ഡോവ് ഉരച്ച് സെല്ലിലെ ഷെറിന്റെ കുളി ഏമാന്മാർക്ക് ബോധിച്ചു, കെട്ടിലമ്മ ജയിൽ വിടുന്നു, ഗണേഷിനിട്ട് പണിഞ്ഞ് ഗവർണർ

ജയിലിലെ സ്ഥിരം പ്രശ്‌നക്കാരിയാണെങ്കിലും ഷെറിന് പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ അധികൃതര്‍ നിയമങ്ങളോ ചട്ടങ്ങളോ നോക്കാറില്ല. ഒടുവില്‍ 'നല്ല നടപ്പ്' തിയറിയില്‍ മോചനവും.
ചെങ്ങന്നൂര്‍ ഭാസ്‌കരകാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ അടക്കം 11 പേര്‍ക്ക് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. മൂന്നുകേസുകളിലായാണ് 11 പേര്‍ക്ക് മോചനം നല്‍കുന്നത്. ഷെറിനെ വിട്ടയയ്ക്കുന്നത് വലിയ വിവാദമായിരുന്നു. ഈ ശുപാര്‍ശ ഗവര്‍ണര്‍ക്ക് മുന്നിലുള്ളപ്പോഴും ജയിലിനുള്ളിലെ അടിപിടി കേസില്‍ പെട്ടു. അത്തരമൊരാളെയാണ് വിട്ടയയ്ക്കുന്നത്. ഷെറിന്‍ ഇപ്പോള്‍ കണ്ണൂര്‍ ജയിലിലാണ്. 2009-ലാണ് ഭര്‍ത്തൃപിതാവായ ഭാസ്‌കരകാരണവരെ ഷെറിനും മറ്റു മൂന്നുപ്രതികളും ചേര്‍ന്ന് വീടിനുള്ളില്‍വെച്ച് കൊലപ്പെടുത്തിയത്.
നേരത്തേ ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശചെയ്തിരുന്നു. ഇവര്‍ക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്തുവന്നതും രാജ്ഭവന്റെ ശ്രദ്ധയില്‍ എത്തി. ഇതേത്തുടര്‍ന്ന് ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവന്‍ ഏര്‍പ്പെടുത്തി. ശുപാര്‍ശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ സമര്‍പ്പിക്കുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്.
മദ്യപിച്ച് വഴക്കുണ്ടാക്കി അയല്‍ക്കാരെയും ബന്ധുക്കളെയും അപായപ്പെടുത്തിയ മറ്റുരണ്ട് കേസുകളില്‍പ്പെട്ടവരാണ് ശിക്ഷായിളവ് ലഭിച്ച മറ്റ് പത്തുപേര്‍. മലപ്പുറത്തും തിരുവനന്തപുരത്തും ഉണ്ടായ ഈ കേസുകളില്‍ അഞ്ചുവീതം പ്രതികളാണുള്ളത്. ഷെറിന് ഏപ്രില്‍ മാസം അഞ്ചു മുതല്‍ 23 വരെ രണ്ടാഴ്ചത്തെ പരോളും അനുവദിച്ചിരുന്നു. ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് വിരുദ്ധമാണ് ഇപ്പോള്‍ പുറത്തു വരുന്ന ജയില്‍ മോചന റിപ്പോര്‍ട്ട്.
ജീവപര്യന്തം തടവിന്റെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വര്‍ഷം പൂര്‍ത്തിയതിനു പിന്നാലെ ശിക്ഷാ ഇളവ് നല്‍കി ഷെറിനെ സ്വതന്ത്രയാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷമായി തടവില്‍ കിടക്കുന്ന പലരുടെയും അപേക്ഷ ചവറ്റുകുട്ടയില്‍ കിടക്കുമ്പോള്‍ ഷെറിന് കിട്ടിയ പരിഗണനയ്ക്ക് പിന്നില്‍ ഒരു മന്ത്രിയുടെ കരുതല്‍ എന്ന ആക്ഷേപം പോലും ഉയര്‍ന്നിരുന്നു. 14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ ഇതുവരെ 500 ദിവസം ഷെറിന് പരോള്‍ ലഭിച്ചിട്ടുണ്ട്.
