രക്ഷപ്പെട്ടത് മഹാഭാഗ്യം... കേരളത്തേയും മുംബൈയേയും അമ്പരപ്പിച്ച് വന്‍ സ്‌ഫോടക ശേഖരം; തക്ക സമയത്ത് കണ്ടുപിടിച്ചതിനാല്‍ രണ്ട് ദുരന്തങ്ങള്‍ ഒഴിവായി; കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടി; യാത്രക്കാരി കസ്റ്റഡിയില്‍; മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തു നിറച്ച കാര്‍

കേരളത്തേയും മുംബൈയേയും ഞെട്ടിപ്പിക്കുന്ന രണ്ട് വന്‍ സ്‌ഫോടന ശേഖരമാണ് കണ്ടെത്തിയത്. ഒന്ന് മുകേഷ് അംബാനിയുടെ വീട്ടിലെ പരിസരത്തും രണ്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും. രണ്ടിനും പരസ്പര ബന്ധമില്ലെങ്കിലും അടുത്തടുത്തുള്ള സ്‌ഫോടന ശേഖര കണ്ടെത്തലില്‍ രാജ്യം ആകാംക്ഷയിലാണ്.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തുക്കളാണ് പിടികൂടിയത്. 117 ജലാറ്റിന്‍ സ്റ്റിക്കുകളും 350 ഡിറ്റനേറ്ററുകളുമാണ് കണ്ടെത്തിയത്. ചെന്നൈമംഗലാപുരം സൂപ്പര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ സീറ്റിനടിയില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.
സംശയാസ്പദമായ സാഹചര്യത്തില്‍ ചെന്നൈ സ്വദേശിയായ ഒരു സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ ചെന്നൈയില്‍ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്നു.
റെയില്‍വേ പൊലീസിന്റെ പതിവ് പരിശോധനയിലാണ് ട്രെയിനിന്റെ ഡി വണ്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. കസ്റ്റഡിയിലായ സ്ത്രീയ്ക്ക് സ്‌ഫോടക വസ്തുവമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ പൊലീസ് ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇവരെ ചോദ്യംചെയ്ത ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം തന്നെ മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നിറുത്തിയിട്ടിരുന്ന കാറില്‍ നിന്ന് പൊലീസ് 20 ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെടുത്തു. ബോംബ് സ്‌ക്വാഡ് പരിശോധന തുടങ്ങിയതായി പൊലീസ് പറഞ്ഞു. മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് പുറത്ത് കാര്‍ നിര്‍ത്തിയിട്ടിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബോംബ് നിര്‍മാര്‍ജന സ്‌ക്വാഡ് പൊലീസിനെ അറിയിക്കുകയായിരുന്നു.
ഗാംദേവി പൊലീസ് സ്‌റ്റേഷന്റെ പരിധിയില്‍ ഇന്ന് വൈകീട്ട് കാര്‍മിഷേല്‍ റോഡില്‍ സംശയാസ്പദമായ രീതിയില്‍ വാഹനം കണ്ടെത്തിയതായി മുംബയി ഡി.സി.പി ചൈതന്യ എസ് പറഞ്ഞു. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ വന്‍ ബിസിനസ് മാറ്റവുമായി മുകേഷ് അംബാനി രംഗത്തെത്തിയിരുന്നു. ഓയില്‍, കെമിക്കല്‍ ബിസിനസ് സ്വതന്ത്ര സ്ഥാപനമാക്കുമെന്ന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. പുതിയ ശാഖയുടെ 100 ശതമാനം നിയന്ത്രണം റിലയന്‍സിനായിരിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. തന്ത്രപരമായ പങ്കാളിത്തത്തിലൂടെ കൂടുതല്‍ നിക്ഷേപം ലക്ഷ്യമിട്ടാണ് ബിസിനസ് വിഘടിപ്പിയ്ക്കുന്നത്.
സൗദി അരാംകോയില്‍ നിന്നുള്‍പ്പെടെ കമ്പനി നിക്ഷേപം സ്വീകരിയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഡിജിറ്റല്‍, റീട്ടെയില്‍, ശാഖകള്‍ക്ക് പുറമെ ഓയില്‍, എനര്‍ജി മേഖലയിലും ശ്രദ്ധേയ സാന്നിധ്യമറിയിക്കുകയാണ് ലക്ഷ്യം. കമ്പനിയുടെ സ്വതന്ത്രമായ വളര്‍ച്ച ലക്ഷ്യമിട്ടാണ് ബിസിനസ് പുനസംഘടന എന്നാണ് സൂചന. ഇത് സബന്ധിച്ച് കമ്പനി ഓഹരി ഉടമകളുടെ ഉള്‍പ്പെടെ അഭിപ്രായം തേടിയിട്ടുണ്ട്.
കൊവിഡ് 19 പകര്‍ച്ചവ്യാധി മൂലം കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി അരാംകോയുമായുള്ള ചര്‍ച്ചകള്‍ റിലയന്‍സ് നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ അരാംകോയെ ഉള്‍പ്പെടുത്തിയാകും ബിസിനസ് പുനസംഘടന എന്ന വാദങ്ങള്‍ ശക്തമാണ്.
ഗുജറാത്തിലെ ജംനഗറിലെ ഇരട്ട എണ്ണ ശുദ്ധീകരണ ശാലകളും പെട്രോകെമിക്കല്‍ ആസ്തികളും ഉള്‍ക്കൊള്ളുന്ന ഓയില്‍കെമിക്കല്‍ ബിസിനസിലെ 20 ശതമാനം ഓഹരി ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അരാംകോയ്ക്ക് വില്‍ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് 2019 ല്‍ നടന്നത്.
2020 മാര്‍ച്ചോടെ കരാര്‍ അവസാനിപ്പിക്കാനായിരുന്നു ധാരണയെങ്കിലും കൊറോണ വൈറസ് പ്രതിസന്ധിക്കിടെ കാലതാമസം നേരിടുകയായിരുന്നു. ആര്‍ഐഎല്ലും സൗദി അരാംകോയും തമ്മില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടത്തി വരുന്നതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ മുകേഷ് അംബാനിയുടെ ബിസിനസ് ചൂടു പിടിക്കുന്നതിനിടേയാണ് വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha