ഇനിയും നാറ്റിക്കണോ... ഒരു വര്‍ഷത്തോളം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി കിടന്നുറങ്ങിയ ശോഭ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ നഡ്ഡയേയും മോദിയെയും കണ്ട് തിരിച്ചെത്തി; കൈയ്യടി നേടാന്‍ ബിജെപിയെ പ്രതിരോധത്തിലാക്കി ഉപവാസ സമരം; പിന്നാലെ മത്സരിക്കാനില്ലെന്നു പ്രഖ്യാപനം

ഈ ശോഭ സുരേന്ദ്രന് എന്ത് പറ്റിയെന്ന് അറിയില്ല. കെ. സുരേന്ദ്രന്‍ ബിജെപി അധ്യക്ഷനായതാണോ പ്രശ്‌നം. അല്ലെങ്കില്‍ നോക്കണേ ഒരു വര്‍ഷത്തോളം ബിജെപിയെ പ്രതിസന്ധിയിലാക്കി കിടന്നുറങ്ങിയതാണ്. അവസാനം ബിജെപി ദേശീയ അധ്യക്ഷന്‍ വന്നപ്പോള്‍ പോയി കണ്ടു. പിന്നീട് നരേന്ദ്ര മോദിയേയും കണ്ടു. എന്നാലെങ്കിലും പാര്‍ട്ടി രീതിയോട് പൊരുത്തപ്പെട്ട് പോകണ്ടേ.
ബിജെപിയെ പ്രതിരോധത്തിലാക്കി സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസ സമരം അനുഷ്ഠിക്കുന്ന ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയായ ശോഭാ സുരേന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു അനവസരത്തില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കാര്യം കേന്ദ്രസംസ്ഥാന നേതൃത്വത്തെ മാസങ്ങള്‍ക്കു മുന്‍പേ അറിയിച്ചതാണെന്നും അവര്‍ വ്യക്തമാക്കി.
സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്കു പിന്തുണയുമായി നടത്തുന്ന 48 മണിക്കൂര്‍ ഉപവാസം തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണെന്നു വ്യാഖ്യാനം ഉയര്‍ന്ന സാഹചര്യത്തിലാണു വിശദീകരണമെന്നും ശോഭ പറഞ്ഞു.
പാര്‍ട്ടി പിന്തുണയില്ലാതെ ശോഭ ആരംഭിച്ച സമരം പാര്‍ട്ടിയെ വെട്ടിലാക്കുന്നതായി. പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും പ്രധാന നേതാക്കളാരും സമരപ്പന്തലില്‍ എത്തിയില്ല. ഇന്നലെയും വനിതകള്‍ ഉള്‍പ്പെടെ 2 ഡസനോളം പ്രവര്‍ത്തകരാണ് ഒപ്പം ഉണ്ടായിരുന്നത്.
ശോഭ ഉപവാസം ആരംഭിക്കുന്നതിന്റെ തലേന്നു വരെ ബിജെപിയും യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയും അടക്കമുള്ള പോഷക സംഘടനകളും ഉദ്യോഗാര്‍ഥികള്‍ക്കു പിന്തുണയുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തിയിരുന്നു.
എന്നാല്‍ 2 ദിവസമായി ബിജെപിഅനുബന്ധ സംഘടനകളുടെ സമര പരിപാടികള്‍ ഇവിടെയില്ല. ബുധനാഴ്ച ശോഭ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയതിനു പിന്നാലെ പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെ ബിഎംഎസ് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും അവിടേക്കു ശോഭ പോയതുമില്ല. ബോര്‍ഡുകളിലും ശോഭയുടെ ചിത്രമല്ലാതെ പാര്‍ട്ടി ബന്ധം വ്യക്തമാക്കുന്ന മറ്റൊന്നുമില്ല.
അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ ജനറല്‍ െസക്രട്ടറിമാരായ എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍, സി. കൃഷ്ണകുമാര്‍, പി.സുധീര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍, മഹിളാ മോര്‍ച്ച പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്‍ എന്നിവര്‍ സ്ഥിരാംഗങ്ങള്‍. എം.ടി. രമേശ് ഏകോപനം നിര്‍വഹിക്കും.
21 ന് ആരംഭിക്കുന്ന യാത്രയുടെ ഭാഗമായി 14 വന്റാലികളും 80 പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും.
നിയമസഭാ തിരഞ്ഞെടുപ്പിനു കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍ ദേശീയ നേതൃനിരയിലെ പ്രമുഖരെല്ലാം പങ്കെടുക്കും. പരമാവധി നേതാക്കളും കേന്ദ്രമന്ത്രിമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉള്‍പ്പെടെ ഒരു ഡസനിലധികം പ്രമുഖര്‍ വിജയയാത്രയില്‍ പങ്കെടുക്കുമെന്നും സാമൂഹ്യ ജീവിതത്തിലെ വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ പ്രമുഖര്‍ ഉടന്‍ ബി.ജെ.പിയില്‍ അംഗത്വമെടുക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
21ന് വൈകിട്ട് 4 ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസര്‍കോട്ട് യാത്ര ഉദ്ഘാടനം ചെയ്യും. ഇതുള്‍പ്പെടെ 14 ജില്ലാ കേന്ദ്രങ്ങളില്‍ മഹാറാലികളും 80 വലിയ പൊതുസമ്മേളനങ്ങളും നടത്തും.
"
https://www.facebook.com/Malayalivartha