ഷെറിനെ വിട്ടയയ്ക്കുന്നതിനെതിരെ ഗവര്‍ണര്‍ക്കും പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ന്ന കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശകസമിതിയാണു ഷെറിന്റെ അകാല വിടുതലിനു ശുപാര്‍ശ നല്‍കിയത്. ഇത് മന്ത്രിസഭ അംഗീകരിച്ചു. മന്ത്രിസഭായോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തു. ഭരണഘടനയുടെ 161-ാം അനുച്ഛേദപ്രകാരമുള്ള അധികാരമുപയോഗിച്ചാണ് മോചനത്തിന് മന്ത്രിസഭ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചത്. സര്‍ക്കാരിന്റെ ശുപാര്‍ശ വച്ചുതാമസിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ 'സംക്ഷിപ്ത രൂപം' മാത്രമാണെന്നുമാണ് സുപ്രീംകോടതി പേരറിവാളന്‍ കേസില്‍ പറഞ്ഞത്. ഗവര്‍ണര്‍ തീരുമാനം വൈകിപ്പിച്ചാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാമായിരുന്നു.
ഷെറിനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ രണ്ടുവട്ടം ശുപാര്‍ശ നല്‍കിയിരുന്നു. ഫെബ്രുവരി 13ന് ഗവര്‍ണര്‍ക്ക് നല്‍കിയ ശുപാര്‍ശ അദ്ദേഹം വിശദീകരണം തേടി തിരിച്ചയച്ചിരുന്നു. അതോടെയാണ് മോചനത്തിന് ഗവര്‍ണര്‍ക്ക് വീണ്ടും നല്‍കിയ ശുപാര്‍ശയാണ് ഇപ്പള്‍ അംഗീകരിച്ചത്. ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുന്നതോടെ ഷെറിന് ജയില്‍ മോചിതയാവും. ഷെറിനെ പുറത്തിറക്കുന്നതിനെ കൊല്ലപ്പെട്ട കാരണവരുടെ ബന്ധുക്കളടക്കം എതിര്‍ത്തിരുന്നു. മോചന ശുപാര്‍ശയില്‍ ഒപ്പിടരുതെന്ന് രമേശ് ചെന്നിത്തലയും നിവേദനം നല്‍കിയിരുന്നു. ഒരു മന്ത്രിയുടെ പേരിലും ഷെറിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നിരുന്നു.
കുറ്റകൃത്യം, ശിക്ഷ, അനുവദിച്ച പരോള്‍, ജയില്‍ ഉപദേശകസമിതിയുടെയും പൊലീസ്- ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ടിലെ ശുപാര്‍ശ, ഇരയുടെ ബന്ധുക്കളുടെ അഭിപ്രായം, വീണ്ടും കുറ്റകൃത്യം നടത്താനുള്ള സാദ്ധ്യത എന്നിങ്ങനെ വിവരങ്ങളടങ്ങിയ പ്രൊഫോര്‍മയാണ് ആഭ്യന്തര വകുപ്പ് രാജ്ഭവന് കൈമാറിയിരുന്നത്. ഇത് പരിഗണിച്ചാണ് ഗവര്‍ണര്‍ മോചന ഫയലില്‍ ഒപ്പിട്ടത്. മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരമാവണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് പേരറിവാളന്‍ കേസില്‍ സുപ്രീംകോടതി ഉത്തരവുള്ളതിനാല്‍ ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിക്കാതെ വഴിയില്ലെന്ന സ്ഥിതിയായിരുന്നു.
ഷെറിനെ മോചിപ്പിക്കാന്‍ ഫെബ്രുവരി 13ന് തന്നെ മന്ത്രിസഭാ തീരുമാനമടങ്ങിയ ഫയല്‍ രാജ്ഭവനില്‍ എത്തിച്ചെങ്കിലും തീരുമാനമെടുക്കാതെ ഗവര്‍ണര്‍ ഫയല്‍ നിയമോപദേശത്തിന് അയച്ചിരുന്നു. 25വര്‍ഷം വരെ ശിക്ഷയനുഭവിച്ച വനിതകളെ ശിക്ഷായിളവിന് പരിഗണിക്കാതെ ഷെറിനെ ഇളവിന് തിരഞ്ഞെടുത്തതില്‍ ആക്ഷേപമുയര്‍ന്നിരുന്നു. ജയിലിലെ നല്ലനടപ്പ്, വനിത എന്നിവ പരിഗണിച്ചാണ് ഇളവിനുള്ള ശുപാര്‍ശയെന്നാണ് ഫയലിലുള്ളത്.
25വര്‍ഷം വരെ ശിക്ഷയനുഭവിച്ചവരും രോഗികളുമായവരുടെ മോചനത്തിനുള്ള പൂജപ്പുര, വിയ്യൂര്‍, നെട്ടുകാല്‍ത്തേരി ജയില്‍ ഉപദേശക സമിതികളുടെ ശുപാര്‍ശകള്‍ പരിഗണിക്കാനിരിക്കെയാണ്, 14വര്‍ഷമായ ഷെറിന് ഇളവിനുള്ള ശുപാര്‍ശയില്‍ അതിവേഗം തീരുമാനമെടുത്തത്. ജീവപര്യന്തമായിരുന്നു ഷെറിന്റെ ശിക്ഷ. അട്ടക്കുളങ്ങര, മാവേലിക്കര അടക്കം വിവിധ ജയിലുകളില്‍ പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് ഷെറിനെ കണ്ണൂരിലേക്ക് മാറ്റിയിരുന്നു. ജയിലില്‍ നല്ലനടപ്പ് അടക്കം റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ശിക്ഷായിളവ് അനുവദിക്കേണ്ടത്. പക്ഷേ ഷെറിന്റെ കാര്യം അങ്ങനെയല്ല. എന്നിട്ടും ശിക്ഷാ ഇളവ് കിട്ടുന്നുവെന്നതാണ് വസ്തുത.
സംസ്ഥാനത്തെ ജയിലുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരില്‍ പരോള്‍ നേടുന്ന കാര്യത്തില്‍ കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ഒന്നാം സ്ഥാനത്തെത്തിയതും അടുത്തിടെ ചര്‍ച്ചയായിരുന്നു. 500 ദിവസത്തില്‍ അധികം പരോള്‍ ലഭിച്ചു.
ശിക്ഷിക്കപ്പെട്ട് ആദ്യം പൂജപ്പുര ജയിലില്‍ എത്തിയ ഷെറിനെ പി്ന്നീട് നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അവിടെ വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചതു വിവാദമായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പരാതി ഉണ്ടായി. 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റി. ഇവിടേയും വിഐപി പരിഗണനയിലായിരുന്നു താമസം.
തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു നല്‍കിയ ആദ്യ പട്ടികയിലും ഇവര്‍ ഇടം നേടിയിരുന്നു. കൊടി സുനി അടക്കം ഈ പട്ടികയിലുണ്ടായിരുന്നു. ഇക്കാര്യം മറുനാടന്‍ മലയാളി വാര്‍ത്തയാക്കി. ഇതിനെ തുടര്‍ന്ന് രണ്ടാം പട്ടികയില്‍ നിന്ന് ഒഴിവാക്കി. ജയിലില്‍ വിഐപി ജീവിതമാണ് ഷെറന്‍ നയിക്കുന്നത്. ജയില്‍ വകുപ്പും സര്‍ക്കാരും അനുവദിക്കുന്ന പരോളിനു പുറമെ അടിയന്തര പരോളുകളും കിട്ടി. തടവുകാര്‍ക്കു ജയിലില്‍ അഭിഭാഷകരെ കാണാനും എത്ര സമയം വേണമെങ്കിലും സംസാരിക്കാനും ജയില്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. മാത്രമല്ല അഭിഭാഷകനുമായി ഫോണിലും സംസാരിക്കാം. ഇതിനെല്ലാം അവസരമുള്ളപ്പോള്‍ ഈ ആവശ്യത്തിനു പരോള്‍ നല്‍കാനും നീക്കം നടന്നു.
നേരത്തെ ജയില്‍ എഡിജിപി ആയിരുന്ന ആര്‍ ശ്രീലേഖയും അടിയറവു പറഞ്ഞതോടെയാണ് ഷെറിന്‍ വീണ്ടും തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെത്തിയത്. മൊബൈല്‍ ഉപയോഗിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഷെറിനെ ജയില്‍ മാറ്റണമെന്ന് പരാതിപ്പെട്ട സൂപ്രണ്ട് ഒ വി വല്ലിയെക്കൊണ്ട് റിപ്പോര്‍ട്ട് തിരുത്തിയെഴുതിച്ചാണ് ഷെറിനെ രഹസ്യമായി അട്ടക്കുളങ്ങരയിലേക്ക് തിരിച്ചെത്തിച്ചത്. ഡിഐജി റാങ്കിലുള്ള ജയില്‍ ഓഫീസറുടെ സമ്മര്‍ദമാണ് ഷെറിന്റെ മടക്കത്തിന് വഴിയൊരുക്കിയത്. ഇതിനായി, ഷെറിനെ മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്നു ഈ ഓഫീസര്‍ സൂപ്രണ്ട് വല്ലിയില്‍നിന്ന് റിപ്പോര്‍ട്ടു വാങ്ങുകയായിരുന്നു. വിയ്യൂര്‍ ജയിലില്‍ ഷെറിന് പരിചാരകരായി തടവുകാര്‍ പ്രവര്‍ത്തിക്കുന്നതും ഷെറിന്റെ സെല്ല് മിനി ബ്യൂട്ടി പാര്‍ലര്‍ ആക്കിയതും നേരത്തെ വിവാദമായിരുന്നു. ഷെറിന്റെ വസ്ത്രങ്ങള്‍ അലക്കല്‍, ഷെറിന്റെ ടേണ്‍ വരുമ്പോള്‍ സെല്ലും ടോയ്‌ലറ്റും വൃത്തിയാക്കല്‍, ഇതായിരുന്നു വിയ്യൂര്‍ ജയിലിലെ പരിചാരകമാരുടെ ജോലി.
കൈ കാലുകളില്‍ ക്യൂട്ടെക്‌സ് ഇട്ട് ഷാമ്പു തേയ്ച്ചു കുളിക്കുന്ന ഷെറിന് ജയിലില്‍ നിന്നും നല്‍കുന്ന സൗജന്യ ബാത്ത് സോപ്പിനോടു പുച്ഛമായിരുന്നു. തിരുവനന്തപുരം സെന്ററല്‍ ജയിലില്‍ നിര്‍മ്മിക്കുന്ന ഈ സോപ്പ് ഉപയോഗിച്ച് മറ്റു തടവുകാര്‍ കുളിക്കുമ്പോള്‍ ഷെറിന് മാത്രമായി ലെക്‌സോ, ഡോവോ ഉണ്ടാകും. ഓരോ പരോളിലും സോപ്പും ഷാമ്പും എണ്ണയും അടക്കും ഷെറിന്‍ പുറത്ത് നിന്ന് എത്തിക്കും. കൂടാതെ ആവശ്യമുള്ള സാധനങ്ങള്‍ ഷെറിന് എത്തിക്കാനായി സന്ദര്‍ശകര്‍ എത്താറുണ്ടന്നെതാണ് പരസ്യമായ രഹസ്യം. കുളി കഴിഞ്ഞാല്‍ ഫെയര്‍ ആന്‍ഡ് ലൗവ്‌ലിയും യാര്‍ഡ്‌ലി പൗഡറും പൂശി നടക്കുന്ന ഷെറിന് വെയിലത്ത് പിടിക്കാനായി കുട പോലും വിയ്യൂരില്‍ ജയിലധികൃതര്‍ സംഘടിപ്പിച്ചു കൊടുത്തതെല്ലാം വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഷെറിന് വെയില്‍ കൊള്ളാന്‍ പാടില്ലന്ന ജയില്‍ ഡോക്ടറുടെ കുറിപ്പടിയുടെ പിന്‍ബലത്തിലത്തിലായിരുന്നു ഇത്. അങ്ങനെ ഷെറിന് വേണ്ടി ജയില്‍ നിയമങ്ങള്‍ ഇഷ്ടം പോലെ മാറി.
https://www.facebook.com/Malayalivartha