ബ്ലാക്ക് ഫംഗസ് ചിത്രങ്ങളാണ് വാട്ട്‌സ്ആപ്പ് നിറയെ! ഓരോ ചിത്രവും അസ്വസ്‌ഥയുണ്ടാക്കുന്ന വോയ്‌സ് മെസേജുകളുടെ അകമ്പടിയോടെയാണ് വരുന്നതും... അപൂര്‍വ്വമായ ബ്ലാക്ക് ഫംഗസ് ബാധയെ ഭയന്ന് ഭീകരമായ കൊറോണയെ അവഗണിക്കരുത്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ; ഡോ. ഷിംന അസീസ്

കോവിഡിനെ ഭയക്കുന്നതിനേക്കാളും ജനങ്ങൾ ഇപ്പോൾ ആശങ്കാകുലരാകുന്നത് ബ്ലാക്ക് ഫംഗസ് ബാധയെയാണ്. സമൂഹമാധ്യമങ്ങളിലെല്ലാം ഇപ്പോൾ ഫംഗസിനെ കുറിച്ചുള്ള പ്രചാരങ്ങളാണ്. ഇപ്പോളിതാ, ഡോ. ഷിംന അസീസ് അപൂര്‍വ്വമായ ബ്ലാക്ക് ഫംഗസ് ബാധയെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുകളായാണ് ഡോ. ഷിംന അസീസ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ബ്ലാക്ക് ഫംഗസ് ചിത്രങ്ങളാണ് വാട്ട്‌സ്ആപ്പ് നിറയെ. ഓരോ ചിത്രവും അസ്വസ്‌ഥയുണ്ടാക്കുന്ന വോയ്‌സ് മെസേജുകളുടെ അകമ്പടിയോടെയാണ് വരുന്നതും. ഇപ്പോഴത്തെ പ്രധാന പ്രചാരണം ഒരേ മാസ്‌ക് തുടർച്ചയായുപയോഗിക്കുന്നതാണ് ബ്ലാക് ഫംഗസുണ്ടാക്കുന്നത് എന്നാണ്. ചില കാര്യങ്ങൾ പറയാനുണ്ട്.
ബ്ലാക്ക് ഫംഗസുണ്ടാക്കുന്ന, ആ മനുഷ്യനെ പേടിപ്പിക്കുന്ന പേരുള്ള പൂപ്പൽ ഇവിടെ നമുക്ക് ചുറ്റുമുപാടും ഈർപ്പമുള്ള എല്ലായിടത്തുമുണ്ട്. ആൾ പുതുമുഖമല്ല. നനഞ്ഞ മണ്ണിലും ചെടികളിലും പ്രതലങ്ങളിലുമെല്ലാം ഈ പൂപ്പലിന്റെ സാന്നിധ്യമുണ്ട്. ഇത് സാധാരണ ഗതിയിൽ നമ്മളെ ഉപദ്രവിക്കാനും പോണില്ല. അപ്പോ വാട്ട്‌സാപ്പളിയൻ പറഞ്ഞത്? പാതി വെന്ത മെസേജാണ്.
എന്ന് വെച്ചാൽ?
കടുത്ത രീതിയിൽ പ്രതിരോധശേഷിക്കുറവുള്ളവരിലാണ് മ്യൂക്കർമൈക്കോസിസ് ഉൾപ്പെടെയുള്ള പൂപ്പൽരോഗങ്ങൾ സാരമായ രോഗബാധയുണ്ടാക്കുന്നത്. അല്ലെങ്കിൽ അതൊരു ചുക്കും ചെയ്യൂല.
അതാരൊക്കെയാ?
കാൻസർ രോഗികൾ, കാൻസറിന് കീമോതെറപ്പി എടുക്കുന്നവർ, അവയവദാനം സ്വീകരിച്ചവർ, കുറേ കാലം തുടർച്ചയായി സ്‌റ്റിറോയ്‌ഡ് മരുന്നുകൾ എടുക്കുന്നവർ, ഏറ്റവും പ്രധാനവും സാധാരണവുമായി അനിയന്ത്രിതമായ പ്രമേഹമുള്ളവർ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവർക്കൊക്കെ കോവിഡ് വന്നിരിക്കുന്ന സമയവും വന്ന് പോയ ശേഷമുള്ള പോസ്‌റ്റ് കോവിഡ് പിരീഡും നിർണായകമാണ്.
