദിയുണ്ട്. താൻ നൽകിയ അപേക്ഷകൾക്കൊക്കെ അനുമതി നൽകിയത് അദ്ദേഹമാണ്. എന്നാൽ, സീറ്റ് നൽകുന്ന കാര്യം വന്നപ്പോൾ മുന്നണി തന്നെ അവഗണിച്ചു. തന്നോടൊപ്പമുള്ള പ്രവർത്തകരുടെയും ദേശീയ നേതൃത്വത്തിൽ നിന്നടക്കമുള്ള നേതാക്കളുടെയും ആവശ്യപ്രകാരമാണ് മുന്നണിമാറ്റമെന്നും മാണി സി കാപ്പൻ പറഞ്ഞു.
എൽ ഡി എഫ് വിട്ട് യുഡിഎഫിലേക്ക് പോകുന്നു എന്ന മാണി സി കാപ്പന്റെ പ്രഖ്യാപനം അദ്ദേഹത്തെ എംഎൽഎ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടാണെന്ന് എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ പ്രതികരിച്ചു. എൽഡിഎഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവിൽ ഇല്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കും മുൻപ് കാപ്പൻ എടുത്ത നിലപാട് അനുചിതമാണെന്നും ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.
തന്നോട് സംസാരിക്കാതെ ദേശീയ നേതൃത്വം രാഷ്ട്രീയ തീരുമാനം എടുക്കില്ല. കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം എടുക്കും മുൻപ് കാപ്പൻ കാണിച്ചത് അനുചിത പ്രവർത്തിയാണ്. കാപ്പൻ്റെ ഇപ്പോഴത്തെ പ്രവൃത്തി കാണുമ്പോൾ അദ്ദേഹം നേരത്തെ യുഡിഎഫുമായി ധാരണ ഉണ്ടാക്കി എന്ന് വ്യക്തമാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
പാലാ സീറ്റ് മാണി സി കാപ്പന് നൽകുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിലും കോൺഗ്രസ് നേതാക്കൾക്ക് പൂർണ യോജിപ്പില്ല. കാപ്പൻ വന്നത് കൊണ്ട് പാലായിൽ ഒരു നേട്ടവും ഉണ്ടാകില്ലെന്ന് ചില കോൺഗ്രസ് നേതാക്കൾ കരുതുന്നു.
ചെന്നിത്തലയുടെ താത്പര്യമാണ് കാപ്പന്റെ കാര്യത്തിൽ ഫലവത്തായത്. ഐശ്വര്യ കേരള യാത്രയ്ക്ക് വലിയ ഹൈപ്പാണ് കാപ്പന്റെ മുന്നണി പ്രവേശം കൊണ്ടുണ്ടായത്.
"
https://www.facebook.com/Malayalivartha

























