സംസ്ഥാനത്തെ ഐസിയു കിടക്കകള്‍ നിറഞ്ഞുവരുന്ന അവസ്ഥ, ചില ജില്ലകളിൽ കൊവിഡ് വ്യാപനം അതിരൂക്ഷം- ആരോഗ്യമന്ത്രി

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചതല്ലെന്നും, ചില ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ ഐസിയു കിടക്കകള്‍ നിറഞ്ഞുവരുന്ന അവസ്ഥയാണിപ്പോൾ. ഇത് മറികടക്കാന്‍ കൂടുതല്‍ ഐസിയു കിടക്കകള്‍ പുതുതായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് കുറയ്ക്കാനാകുന്നത് കൃത്യമായ പരിചരണം കൊണ്ടാണ്. ഓക്സിജന്‍ ക്ഷാമം മൂലം കേരളത്തില്‍ മരണം സംഭവിക്കാതിരിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ്.
കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓക്സിജന്‍ മുഴുവനായി ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് സാധിക്കണം. കേന്ദ്രത്തിൽ നിന്നും ക്വോട്ട കൂടി കിട്ടിയാല്‍ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകും.
കാസര്‍കോട്ടെ ഓക്സിജന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. എന്നാല്‍, ഓക്സിജന്‍ കൊണ്ടുപോകാനുള്ള ട്രക്കുകളുടെ കുറവ് സംസ്ഥാനത്തുണ്ട്. കേന്ദ്രത്തോട് ട്രക്കുകളും വേണമെന്ന് പറഞ്ഞിട്ടുണ്ട്.
കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് മറച്ചുവെക്കുന്നുവെന്നത് തെറ്റായ ആരോപണമാണ്. എല്ലാ പഞ്ചായത്തുകളും കൃത്യം കണക്ക് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ സ്ഥിതി വളരെ മോശമായി തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 3876 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് സ്ഥിരീകരണം. 3,29,942 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രാജ്യത്താകെ 37.15 ലക്ഷം പേര്‍ നിലവില്‍ കൊവിഡ് ചികിത്സയില്‍ ഉണ്ട്.
82.8% ആണ് രാജ്യത്തെ കൊവിഡ് വൈറസ് മുക്തി നിരക്ക്. എന്നാൽ, സംസ്ഥാനങ്ങളുടെ വാക്സീനേഷന്‍ രീതികളില്‍ കടുത്ത അതൃപ്തിയാണ് കേന്ദ്ര സര്‍ക്കാരിന് ഉള്ളത്. വാക്സിനേഷന്‍ നടപടികള്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha


