ഇവർക്കൊക്കെ രോഗം വരാതെ തടയാൻ എന്ത് ചെയ്യും?
പ്രമേഹം നിയന്ത്രിക്കുന്നത് സുപ്രധാനമാണ്. വർഷങ്ങളായി ഡോക്ടറെ കാണാതെ ഒരേ ഡോസ് മരുന്ന് കൃത്യതയില്ലാതെ കഴിച്ചു കൊണ്ടിരിക്കുന്നവർ, സ്വയം ചികിത്സ ചെയ്‌തും അശാസ്ത്രീയമായ ഒറ്റമൂലികളിലും വിശ്വസിച്ച് ഭക്ഷണനിയന്ത്രണമോ വ്യായാമമോ ഇല്ലാതെ കഴിയുന്നവർ, കോവിഡ് ചികിത്സ ആവശ്യമായി വന്ന സമയത്ത് സ്‌റ്റിറോയ്‌ഡ് ചികിത്സ ആവശ്യമായി വന്ന പ്രമേഹരോഗികൾ തുടങ്ങിയവർ തീർച്ചയായും നിലവിലെ ആരോഗ്യസ്‌ഥിതി ഒരു ഡോക്ടറെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട് വിലയിരുത്തുന്നത് നന്നാവും. ടെൻഷനാക്കാനല്ല, ആരോഗ്യസ്‌ഥിതി എന്താണെന്നറിയാനും സുരക്ഷിതരാകാനും വേണ്ടി മാത്രം.
ആ പിന്നേ, നേരത്തേ പറഞ്ഞ പ്രതിരോധശേഷി കുറവുള്ളവർ എന്ന് പറഞ്ഞ് വെച്ച എല്ലാവരും തന്നെ മണ്ണിലും ചെടികൾക്കിടയിലുമൊക്കെ ജോലി ചെയ്യുമ്പോൾ മാസ്‌കും ഗ്ലൗസും സുരക്ഷാബൂട്ടുകളുമൊക്കെ ഉപയോഗിക്കുന്നതാവും നല്ലത്. സാധിക്കുമെങ്കിൽ ഇത്തരം ജോലികളിൽ നിന്ന് വിട്ടുനിൽക്കാം, അഥവാ ചെയ്യുന്നുവെങ്കിൽ അതിന് ശേഷം നന്നായി സോപ്പിട്ട് വൃത്തിയായി കുളിക്കാം.
രോഗം വന്നോന്ന് എങ്ങനെയറിയാം? ലക്ഷണങ്ങൾ എന്തൊക്കെയാ?
മുഖത്തും കണ്ണിലും തലച്ചോറിലും ശ്വാസകോശത്തിലും തൊലിപ്പുറത്തും ദഹനവ്യവസ്‌ഥയിലും ചിലപ്പോൾ ഒന്നിലേറെ ആന്തരികവ്യവസ്‌ഥകളിൽ ചിതറിപ്പടർന്നുമെല്ലാം മ്യൂക്കർമൈക്കോസിസ് വരാം.
മുഖത്താണ് പൂപ്പൽ ബാധിച്ചതെങ്കിൽ മൂക്കിന്റെ ഒരു വശത്ത് അടവ്, തവിട്ട് നിറത്തിലോ രക്‌തം കലർന്നോ മൂക്കിൽ നിന്നുള്ള സ്രവം, കണ്ണിന് ചുറ്റും മരവിപ്പ്, തടിപ്പ്, കണ്ണ് പുറത്തേക്ക് തള്ളി വരൽ, തലവേദന, തലകറക്കം, പരസ്‌പരബന്ധമില്ലാത്ത പെരുമാറ്റം, അപസ്‌മാരം തുടങ്ങിയവ ഉണ്ടാകാം. ഈ അവസ്‌ഥയുടെ ചിത്രങ്ങളാണ് നമ്മളേറ്റവും കൂടുതലായി സോഷ്യൽ മീഡിയയിൽ കാണുന്നത്.
ശ്വാസകോശത്തിനകത്ത് വരുമ്പോൾ പനി, നെഞ്ചുവേദന തുടങ്ങിയവയൊക്കെ വരാം.
തൊലിപ്പുറത്തോ അണ്ണാക്കിലോ കറുത്ത നിറം വരാം.
ഇതിലേതൊക്കെ വന്നാലും ആദ്യഘട്ടത്തിൽ മരുന്ന് ചികിത്സ വഴിയും ചെറുതോ വലുതോ ആയ സർജറി വഴിയും രോഗിയെ രക്ഷപ്പെടുത്താനാവും. അനിയന്ത്രിതമാം വിധം രോഗം ശരീരത്തിൽ പടർന്നു കഴിഞ്ഞാൽ മരണസാധ്യത 40-80% വരെയാണ്.
മാസ്‌ക് കുറേ നേരം മാറ്റാതിരുന്നാൽ ഈ സൂക്കേട് വരുമോ??
നനഞ്ഞിരിക്കുന്ന മാസ്‌കിൽ നിന്നും മ്യൂക്കർമൈക്കോസിസ് അപൂർവ്വമായെങ്കിലും പ്രതിരോധശേഷിക്കുറവുള്ളവർക്ക് വന്നു കൂടെന്നില്ല. മാസ്‌ക് വൃത്തിയായി സൂക്ഷിക്കണം, എട്ട് മണിക്കൂറിലപ്പുറമോ/നനയുന്നത് വരെയോ (ഏതാണ് ആദ്യം, അത് വരെ) മാത്രമേ ഒരു മാസ്‌ക് ഉപയോഗിക്കാവൂ എന്നറിയാമല്ലോ. കോട്ടൻ മാസ്‌കുകൾ നന്നായി കഴുകി, വെയിലത്തിട്ടുണക്കി മാത്രം രണ്ടാമത് ഉപയോഗിക്കുക. N95 മാസ്‌കുകൾ, സർജിക്കൽ മാസ്‌കുകൾ തുടങ്ങിയവയെല്ലാം തന്നെ നിർദേശിക്കപ്പെട്ട രീതിയിൽ ഉപയോഗിക്കുക, ശേഷം.ഒഴിവാക്കുക. ഒരേയൊരു കാര്യം, ബ്ലാക്ക് ഫംഗസ് വരുമെന്ന് പറഞ്ഞ് മാസ്‌ക് ഒഴിവാക്കരുത്. അപൂർവ്വമായൊരു രോഗബാധയെ ഭയന്ന് നാല് പാടും കൊമ്പ് കുലുക്കി നടക്കുന്ന കൊറോണയെ അവഗണിക്കരുത്. അത് വലിയ ഭവിഷ്യത്തുകളുണ്ടാക്കും.
വൺ ലാസ്‌റ്റ് ക്വസ്‌റ്റ്യൻ...
ഉം?
പ്രതിരോധശേഷി കുറഞ്ഞാലല്ലേ ഈ സൂക്കേട് വരിക? അപ്പോ അത് കൂട്ടാൻ പറ്റൂലേ??
സ്വച്ചിട്ട പോലെ പ്രതിരോധശേഷി കൂട്ടുന്ന ഒരു സൂത്രപ്പണിയും നിലവിലില്ല. നേരത്തിന് ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, വിശ്രമിക്കുക, രോഗലക്ഷണങ്ങൾ തോന്നിയാൽ കൃത്യമായി ചികിത്സ തേടുക, കൊറോണ ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്നും മുൻകരുതലുകൾ ശക്‌തമായി തുടരുക. അല്ലാതെ ചില പ്രത്യേക ഗുളികകളോ, പഴങ്ങളോ, പൊടിയോ, പുകയോ, വസ്‌ത്രമോ കിടക്കയോ മിഠായിയോ ഒന്നും പ്രതിരോധശേഷി ഒറ്റയടിക്ക് കൂട്ടില്ല.
ഇങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ടും സൂക്കേട് വന്നാൽ?
എന്തിനാ സംശയിക്കുന്നത്...ഞങ്ങൾ ആരോഗ്യപ്രവർത്തകർ ഇവിടുണ്ടല്ലോ... സാധിക്കുന്നതെല്ലാം ചെയ്യും, കൂടെയുണ്ടാകും.
https://www.facebook.com/Malayalivartha
























