നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍... ദിവസങ്ങള്‍ കഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധിയുടെ കടലില്‍ ചാട്ടത്തിന്റെ ഞെട്ടല്‍ മാറാതെ സുരക്ഷാ സേനയും കോണ്‍ഗ്രസ് നേതാക്കളും; നടുക്കടലില്‍ മുങ്ങിക്കളിച്ച രാഹുലിനോടൊപ്പം ചാടാന്‍ മത്സ്യതൊഴിലാളി നേതാവ് കൂടിയായ പ്രതാപന്‍ പോലും തയ്യാറായില്ല; രാഹുലിന്റെ നിര്‍ബന്ധം കെസിയും പ്രതാപനും തള്ളിക്കളഞ്ഞു

നടുക്കടലില്‍ രാഹുല്‍ ഗാന്ധി ഇങ്ങനെയൊരു സാഹസം ചെയ്യുമെന്ന് ആരും കരുതിയില്ല. നിന്ന നില്‍പില്‍ വള്ളത്തില്‍ നിന്നും ആഴക്കടലിലേക്ക് രാഹുല്‍ എടുത്ത് ചാടാന്‍ ശ്രമിച്ചതോടെ നീന്തലറിയാത്ത സുരക്ഷാ സേനയും കൂടെയുള്ള കെസി വേണുഗോപാലും ടിഎന്‍ പ്രതാപനും ഞെട്ടിപ്പോയി.
ചാടിയെന്ന് മാത്രമല്ല കൂടെചാടാന്‍ കെസിയേയും പ്രതാപനേയും ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാരല്ലേ ചാടിച്ചേ ശീലമുള്ളൂ ചാടി ശീലമില്ല.
ആഴക്കടലിലെ ആര്‍ത്തലയ്ക്കുന്ന തിരമാലകളെ കൂസാതെയുള്ള രാഹുല്‍ ഗാന്ധിയുടെ കടലില്‍ച്ചാട്ടം അക്ഷരാര്‍ഥത്തില്‍ തന്നെ ഞെട്ടിച്ചെന്ന് പ്രതാപന്‍ പറയുന്നത്. തന്നോടും കടലിലേക്ക് എടുത്തു ചാടാന്‍ പറഞ്ഞപ്പോള്‍ കൈകൂപ്പി തൊഴുത്, തന്റെ മക്കളെയോര്‍ത്ത് ഒഴിവാക്കിത്തരണം എന്നാണ് ടി.എന്‍.പ്രതാപന്‍ പറഞ്ഞത്.
പ്രതാപന്റെ അനുഭവക്കുറിപ്പ് ഇങ്ങനെയാണ്. കടലിന്റെ മക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി എന്നൊരു പരിപാടി 2015 ല്‍ ചാവക്കാട്ടു നടന്നിരുന്നു. അന്നുതന്നെ ഉള്‍ക്കടലില്‍ പോയി മത്സ്യബന്ധനം നടത്തുന്ന അനുഭവം നേരിട്ടറിയണമെന്ന് രാഹുല്‍ജി പറഞ്ഞിരുന്നു. ഞാന്‍ അതിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നതുമാണ്. പക്ഷേ, സുരക്ഷാ പ്രശ്‌നങ്ങള്‍ അടക്കമുള്ള പല സാങ്കേതിക കാരണങ്ങളാലും അതു നടന്നില്ല. പിന്നീട് തൃപ്രയാറില്‍ നടന്ന ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും ഇങ്ങനെയൊരു കടല്‍യാത്ര ഉദ്ദേശിച്ചിരുന്നെങ്കിലും നടക്കാതെ പോയി.
