കാപ്പനെ തള്ളി പീതാംബരൻ മാസ്റ്റർ... ഒടുവിൽ കാപ്പൻ ഒറ്റയ്ക്ക് പടിയിറങ്ങുമോ..?

നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കും മുന്നേ തന്നെ അതിന്റെ കോളിളക്കം നമുക്ക് കാണാൻ സാധിക്കുന്നത് എന്‍.സി.പിയിലാണ്. ഇരു മുന്നണികള്‍ക്കും തുല്യനേട്ടത്തിന്റെ കണക്കു പുസ്തകമാണ് ഇപ്പോഴുള്ളത്. കാപ്പന് പാര്‍ട്ടിയുമായി യു.ഡി.എഫിലേക്ക് പോവുകയായിരുന്നു ലക്ഷ്യം. അത് നടക്കുമോ ഇല്ലയെ എന്നത് വഴിയേ അറിയാൻ കഴിയും. കാപ്പന്‍ പോയപ്പോൾ കൂടെ ടി.പി.പീതാംബരനും യു.ഡി.എഫിലേക്ക് വരുമെന്ന് കരുതി. എന്നാൽ കാപ്പൻ കൊച്ചിയില്‍ നടത്തിയ പ്രതികരണം വെട്ടിലാക്കിയതോടെയാണ് മാസ്റ്റർ വടിയെടുത്തത്. ദേശീയ നേതൃത്വത്തിനൊപ്പമാണ് താൻ നിലകൊള്ളുന്നതെന്നും ശരദ് പവാറിന്റെ പിന്തുണ കാപ്പനില്ലെന്നും അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. നാളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കുന്നതോടെ യു.ഡി.എഫിലേക്കുള്ള പ്രവേശനോത്സവം പൂർണ്ണമാവും.
പാലായിൽ കാപ്പന് പകരം ഇനി ജോസ്, അതുപോലെ ജോസിന് പകരം കാപ്പനും. ഉള്ളത് പറഞ്ഞാൽ കൂട് വിട്ട് "കൂറ്" മാറ്റം..! പാലാക്കാർ ഇനി എന്ത് തീരുമാനിക്കുന്ന എന്നതിലാണ് കഥയുടെ ക്ലൈമാക്സ് ഇരിക്കുന്നത് അത് തല്ക്കാലം സസ്‌പെന്‍സായി തന്നെ തുടരട്ടെ. പുതിയ അതിഥികൾ വന്നതോടെ ആർക്കു സീറ്റ് കൊടുക്കും എന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിനിടെയായിരുന്നു കാപ്പന്റെ എടുത്ത് ചാട്ടം. എന്നാൽ പോകുന്നെങ്കില്‍ പോക്കോട്ടെ എന്ന നിലപാടിൽ ആയിരുന്നിരിക്കും സിപിഎമ്മും കരുതിയത്.
എന്നാൽ, കാപ്പന്‍ പോയാലും മുന്നണിക്കൊപ്പം തന്നെ നിലകൊള്ളുന്ന ശശീന്ദ്രന്റെ സീറ്റ് ഏറ്റെടുക്കുക എന്നത് സി.പി.എമ്മിന് അത്ര അനായാസമല്ല. എലത്തൂരിന് പകരം കണ്ണൂർ എന്ന വമ്പൻ ഓഫര്‍ കൊടുത്താൽ പോലും എന്‍.സി.പിയെ നിലയ്ക്ക് നിർത്താനാകില്ല. എന്‍.സി.പി. ഇടത് മുന്നണിയില്‍ തുടര്‍ന്നാല്‍ നാലിന് പകരം രണ്ട് സീറ്റേ ഇത്തവണ കിട്ടാൻ ഇടയുള്ളൂ. പ്രഫുല്‍ പട്ടേലിന് കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കാതെ ഒടുവില്‍ പാലാ സീറ്റും രാജ്യസഭ സീറ്റും തരില്ല എന്ന് പിണറായി ഉറപ്പിച്ച് പറയുമ്പോള്‍ പോയില്ലെങ്കിലേ അതിശയമുള്ളൂ കാരണം അത് തന്നെ ധാരാളമായിരുന്നു. സീതാറാം യെച്ചൂരിയുടെയും ശരത്ത് പവാറിന്റയും ആശയവിനിമയം മുന്നണി വിടാനുള്ള നീക്കത്തിന് നല്ലരീതിയിൽ തടയിട്ടു. കൂട്ടത്തോടെ പോകാനിരുന്ന കാപ്പനെ ഇപ്പോൾ മാസ്റ്റർ കൈവിട്ടു, ഇനിയിപ്പോൾ ഒറ്റയ്ക്ക് യു.ഡി.എഫിലേക്ക് പോവുക എന്നത് മാത്രമാണ് കാപ്പനു മുന്നിലുള്ളത്. എന്‍.സി.പിക്ക് നാല് സീറ്റ് വാഗ്ദാനം നൽകിയതിൽ ഒളിച്ചിരിക്കുന്ന യു.ഡി.എഫിന്റെ നയം എന്തെന്നാൽ, പാലായില്‍ ജോസിനെ തറപറ്റിക്കാൻ കാപ്പനെ പോലൊരു താപ്പാനയെ യു.ഡി.എഫിന് വേറെ കിട്ടില്ല.
എന്നാൽ, കുട്ടനാട് സീറ്റ് ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റാണ്. എന്‍.സി.പി. വന്നാല്‍ അതില്‍ ഒരു വഴക്ക് എന്തായാലും നടക്കും. ജോസഫ് വഴങ്ങിയാലും ജയസാധ്യതയുള്ള മറ്റൊരു സീറ്റ് പകരം നൽകേണ്ടി വരും. എലത്തൂര്‍ സീറ്റാകട്ടെ എ.കെ. ശശീന്ദ്രനെ നിര്‍ത്തിയാലും യു.ഡി.എഫിന് ജയിക്കുക എന്നത് കടുത്ത വെല്ലുവിളിയാണ്. കോട്ടയ്ക്കലാണെങ്കിൽ ലീഗിന്റെ സിറ്റിങ് സീറ്റുമാണ്. അതിന് പകരമായി വിലപേശലിന് വഴങ്ങി മറ്റൊരു സീറ്റും കൊടുക്കണം. ഫലത്തില്‍ ജോസിനായി പാലാ മാറ്റിവെക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചു.
എന്‍.സി.പി. മുഴുവനായി എത്തിയില്ലെങ്കിലും വന്നില്ലെങ്കിലും കാപ്പന്‍ യു.ഡി.എഫില്‍ ലഭിക്കുന്ന ഒരു സീറ്റില്‍ സംതൃപ്തനാകുമോ എന്നത് സംശയമാണ്. പകുതി ആളുകളെ ആയിട്ടാണ് കാപ്പന്‍ പാലായിലെത്തുന്നതെങ്കില്‍ ഒരു സീറ്റു കൂടി ചോദിച്ചു വാങ്ങും. എന്‍.സി.പിയുടെ ഈ സഘർഷാവസ്ഥയിൽ ഇരു മുന്നണിക്കും നേട്ടവും കോട്ടവും ഒരു പോലെ തന്നെ. ഇനി അങ്കത്തട്ടിൽ ഏവരും കാത്തിരുന്ന മത്സരം നമുക്ക് കാണാം. യു.ഡി.എഫ് വിട്ടു പോയ ജോസിന് കാപ്പനെക്കാർ ശക്തനായ മറ്റൊരു എതിരാളി ഇല്ലെന്നു തന്നെ നമുക്ക് നിസംശയം പറയാൻ സാധിക്കും.
https://www.facebook.com/Malayalivartha

























