എല്ലാം വളരെ പെട്ടെന്ന്... സിപിഎം കേന്ദ്ര, സംസ്ഥാന കമ്മിറ്റികളെയും മന്ത്രിസഭയിലെ തന്റെ എല്ലാ സഹപ്രവര്‍ത്തകരെയും തള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യം വന്നത് വെറും മുക്കാല്‍ മണിക്കൂര്‍!

വ്യാഴാഴ്ച സന്ധ്യക്ക് 6 ന് പത്ര സമ്മേളനം തുടങ്ങിയ മുഖ്യമന്ത്രി ആറേമുക്കാലിന് പത്ര സമ്മേളനം അവസാനിപ്പിക്കുമ്പോള്‍ അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരെയും പാര്‍ട്ടിയെയും തള്ളിപറഞ്ഞിരുന്നു.
പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് പിണറായി മുക്കാല്‍ മണിക്കൂര്‍ കൊണ്ട് തള്ളിയത്.
സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ തള്ളുമെന്ന് സി പി എം പോലും പ്രതീക്ഷിച്ചില്ല. അത്തരമൊരു സൂചനയല്ല അവര്‍ സമരകാര്‍ക്ക് നല്‍കിയിരുന്നത്.വ്യാഴാഴ്ച ഉത്തരവ് ഇറങ്ങുമെന്നും അന്നു തന്നെ സമരം അവസാനിപ്പിക്കാമെന്നുമായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്.
സിവില്‍ പോലീസ് ഓഫീസര്‍ (സിപിഒ) റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ലാസ്റ്റ് ഗ്രേഡുകാരുടെ ആവശ്യവും നിരാകരിച്ചിട്ടുണ്ട്. വലിയ കാര്യങ്ങളൊന്നും നടന്നില്ലെങ്കിലും ചെറുപ്പക്കാരുടെ രോഷം തണുപ്പിക്കണമെന്നാണ് സിപി എം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
എല്ലാ മന്ത്രിമാര്‍ക്കും സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ ഏകാഭിപ്രായമായിരുന്നു. ഇ.പി. ജയരാജനെ പോലുള്ള ചില മുതിര്‍ന്ന മന്ത്രിമാര്‍ ഇക്കാര്യം മുഖ്യമന്ത്രിയുമായി പങ്കുവച്ചു. എന്നാല്‍ മുഖ്യമന്ത്രി അപ്പോഴൊക്കെ നിശബ്ദനായിരുന്നു.
ഒടുവില്‍ ജയരാജന്‍ തന്റെ വകുപ്പിന് കീഴിലുള്ള കണ്‍ഫ്യൂഷന്‍ സ്വയം തീര്‍ക്കുകയായിരുന്നു. കായിക താരങ്ങള്‍ക്ക് അദ്ദേഹം നേരിട്ടാണ്, മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ്, ജോലി നല്‍കാന്‍ തീരുമാനിച്ചത്.
സി പി എം കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും കോണ്‍ഗ്രസും ബിജെ പി യുമെല്ലാം ഒറ്റക്കെട്ടായി മുന്നോട്ടു വച്ച ആവശ്യമാണ് പിണറായി വിജയന്‍ തള്ളിയത്. യുവാക്കളുടെ സമരം എങ്ങനെയെങ്കിലും പിന്‍വലിക്കണമെന്ന സകലമാന ജനങ്ങളുടെയും ആവശ്യവും തള്ളി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പരാതി പരിഹരിക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറഞ്ഞതല്ലാതെ അത് എങ്ങനെയാണെന്ന് പോലും മുഖ്യമന്ത്രി പറഞ്ഞില്ല. എങ്കിലും ലാസ്റ്റ് ഗ്രേഡുകാര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. എന്നാല്‍ സമരം തുടരാനുള്ള അവരുടെ തീരുമാനത്തിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയാം.
കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ഥികളുമായി ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ ചര്‍ച്ചയുടെ തീരുമാനങ്ങളാണ് ഉത്തരവായി സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത്.
സിപിഒ ലിസ്റ്റിലെ 7580 പേരില്‍ 5609 പേര്‍ക്ക് നിയമനം നല്‍കി. 74 ശതമാനത്തിലധികം പേര്‍ക്ക് നിയമനം നല്‍കിയതിനാല്‍ അത് ഇനി നീട്ടി നല്‍കാനാവില്ല. 1200 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന ഉദ്യോഗാര്‍ഥികളുടെ വാദം തെറ്റാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി ഉത്തരവില്‍ പറയുന്നു.
ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി 2021 ഓഗസ്റ്റ് 4 വരെ നീട്ടിയിട്ടുള്ളതാണ്. ഈ ലിസ്റ്റില്‍ 6000 പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് വരുന്ന ഒഴിവുകളില്‍ ഈ ലിസ്റ്റില്‍ നിന്ന് നിയമനം നല്‍കാമെന്ന ഉറപ്പും ഉത്തരവില്‍ പറയുന്നുണ്ട്. എല്‍ജിഎസ് റാങ്ക് ലിസ്റ്റുകാര്‍ക്ക് രേഖമൂലം സര്‍ക്കാര്‍ നല്‍കിയ ഈ ഉത്തരവ് ഒരു ആശ്വാസമാണ്. ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസാണ് കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയത്. സമരം ചെയ്യുന്ന ജീവനക്കാര്‍ കള്ളം പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ക്ക് ഒന്നും മനസിലാവില്ലെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യാതിരുന്നെങ്കില്‍ അവര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. സമരത്തിന് എത്തും മുമ്പ് ചില സി പി എം നേതാക്കള്‍ സമരകാര്‍ക്ക് ഇതിന്റെ സൂചന നല്‍കിയിരുന്നതാണ്.
എന്നാല്‍ സമരം കോണ്‍ഗ്രസ് സ്‌പോണ്‍സേഡ് ആയതാണ് മുഖ്യമന്ത്രിയെ സമരത്തിന് തീര്‍ത്തും എതിരായത്. അദ്ദേഹത്തെ അറിയുന്നവര്‍ക്ക് ഇനി പ്രതീക്ഷയുടെ കണിക പോലും ബാക്കിയില്ലെന്നറിയാം.
"
https://www.facebook.com/Malayalivartha