രണ്ടാംഘട്ട കോവിഡ് വാക്സിന്‍ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു... രണ്ടാംഘട്ട വിതരണത്തിനുള്ള വാക്സിന്‍ ഇന്ന് എത്തും; രജിസ്ട്രേഷന്‍ ഉടന്‍ , 60 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കും മറ്റു രോഗങ്ങളുള്ള 45 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാകിസിന്‍ നല്‍കുന്നത്

രണ്ടാംഘട്ട കോവിഡ് വാക്സിന്‍ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചുകഴിഞ്ഞു. 4,06,500 ഡോസ് വാക്സിനുകള്‍ വെളഅളിയാഴ്ചയോടെ സംസ്ഥാനത്തെത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
രാജ്യത്തെ രണ്ടാംഘട്ട വാക്‌സിന്‍ വിതരണം തിങ്കാഴ്ച ആരംഭിക്കും. 60 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കും മറ്റു രോഗങ്ങളുള്ള 45 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാകിസിന്‍ നല്‍കുന്നത്. എന്നാല്‍ സംസ്ഥാനത്തെ കോവിഡ് രജിസ്ട്രേഷന്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
കേന്ദ്രത്തില്‍ നിന്നുള്ള മാര്‍ഗനിര്‍ദ്ധേശങ്ങള്‍ വരുന്നതനുസരിച്ച് രജിസ്ട്രേഷന്‍ ആരംഭിക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച വാക്സിന്‍ എത്തുമെന്ന് അറിയിപ്പ് ലഭിച്ചതോടെ വാക്സിന്‍ കേന്ദ്രങ്ങള്‍ സജ്ജമാണ്.
തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 1,59,500 ഡോസ് വാക്സിനുകളും, കോഴിക്കോട് 1,09,000 ഡോസ് വാക്സിനുകളുമാണ് എത്തുന്നത്.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് തൊട്ടടുത്ത പ്രദേശത്ത് വാക്സിന്‍ എടുക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ഒരുക്കുന്നതാണ്. 300 ഓളം സ്വകാര്യ ആശുപത്രികളില്‍ വാക്സിനേഷന്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും കോവിഡ് മുന്നണി പോരാളികളുടേയും വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ധേശം നല്‍കിക്കഴിഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം വാക്‌സിന്‍ വിതരണം പൂര്‍ത്തിയായിട്ടില്ല. രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കാതെ പോയവര്‍ക്കും രജിസ്ട്രേഷന്‍ ചെയ്തിട്ടും വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കാതെവന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും വീണ്ടും അവസരം നല്‍കണമെന്ന് കഴിഞ്ഞ ദിവസം കേരളം കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതിന്റ അടിസ്ഥാനത്തില്‍ വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കാതെപോയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഫെബ്രുവരി 27-ന് മുന്‍പായും കോവിഡ് മുന്നണി പോരാളികള്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഒന്നിനു മുമ്പായും വാക്സിന്‍ സ്വീകരിക്കാം. വാക്സിനേഷന്‍ പ്രക്രിയ അവലോകനം ചെയ്യുന്നതിന് ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. നിലവില്‍ സംസ്ഥാനത്ത് 611 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
ഇതുവരെ 3,38,534 ആരോഗ്യപ്രവര്‍ത്തകരാണ് സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിച്ചത്. ഇതില്‍ 71,047 ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യഘട്ടത്തിലെ രണ്ടു ഡോസ് വാക്സിനുകളും സ്വീകരിച്ചവരാണ്. കൂടാതെ 79,115 കോവിഡ് മുന്നണി പോരാളികളും 13,113 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു.
പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇപ്പോഴും മഹാരാഷ്ട്രയും കേരളവുമാണ് മുന്നില്‍. കേരളം അടക്കമുള്ള പത്തു സംസ്ഥാനങ്ങളില്‍ കേന്ദ്രം കനത്ത ജാഗ്രതാ നിര്‍ദ്ധേശം നല്‍കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha