മൂക്കത്ത് വിരല്‍വച്ചു പോകും... ഇന്ത്യയില്‍ തൂക്കിലേറ്റുന്ന ആദ്യവനിത എന്ന നിലയില്‍ കുപ്രസിദ്ധി നേടിയ ഷബ്‌നം ചെറിയ മീനല്ല; കാമുകന്റെ സഹായത്തോടെ 7 ബന്ധുക്കളെ മഴു കൊണ്ട് വെട്ടിക്കൊന്നു; സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലില്‍ ശിക്ഷ നടപ്പാക്കുമ്പോള്‍

ഒരു സ്ത്രീക്ക് ഇത്രയും ക്രൂരയാകാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഷബ്‌നയുടെ കഥ കോള്‍ക്കുമ്പോള്‍ ആരും ചോദിച്ച് പോകുന്നത്. അത്രയ്ക്ക് മനുഷ്യ മനസാക്ഷിയെ അമ്പരപ്പിക്കുന്ന കാര്യമാണ് ഷബ്‌നം ചെയ്തത്. അതിന്റെ ഫലമോ കൊലക്കുറ്റവും.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി ഒരു വനിതാ കുറ്റവാളിയെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. 2008 ഏപ്രിലില്‍ കുടുംബത്തിലെ ഏഴംഗങ്ങളെ കാമുകന്റെ സഹായത്തോടെ കോടാലിക്കു വെട്ടിക്കൊന്ന കേസിലെ പ്രതി ഷബ്‌നത്തിനെയാണു തൂക്കിലേറ്റുന്നത്.
ഉത്തര്‍പ്രദേശിലെ അംരോഹയില്‍ ഭവന്‍ഖേദിയെന്ന ഗ്രാമത്തിലാണ് 2008 ഏപ്രില്‍ 14ന് രാത്രിയാണ് കേസിനാസ്പദമായ ക്രൂരകൃത്യം അരങ്ങേറിയത്. കാമുകനായ സലിമിനൊപ്പം ചേര്‍ന്ന് ഷബ്‌നം സ്വന്തം മാതാപിതാക്കളെയും രണ്ട് സഹോദരന്മാരെയും സഹോദര ഭാര്യയെയും സഹോദരിയെയും മരുമകനെയും മഴു ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.
കുടുംബാംഗങ്ങള്‍ക്കു പാലില്‍ മയക്കുമരുന്നു ചേര്‍ത്തു നല്‍കിയതിനു ശേഷമായിരുന്നു കൊടുംക്രൂരത. സലിമുമായുള്ള പ്രേമബന്ധത്തിനു കുടുംബാംഗങ്ങള്‍ തടസം നിന്നതാണ് കൊലയ്ക്കു കാരണം. രണ്ടുവര്‍ഷത്തെ വിചാരണയ്ക്കു ശേഷം അംരോഹ കോടതി 2010 ജൂലൈയില്‍ ഷബ്‌നത്തിനും സലിമിനും വധശിക്ഷ വിധിച്ചു. തുടര്‍ന്ന് ഇവര്‍ മേല്‍ക്കോടതികളെ സമീപിച്ചെങ്കിലും ശിക്ഷ ശരിവയ്ക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് ശിക്ഷ നടപ്പാക്കുന്നത്. നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയ ആരാച്ചാര്‍ പവന്‍ ജല്ലാദ് രണ്ടു തവണ നടപടിക്രമങ്ങള്‍ പരിശോധിച്ചു. ശിക്ഷ നടപ്പാക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല. ഷബ്‌നത്തിനു മരണ വാറന്റ് പുറപ്പെടുവിച്ചുകഴിഞ്ഞു.
കേസില്‍ ഷബ്‌നത്തിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു. തുടര്‍ന്ന് ദയാഹര്‍ജി പ്രസിഡന്റ് നിരസിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ കുറ്റവാളിയെ തൂക്കിലേറ്റുന്നത്. വനിതകളുടെ വധശിക്ഷ നടപ്പാക്കാനുള്ള സംവിധാനം 150 വര്‍ഷം മുമ്പാണു മഥുരയില്‍ നിര്‍മിച്ചത്. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇതുവരെ ഒരു വനിതയെയും തൂക്കിലേറ്റിയിട്ടില്ല. ഇവിടം സന്ദര്‍ശിച്ച ആരാച്ചാര്‍ പവന്‍ ജല്ലാദ് കുറച്ചുകൂടി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയില്‍ സൂപ്രണ്ട് ഷൈലേന്ദ്ര കുമാര്‍ പറഞ്ഞു. ബിഹാറിലെ ബുക്‌സാറില്‍ നിന്നാണ് തൂക്കുകയര്‍ എത്തിക്കുന്നത്.
കൊലപാതകത്തില്‍ ആദ്യം അന്വേഷണം എങ്ങുമെങ്ങും എത്തിയില്ലെങ്കിലും പിന്നീട് കേസില്‍ ഷബ്‌നത്തെയും സലീമിനെയും പോലീസ് പിടികൂടി. രണ്ട് വര്‍ഷത്തിന് ശേഷം 2010 ജൂലായില്‍ ജില്ലാ കോടതി ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചു. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചു. രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയും തള്ളിപ്പോയി. ഇതോടെയാണ് പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്.
ഷബ്‌നം നിലവില്‍ ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവില്‍ കഴിയുന്നത്. എന്നാല്‍ മഥുരയിലെ ജയിലില്‍വെച്ചാകും ഷബ്‌നത്തിന്റെ വധശിക്ഷ നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഒരുപക്ഷേ, 1947ന് ശേഷം ഇന്ത്യയില്‍ ആദ്യമായി തൂക്കിക്കൊല്ലുന്ന വനിതയും ഷബ്‌നമായിരിക്കുമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവന്‍ ജല്ലാദ് തന്നെയാണ് ഷബ്‌നത്തെയും തൂക്കിലേറ്റുക. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കഴുമരത്തിന്റെ ചില ഭാഗങ്ങളില്‍ അറ്റക്കുറ്റപ്പണി നടത്തുകയും ചെയ്തു. മരണ വാറന്റ് പുറപ്പെടുവിക്കുന്നതിന് പിന്നാലെ ഷബ്‌നത്തിന്റെ ശിക്ഷ നടപ്പാക്കുന്നതാണ്. ഇതിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകളാണ് ജയിലില്‍ ആരംഭിച്ചത്. ഇനി എന്തുണ്ടാകുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha























