സംസ്ഥാനത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് പരീക്ഷകൾ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്, ഗവർണറുടെ നിർദ്ദേശപ്രകാരം സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു; പി എസ് സി പരീക്ഷകൾക്കും മാറ്റം, പുതുക്കിയ തിയതി പിന്നീട് അറിയിക്കും

സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റില്ല. കൊവിഡ് ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എല്ലാ വിധ സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ പരീക്ഷ മാറ്റിവെക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
എന്നാൽ, രാജ്യത്തെ തീവ്രകൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നേരത്തെ തന്നെ മാറ്റിവച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി.
സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് സിബിഎസ്ഇ തീരുമാനം ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചത്.
വിദ്യാർത്ഥികളുടെ മുൻ വർഷത്തെ മാർക്കുകളുടെ അടിസ്ഥാനത്തിലടക്കം കുട്ടികളെ പാസ്സാക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് സിബിഎസ്ഇ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. പത്താം ക്ലാസ്സിൽ നിന്ന് പതിനൊന്നാം ക്ലാസ്സിലേക്ക്കുട്ടികളെ എങ്ങനെ പ്രവേശിപ്പിക്കുമെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
മെയ് നാല് മുതൽ പതിനാല് വരെ നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. പത്താം ക്ലാസിലെ പരീക്ഷാഫലം സിബിഎസ്ഇ തന്നെ രൂപീകരിക്കുന്ന ഒരു പരീക്ഷാരീതി പ്രകാരമാകും നിശ്ചയിക്കുക. ഇത് വഴി ലഭിക്കുന്ന മാർക്കുകളിൽ കുട്ടിക്ക് സംതൃപ്തിയില്ലെങ്കിൽ എഴുത്തുപരീക്ഷയിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. എന്നാൽ ഈ പരീക്ഷ സാഹചര്യം മെച്ചപ്പെട്ട ശേഷം മാത്രമേ നടത്തൂ.
വിദ്യാഭ്യാസത്തിന്‍റെ ചുമതലയുള്ള മന്ത്രി രമേശ് പൊഖ്‍റിയാലിനെയും സിബിഎസ്ഇയിലെ ഉന്നത ഉദ്യോഗസ്ഥരെയും ഉന്നത തലയോഗത്തിൽ പ്രധാനമന്ത്രി കണ്ടിരുന്നു.
ദില്ലി മുഖ്യമന്ത്രിയടക്കം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സിബിഎസ്ഇ പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റാൻ തീരുമാനമുണ്ടായത്.
എന്നാൽ, സംസ്ഥാന സർക്കാർ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ പരീക്ഷകൾക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് കർശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷകൾ നടത്തുന്നത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർഥികൾ സാമൂഹിക അകലം പാലിച്ച് പരീക്ഷ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ കൈകൊണ്ടിട്ടുണ്ടെന്നും,
പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന അധ്യാപക- അനധ്യാപക ജീവനക്കാർ നിശ്ചയമായും ട്രിപ്പിൾ ലെയർ മാസ്ക് ഉപയോഗിക്കണമെന്നും, വിദ്യാർഥികളും കഴിയുന്നതു ട്രിപ്പിൾ ലെയർ മാസ്ക് ഉപയോഗിക്കുന്നുണ്ടെന്നത് ചീഫ് സൂപ്രണ്ടുമാർ ഉറപ്പുവരുത്തണമെന്നുമാണ് നിർദ്ദേശം.
ഐ ആർ തെർമോമീറ്റർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ വിദ്യാർഥികളെ സ്കൂൾ കോമ്പൗണ്ടുകളിലേക്ക് പ്രവേശിപ്പിക്കാവൂ. സാനിറ്റൈസർ / സോപ്പ് എന്നിവയുടെ ലഭ്യത ഉറപ്പാക്കണം.
കൊവിഡ് പോസിറ്റീവായ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പ്രത്യേകമായി സ്വീകരിച്ച് മൂല്യനിർണയ ക്യാമ്പിലേക്ക് അയക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പോസിറ്റീവായ വിദ്യാർഥികൾ, ക്വറന്റീനിലുള്ള വിദ്യാർഥികൾ, ശരിരോഷ്മാവ് കൂടിയവർ എന്നിവർക്ക് പ്രത്യേകം ക്ലാസുകളിൽ പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണങ്ങളും സ്കൂളുകളിൽ സജ്ജമാക്കിയിട്ടുണ്ട്.
വിദ്യാർഥികള്‍ക്ക് സ്കൂളുകളിൽ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യവും പ്രധാനാധ്യാപകർ ഉറപ്പാക്കണം. പരീക്ഷ കഴിഞ്ഞാലുടൻ ഹാൾ സാനിറ്റൈസ് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മീഷണറും അറിയിച്ചു.
അതേസമയം, കേരള സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാല, മലയാള സർവകലാശാല, ആരോഗ്യ സർവകലാശാല, സംസ്‌കൃത സർവകലാശാല, സാങ്കേതിക സർവകലാശാല എന്നിവർ ഇന്നു മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. ഇന്നു മുതൽ നടത്തേണ്ട പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശം നൽകിയത്. കൊവിഡ് വ്യാപനം കണക്കിൽ എടുത്താണ് നിർദേശം.
നേരിട്ടുള്ള പരീക്ഷകൾ (ഓഫ് ലൈൻ) മാറ്റാനാണ് നിർദേശം നൽകിയിരിക്കുന്നത്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഇതിനിടെ പരാതികൾ ഉന്നയിച്ചിരുന്നു. പല സെന്ററുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. ഇനി സർവകലാശാലകളാണ് തീരുമാനമെടുക്കേണ്ടത്. ഇനി പരീക്ഷകൾ എങ്ങനെ നടത്തും എന്നതാണ് അറിയേണ്ടത്.
എന്നാൽ, സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും സർട്ടിഫിക്കറ്റ് പരിശോധനകളും മാറ്റിവെച്ചു. ഏപ്രിൽ 30വരെയുള്ള പരീക്ഷകളും അഭിമുഖങ്ങളുമാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു.
https://www.facebook.com/Malayalivartha