താപനില വര്‍ദ്ധിക്കുന്നു..... പൊതുജനങ്ങള്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണം.... ഇന്ന് ചൂട് ഉയരാന്‍ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.....

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വ്യാഴാഴ്ച വരെ ഈ ജില്ലകളില്‍ സാധാരണ താപനിലയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
കേരളത്തില്‍ ചിലയിടങ്ങളില്‍ പൊതുവെ ചൂട് വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കേരളം ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയുള്ള ഒരു തീരദേശ സംസ്ഥാനമായതിനാല്‍ താപനില ഉയരുന്നത് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. അതിനാല്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ നോക്കണമെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം പാലക്കാട് ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാംദിനവും ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയിലാണ് ഇന്നലെയും കൂടിയ ചൂട് 40 ഡിഗ്രിയിലെത്തിയത്. കുറഞ്ഞ ചൂട്-21. ആര്‍ദ്രത-28%. പട്ടാമ്ബിയില്‍ 37 ഡിഗ്രിയാണ് ഉയര്‍ന്ന ചൂട്. കുറഞ്ഞത്-22.2. ആര്‍ദ്രത-98%. മലമ്ബുഴയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രിയും കുറഞ്ഞത് 21.8ഉം ആര്‍ദ്രത 21ഉം രേഖപ്പെടുത്തി.
ഉച്ചയ്ക്ക് അസഹനീയമായ ചൂടാണനുഭവപ്പെടുന്നത്. പകല്‍ പുറത്ത് തൊഴില്‍ ചെയ്യുന്നവരുടെ ജോലിസമയം ക്രമീകരിച്ചട്ടുണ്ട്. തൊഴിലുടമകള്‍ ഇത് കര്‍ശനമായി പാലിക്കണം. നിര്‍ജ്ജലീകരണ സാദ്ധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുമ്പോള്‍ വെള്ളം കൈയില്‍ കരുതണം. അയഞ്ഞതും പരുത്തി പോലുള്ള വസ്ത്രങ്ങളും ധരിക്കണം.
ഈ വര്‍ഷം ഇന്ത്യയില്‍ പലയിടങ്ങളിലും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (മെറ്റ്). 2021 മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള താപനില അനുസരിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ മെറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കി.ചില തെക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെയുള്ള ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ സാധാരണ താപനിലയില്‍ നിന്നും വ്യത്യസ്ഥമായി ചൂട് കൂടുതല്‍ അനുഭവപ്പെടും.
മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ വടക്ക്, വടക്ക് കിഴക്ക്, കിഴക്ക്, പടിഞ്ഞാറ് മേഖലകളില്‍ പകല്‍സമയം താപനില ഉയരാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിമാലയന്‍ താഴ്വരകളിലും വടക്ക് കിഴക്കന്‍, തെക്ക് സംസ്ഥാനങ്ങളുടെ താഴ്വാരങ്ങളില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലും അടുത്ത മൂന്ന് മാസത്തില്‍ കുറഞ്ഞ അളവിലുള്ള താപനിലയും പ്രവചിച്ചിരിക്കുന്നു.
എന്നാല്‍, തെക്ക് - മധ്യ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളില്‍ രാത്രി കാലങ്ങളില്‍ സാധാരണ നിലയിലുള്ള താപനില ആയിരിക്കും. ഫെബ്രുവരിയിലെ പ്രാരംഭ കാലാവസ്ഥയുടെ അടിസ്ഥാനത്തിലും 2003-2018 കാലയളവില്‍ പുറപ്പെടുവിച്ച കാലാവസ്ഥാ റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഐഎംഡി) ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്.
ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെയുള്ള പ്രവചനം ഏപ്രില്‍ മാസത്തില്‍ ഐഎംഡി പുറത്തുവിടും.ഹരിയാന, പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ചണ്ഡീഗഢ്, ബീഹാര്‍ തുടങ്ങിയ സിന്ധു - ഗംഗാ സമതല പ്രദേശങ്ങളില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ താപനില ഉയര്‍ന്നേക്കാം.
ഈ പ്രദേശങ്ങളില്‍ സാധാരണഗതിയില്‍ നിന്ന് 0.71 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു
L
https://www.facebook.com/Malayalivartha