മത്സ്യത്തൊഴിലാളികളുടെ വിഷമങ്ങള്‍ പങ്കുവയ്ക്കുമ്പോഴും മത്സ്യമേഖലയെ സംബന്ധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴുമൊക്കെ രാഹുല്‍ജി കടലിന്റെ മക്കള്‍ക്കൊപ്പം ഉള്‍ക്കടലില്‍ മീന്‍ പിടിക്കാന്‍ പോകണമെന്നു പറയും: എനിക്കവരുടെ അധ്വാനം അടുത്തറിയണം. പക്ഷേ, പലപ്പോഴും അതു നടക്കാതെ പോയി. അങ്ങനെയാണ് ഇത്തവണത്തെ കേരള സന്ദര്‍ശനത്തിന് വളരെ സൂക്ഷ്മമായി ഒരു പദ്ധതി തയാറാക്കിയത്. ആരെയും അറിയിക്കാതെ, നല്ലവണ്ണം സമയമെടുത്ത് കൃത്യമായി, സുരക്ഷിതമായി ഒരു അവസരം ഉണ്ടാക്കാന്‍ സാധിച്ചു.
പുലര്‍ച്ചെ, രാഹുല്‍ജിയും ഞാനും പ്രിയ കെസിയും, സിആര്‍പിഎഫുകാരുടെ വല്ലാത്ത നിര്‍ബന്ധത്തിനു വഴങ്ങി അവരിലെ രണ്ടുപേരെയും കൂട്ടി കടലിലേക്ക് ഇറങ്ങി. നേരത്തേ പറഞ്ഞുവച്ച ബോട്ടുകാരോട്, എന്റെ കൂടെ രാഹുല്‍ജിയുണ്ടാകുമെന്നു ഞാന്‍ വെളിപ്പെടുത്തിയിരുന്നില്ല. രാഹുല്‍ജിയെ കണ്ടപാടേ അവരുടെ കണ്ണുതള്ളി. ഇത് രാഹുല്‍ജി തന്നെയാണോ എന്നു ശങ്കിച്ച നില്‍പായിരുന്നു അവരുടേത്. കാരിയര്‍ വഞ്ചിയിലാണ് മത്സ്യബന്ധന നൗകയിലേക്കു നീങ്ങിയത്.
ഉള്‍ക്കടലിലേക്കുള്ള യാത്രയ്ക്കിടെ രാഹുല്‍ജി തൊഴിലാളികളുമായി ചങ്ങാത്തത്തിലായി. അവരിലൊരാളായി അവരുടെയും കുടുംബത്തിന്റെയും ക്ഷേമം അറിയുകയാണ് അദ്ദേഹം. ചുറ്റിലും ഇരുള്‍ തന്നെയാണ്. അകലെ മറ്റു നൗകകളുടെ വെളിച്ചങ്ങള്‍ കണ്ണു ചിമ്മുന്നതു കാണാം. ഉള്‍ക്കടലില്‍ എത്തിയപ്പോള്‍ വലയടിക്കാന്‍ തുടങ്ങി. വല കെട്ടാന്‍ വേണ്ടി തൊഴിലാളി സുഹൃത്തുക്കളില്‍ ഒരാള്‍ കടലിലേക്കു ചാടി.
അയാളെന്തിനാണ് കടലില്‍ ചാടിയതെന്നു രാഹുല്‍ജി ചോദിച്ചു. വലകെട്ടാന്‍ ഇങ്ങനെ ഇറങ്ങുന്നത് ഒരു രീതിയാണെന്ന് അദ്ദേഹത്തോട് ഞങ്ങള്‍ വിശദീകരിച്ചു. എങ്കില്‍ ആ സുഹൃത്തിനെ സഹായിക്കാന്‍ ഞാനും ചാടുന്നു എന്നുപറഞ്ഞ് രാഹുല്‍ജി കടലിലേക്ക് ഊളിയിട്ടു ചാടി. ഞാനും കെസിയും രാഹുല്‍ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും അന്ധാളിച്ചു നില്‍ക്കെ, രാഹുല്‍ജി നേരത്തേ ചാടിയ സുഹൃത്തിന്റെ അടുത്തെത്തി.
നിങ്ങള്‍ പേടിക്കേണ്ട, രാഹുല്‍ജി സ്‌കൂബാ ഡൈവിങ്ങിലൊക്കെ നല്ല പരിശീലനം ഉളള ആളാണ്.., രാഹുല്‍ജിയുടെ പഴ്‌സനല്‍ അസിസ്റ്റന്റ് അലങ്കാര്‍ ആണതു പറഞ്ഞത്. രാഹുല്‍ജി ചാടിയതു കണ്ട് ഒന്നുരണ്ടു മത്സ്യത്തൊഴിലാളി സുഹൃത്തുക്കള്‍ കൂടി കടലിലിറങ്ങി. കെസിയോടു ചാടാന്‍ പറഞ്ഞപ്പോള്‍ വിസമ്മതിച്ചു. രാഹുല്‍ജി പിന്നെ നോക്കിയത് എന്നെ. ഞാന്‍ ഇല്ലെന്നു കൈകൂപ്പി. 'അതെന്താ? ഓള്‍ ഇന്ത്യ ഫിഷര്‍മെന്‍ കോണ്‍ഗ്രസ് നേതാവൊക്കെയായിട്ട്..?' രാഹുല്‍ജി വിടാന്‍ ഭാവമില്ല. 'എന്റെ മക്കള്‍ നന്നേ ചെറുതാണ്. ഇത് ഉള്‍ക്കടലാണ്; എനിക്ക് ആയിക്കോളണം എന്നില്ല...' ഇതുകേട്ട രാഹുല്‍ജി ചിരിച്ചു.
വലയടിച്ചു കഴിഞ്ഞ് ഞങ്ങള്‍ എല്ലാവരും കൂടി വല കയറ്റാന്‍ തുടങ്ങി. ഒരു കണവയും രണ്ടു മത്തിയും അല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കു കിട്ടിയില്ല. രാഹുല്‍ജിക്കു വലിയ സങ്കടമായി. ഇങ്ങനെ ഓരോ തവണയും പ്രതീക്ഷയോടെ കടലിലെത്തിയിട്ട് നിരാശരായി മടങ്ങേണ്ടിവരുന്ന മത്സ്യത്തൊഴിലാളികളെ ഓര്‍ത്താണ് രാഹുല്‍ജിയുടെ വിഷമം. അദ്ദേഹം തൊഴിലാളി സുഹൃത്തുക്കളോട് ഇങ്ങനെ വരുമ്പോഴുള്ള നഷ്ടത്തെ കുറിച്ചാരാഞ്ഞു. കടലില്‍ മത്സ്യസമ്പത്ത് കുറയുന്നതിനെപ്പറ്റിയും കടലിലെ വറുതി കാരണം കരയില്‍ പട്ടിണിയാണെന്നും അവര്‍ അദ്ദേഹത്തോട് പരിഭവം പറഞ്ഞു.
തൊഴിലാളിസുഹൃത്തുക്കള്‍ കയ്യില്‍ കരുതിയിരുന്ന മീന്‍ പാചകം ചെയ്തു. ബ്രെഡും നല്ല രുചികരമായ മീന്‍കറിയും. മടക്കയാത്രയിലും അദ്ദേഹം തൊഴിലാളിസുഹൃത്തുക്കളോട് കുശലം പറഞ്ഞിരിക്കുകയായിരുന്നു. ബോട്ടില്‍നിന്ന് കാരിയര്‍ വള്ളത്തിലേക്കു ഞങ്ങള്‍ മാറിക്കയറി. ഇനി കരയിലേക്ക്. കരയോടടുത്തപ്പോള്‍ രാഹുല്‍ജി വള്ളത്തില്‍നിന്ന് ചാടിയിറങ്ങി.
ശത്രുക്കളെപ്പോലും അമ്പരപ്പിക്കുന്ന വിനയവും സ്‌നേഹവും മുഖമുദ്രയായ, ഒരുപക്ഷേ കാലത്തിനുപോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര വിശാലമായ മനസ്സും ആത്മാവും ഉള്ള ഒരാള്‍.. അതാണ് രാഹുല്‍ജി... എന്നാണ് പ്രതാപന്‍ പറഞ്ഞു വയ്ക്കുന്നത്.
"
https://www.facebook.com/Malayalivartha
























