ഞായര്‍ തെരഞ്ഞെടുത്തതെന്ത്? കടബാധ്യതയില്‍ നിന്നും ഉണ്ടായ മാനസികാവസ്ഥയാണ് വൈഗ കൊലപാതകത്തില്‍ എത്തിച്ചെന്ന് കരുതിയെങ്കില്‍ തെറ്റി; ഒരു തെളിവും അവശേഷിപ്പിക്കാതെ നടത്തിയ ക്രൂരകൃത്യത്തില്‍ വലഞ്ഞത് പോലീസ്; ഡിജിറ്റല്‍ തെളിവുകള്‍ ഒന്നും അവശേഷിപ്പിച്ചില്ല; മൊബൈലോ എടിഎം കാര്‍ഡോ ഉപയോഗിച്ചില്ല

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരതയാണ് സനുമോഹന്‍ നടത്തിയത്. സ്വന്തം മകളായ 11 കാരി വൈഗയെ നെഞ്ചോട് ചേര്‍ത്തമര്‍ത്തി കൊല്ലുമ്പോഴും സ്വയം രക്ഷപ്പെടാനുള്ള പഴുതുകള്‍ കണ്ടെത്തിയിരുന്നു.
ഒളിവില്‍ പോയ ശേഷം സനു മോഹന്‍ മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഉപയോഗിച്ചില്ല. ഡിജിറ്റല്‍ തെളിവുകളൊന്നും വയ്ക്കാതെയായിരുന്നു സനുവിന്റെ ഒളിവുകാല യാത്ര. സ്വന്തം പേരിലല്ലാത്ത മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഇയാള്‍ ഉപയോഗിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള ഒന്നും പിടിച്ചെടുത്തില്ലെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു.
യാത്ര ചെയ്‌തെന്നു പറയുന്ന സ്ഥലങ്ങളില്‍ സനു എത്തിയിരുന്നോ എന്നുറപ്പാക്കാന്‍ പറ്റിയ ഡിജിറ്റല്‍ തെളിവുകളൊന്നുമില്ല. ഓരോ സ്ഥലത്തും നേരിട്ടെത്തി തെളിവെടുക്കണം. സമീപകാലത്തൊന്നും കേരള പൊലീസ് ഡിജിറ്റല്‍ തെളിവില്ലാതെ പ്രതികളെ പിടിച്ചിട്ടില്ല. മൊബൈല്‍ ഫോണോ സിമ്മോ വീണ്ടും ഉപയോഗിക്കുമ്പോള്‍ അതു പിന്തുടര്‍ന്നാണു പ്രതികളെ പിടിച്ചിരുന്നത്.
കൊലപാതകത്തിനും നാടുവിടാനും സനു മോഹന്‍ ആ ഞായറാഴ്ച തിരഞ്ഞെടുത്തത് എന്തുകൊണ്ടെന്ന ചോദ്യവും അവശേഷിക്കുന്നു. കടം വാങ്ങിയ പണം തിങ്കളാഴ്ച തിരികെ നല്‍കാമെന്നു പലരോടും സനു വാക്കു പറഞ്ഞിരുന്നുവെന്നാണ് ഈ ചോദ്യങ്ങള്‍ക്കു പൊലീസിന്റെ മറുപടി. പലതവണ അവധി പറഞ്ഞു മടക്കിയയച്ച ആളുകള്‍ പണം ചോദിച്ചെത്തുമ്പോള്‍ കുടുങ്ങുമെന്നതാണു കടുംകൈ ചെയ്തു നാടുവിടാന്‍ പ്രേരണയായതെന്നു സനു പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ മൊഴി ഉറപ്പിക്കണമെങ്കില്‍ അന്നു പണം വാങ്ങാന്‍ എത്തേണ്ടിയിരുന്നവരെ കണ്ടെത്തണം.
പ്രതി പിടിയിലായെങ്കിലും വൈഗ കൊലക്കേസില്‍ ഇതരസംസ്ഥാനങ്ങളില്‍ കേരള പൊലീസ് അന്വേഷണം തുടരുന്നു. സനു മോഹനു കൂട്ടുപ്രതികളില്ലെന്നാണ് പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിലെ കണ്ടെത്തലെങ്കിലും ഇയാള്‍ക്ക് ഏതെങ്കിലും രീതിയില്‍ സഹായം ലഭിച്ചിട്ടുണ്ടോ എന്ന സംശയം പൊലീസ് ഉപേക്ഷിച്ചിട്ടില്ല.
സംസ്ഥാനത്തിനു പുറത്തു മൂന്നിടങ്ങളില്‍ അന്വേഷണം തുടരുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. എന്നാല്‍, ഏതൊക്കെ സ്ഥലങ്ങളെന്നു വെളിപ്പെടുത്തിയിട്ടില്ല. കേസ് അന്വേഷണത്തിനു നേതൃത്വം നല്‍കിയ ഡിസിപി ഐശ്വര്യ ഡോങ്‌രെ നിലവില്‍ മുംബൈയിലാണ്. സനുവിന്റെ പേരിലുള്ള വഞ്ചനക്കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണു ലക്ഷ്യം.
സനു മോഹനെതിരെ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസെടുത്തിട്ടുണ്ട്. ബിസിനസ് ഇടപാടില്‍ 3 കോടി രൂപ തട്ടിയെടുത്തുവെന്നാണു കേസ്. കേരളത്തിലടക്കം ഇയാള്‍ക്കെതിരെ മറ്റേതെങ്കിലും കേസ് ഉള്ളതായി വിവരമില്ല.
കൊലപാതകവും ഒളിവുജീവിതവുമൊക്കെ സനു വളരെ നേരത്തെ ആസൂത്രണം ചെയ്തിരുന്നു. കാര്‍ വിറ്റു കിട്ടിയ 50,000 രൂപയ്ക്കു പുറമേ വേറെയും പണം സനുവിന്റെ കയ്യിലുണ്ടായിരുന്നു. ഇതിലൊരു ഭാഗം പോക്കറ്റടിച്ചു പോയതായും സനു പറയുന്നു.
കൊലപാതകത്തിലും ഒളിവുജീവിതത്തിലും മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന സനുവിന്റെ മൊഴി ഏറെക്കുറെ വിശ്വസനീയമാണെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പറയുന്നത്. അതേസമയം, വൈഗയെ കൊല്ലാനിടയായ കാരണങ്ങളും കൊലപ്പെടുത്തിയ രീതിയും സനു 3 തവണ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നതും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
L
https://www.facebook.com/Malayalivartha