സ്വർണ്ണക്കടത്ത്: മങ്കടയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ അന്തര്‍സംസ്ഥാന ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിൽ; ഗള്‍ഫില്‍നിന്ന് കള്ളക്കടത്ത് സ്വര്‍ണം അയച്ചവരെയോ, കൈപറ്റിയവരെയോ കുറിച്ച് വിവരം ലഭിച്ചില്ല... ഇതുവരെ പിടികൂടിയവരുടെ എണ്ണം ഒമ്പതായി

മങ്കടയില്‍ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ അന്തര്‍സംസ്ഥാന ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേരെ കൂടി പോലീസ് പിടികൂടി. വയനാട് കരണി സ്വദേശി പടിക്കല്‍ അസ്ക്കര്‍ അലി (26), നല്ലറച്ചാല്‍ പൂളക്കവല സ്വദേശി ഹജാസ് (30) എന്നിവരാണ് വാളയാര്‍ ചെക്ക്പോസ്റ്റില്‍ പിടികൂടിയത്.
കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് മാര്‍ച്ച് 28ന് പുലര്‍ച്ച മങ്കട വടക്കാങ്ങര റോഡില്‍ ടിപ്പര്‍ ലോറിക്ക് മുന്നില്‍ കാര്‍ വിലങ്ങിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായിരിക്കുന്നു.
സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അസ്കര്‍ അലി, ഹജാസ് എന്നീ പ്രതികൾ. തമിഴ്നാട്, കര്‍ണാടക ഭാഗങ്ങളില്‍ ഒളിവിലായിരുന്നു ഇവര്‍. പ്രതികളുടെ ഫോട്ടോയുള്‍പ്പെടെ വിവരങ്ങള്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ കേരളം പോലീസ് കൊടുത്തിരുന്നു.
കേരളത്തിലേക്ക് കാറില്‍ കടക്കാന്‍ ശ്രമിച്ച പ്രതികളെ വാളയാര്‍ ചെക്ക്പോസ്റ്റില്‍ എക്സൈസ് സംഘം തിരിച്ചറിയുകയായിരുന്നു. പിന്നീട് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അതേസമയം, ഗള്‍ഫില്‍നിന്ന് കള്ളക്കടത്ത് സ്വര്‍ണം അയച്ചവരെയോ കൈപ്പറ്റിയവരെയോ ഇതുവരെയും പിടികൂടാനായില്ല.
അസ്കര്‍ അലി മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ രണ്ട് വധശ്രമക്കേസുകളിലും കരിപ്പൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വിദേശത്തുനിന്ന് വന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഭീഷണിപ്പെടുത്തി 700 ഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലും പ്രതിയാണ്. ജില്ല പൊലീസ് മേധാവി എസ്. സുജിത്ത്ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha