സംസ്ഥാനത്ത് മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു... തിരുവനന്തപുരത്ത് രണ്ടും പാലക്കാട് ഒരു വിദ്യാര്‍ത്ഥിയുമാണ് മുങ്ങി മരിച്ചത്, സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്

സംസ്ഥാനത്ത് മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു... തിരുവനന്തപുരത്ത് രണ്ടും പാലക്കാട് ഒരു വിദ്യാര്‍ത്ഥിയുമാണ് മുങ്ങി മരിച്ചത്, സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.
തിരുവനന്തപുരം കരമനയാറ്റില്‍ രണ്ടു കുട്ടികളാണ് മുങ്ങി മരിച്ചത്. വെള്ളനാട് വെളിയന്നൂര്‍ സ്വദേശികളായ സൂര്യ, അക്ഷയ് കൃഷ്ണ എന്നിവരാണ് മരിച്ചത്. കുളിക്കാനെത്തിയ നാലു കുട്ടികളില്‍ രണ്ടുപേര്‍ ഒഴുക്കില്‍ പെടുകയായിരുന്നു.
അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ ഉടന്‍ തന്നെ കരയ്‌ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പാലക്കാട് പ്ലസ് ടു വിദ്യാര്‍ഥിയായ കോട്ടപ്പുറം കുന്നത്ത് വീട്ടില്‍ ഹൈദ്രുവിന്റെ മകന്‍ മുഹമ്മദ് റോഷന്‍ ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം കരിമ്പിന്‍പുഴയിലായിരുന്നു അപകടം നടന്നത്. ശ്രീകൃഷ്ണപുരം കരിമ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് പാലക്കാട് മുങ്ങി മരിച്ച മുഹമ്മദ് റോഷന്‍.
സ്‌കൂളിലെ സുഹൃത്തുക്കള്‍ക്കൊപ്പം ബുധനാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് മുഹമ്മദ് റോഷന്‍ പുഴയില്‍ കുളിക്കാനിറങ്ങിയത്. നീന്തല്‍ വശമില്ലാത്ത മുഹമ്മദ് റോഷന്‍ ചുഴിയില്‍ അകപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
മുഹമ്മദ് റോഷനെ രക്ഷിക്കാന്‍ ഇറങ്ങിയ സുഹൃത്ത് അനന്തുകൃഷ്ണനും ചുഴിയില്‍ പെട്ടെങ്കിലും സുഹൃത്തുക്കള്‍ മുടിയില്‍ പിടിച്ച് രക്ഷപ്പെടുത്തി. മുഹമ്മദ് റോഷനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വെള്ളത്തിലേക്ക് താഴ്ന്നു പോയതിനാല്‍ ശ്രമം വിഫലമായി. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കരിമ്പുഴ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ഥിയാണ് മുഹമ്മദ് റോഷന്‍. മൃതദേഹം വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഷാനിബയാണ് മാതാവ്. അര്‍ഷക് അലിയാണ് സഹോദരന്‍.
പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ച സംഭവം ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പമ്പയാറ്റിലെ തിരുവല്ല കിച്ചേരിവാല്‍ കടവില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവാണ് മുങ്ങി മരിച്ചത്. ഗ്രീഷ്മം ടീ എക്‌സ്‌പോര്‍ട്ടിങ് കമ്പനി ഉടമ ഇടുക്കി പാമ്പനാര്‍ പുത്തന്‍പുരയില്‍ വിനൂപ് രാജ് (36) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം. തുടര്‍ന്ന് തിരുവല്ലയില്‍ നിന്ന് എത്തിയ അഗ്‌നിശമന സേനയിലെ സ്‌കൂബ ടീം നടത്തിയ തിരച്ചിലിന് ഒടുവില്‍ കടവില്‍ നിന്നും നൂറു മീറ്റര്‍ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha