പിണറായി സർക്കാർ സ്മാരകം പണിഞ്ഞാൽ ആദ്യം കല്ലെറിയുമെന്ന് ദേശാഭിമാനിയുടെ മുന്‍ എഡിറ്റര്‍... ഇടതു പാളയം തിരിഞ്ഞ് കൊത്തുന്നു...

അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആര്‍. ബാലകൃഷ്ണ പിള്ളയുടെ സ്മരണയ്ക്കായി പിണറായി സര്‍ക്കാര്‍ എവിടെയെങ്കിലും സ്മാരകം ഉണ്ടാക്കിയാല്‍ സ്മാരകത്തിനുനേരെ ആദ്യം കല്ലെറിയുന്നത് താനായിരിക്കുമെന്ന് ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്ററും ജനശക്തി മാസികയുടെ എഡിറ്ററുമായ ജി. ശക്തിധരൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജി. ശക്തിധരൻ ഇത്തരത്തിൽ പിണറായി സർക്കാരിനെതിരെ തിരിച്ചടിച്ചത്.
ആദ്യം കല്ലെറിയുന്നത് ഞാനായിരിക്കും എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ അഴുക്കു ചാലില്‍ കൂടി മാത്രം സഞ്ചരിച്ച നേതാവാണ് ബാലകൃഷ്ണപിള്ളയെന്നും അദ്ദേഹം പറഞ്ഞു.
ആ പേരില്‍ ഒരു സ്മാരകം പണിയാന്‍ ഇഎംഎസ്സിന്റെയും എം. എന്‍. ഗോവിന്ദന്‍ നായരുടെയും സി. അച്ചുതമേനോന്റെയും പാര്‍ട്ടികള്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് അതിന്റെ അസ്ഥിത്വം അവസാനിക്കാറായി എന്നതിന്റെ തെളിവാണ്.
അറുവഷളന്‍ പ്രതിലോമ രാഷ്ടീയക്കാരന് പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി സ്മാരകം പണിയാന്‍ തീരുമാനിച്ചത് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അപചയത്തിന്റെ ആഴമാണ് കാണിക്കുന്നതെന്ന് അദേഹം ഫേസ്ബുക്ക് കുറിപ്പിൽ പരാമർശിച്ചു.
വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും ഗതാഗത മന്ത്രിയായിരുന്നപ്പോഴും അൽപ്പ ശമ്പളക്കാരായ ആയിരക്കണക്കിനു പാവപ്പെട്ട സ്ത്രീ ജീവനക്കാരെയടക്കം തെക്ക് വടക്ക് സ്ഥലം മാറ്റി ക്രൂരമായി പകപോക്കിയ ഈ മാടമ്പിയെ "സ്നേഹം" കൊണ്ട് സ്മാരകമുണ്ടാക്കി ആദരിക്കുന്നത് കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന് അപമാനമാണ്. എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഈ മാടമ്പിക്കെതിരെ നേര്‍ക്കുനേര്‍ പൊരുതി പലവട്ടം മുട്ടുകുത്തിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു എന്നും അദ്ദേഹം കുറിച്ചിരുന്നു.
പഞ്ചാബ് മോഡലിനെ പ്രകീര്‍ത്തിച്ച് എറണാകുളം രാജേന്ദ്ര മൈതാനത്ത് ഇദ്ദേഹം നടത്തിയ പ്രസംഗത്തിനെതിരെ പരസ്യ പ്രസ്താവന ഇറക്കിയ ഏഴ് മാദ്ധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് താനെന്നും. അതാണ് ഹൈക്കോടതി ഈ മാടമ്പിയെ മന്ത്രിപദത്തില്‍ നിന്ന് താഴെ ഇറക്കാന്‍ വഴിയൊരുക്കിയതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇദ്ദേഹത്തിന്റെ പേരില്‍ പൊതുഖജനാവില്‍ നിന്ന് പണം എടുത്ത് കേരളത്തില്‍ എവിടെയെങ്കിലും ഇടതുപക്ഷ മന്ത്രിസഭ സ്മാരകം ഉയര്‍ത്തിയാല്‍,
അന്ന് ജീവനോടെ ഇരുപ്പുണ്ടെങ്കില്‍ അതിനു നേരെ ആദ്യത്തെ കല്ല് എറിയുന്നത് താനായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ ഇത് പോസ്റ്റ് ചെയ്തത്. ഇതിനു തൊട്ട് പിന്നാലെ തന്നെ നിരവധി ഭീഷണികളും മറ്റും പിറകേ വന്നിരുന്നു. അതിനെ കുറിച്ച് ശക്തിധരന്റെ മറു കുറിപ്പ് ഇങ്ങനെയായിരുന്നു.
"എന്റെ വിലപ്പെട്ട കൈ പോകുമോ ?" ഇന്നത്തെ എന്റെ കണി ഉഗ്രന്‍. ഇങ്ങനെ പറഞ്ഞു കൊണ്ട് അനിൽ സി. കെ. എന്ന വ്യക്തിയുടെ പോസ്റ്റിനെ ഉദ്ധരിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. ബാലകൃഷ്ണ പിള്ള യുടെ സ്മാരകത്തിന് കല്ലെറിയുന്ന ശക്തിധരന്റെ കൈ തല്ലിയൊടിക്കാൻ ഞാൻ ഉണ്ടാകും."
എന്റെ വിലപ്പെട്ട കൈ പോകുമോ അനിൽ സി. കെ എനിക്ക് താങ്കളെ അറിയില്ല. കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. താങ്കൾ പത്തനാപുരത്തുകാരൻ ആണെന്ന് പ്രൊഫൈൽ കണ്ടു മനസിലാക്കി. ഒരാൾ അയാളുടെ പാരമ്പര്യ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചു പോകാന്‍ തീരുമാനിച്ചാൽ ഞാനായി തടയില്ല. അവയവ ക്വട്ടേഷന്‍ മാത്രമായാല്‍ കീശ നിറയുമോ അനിൽ! ഫുള്‍ ബോഡിയാണ് ലാഭം.
എനിക്ക് തുടർന്നുള്ള ശസ്ത്രക്രിയയുടെ ചെലവും ഒഴിവാക്കാമല്ലോ. എന്തായാലും എനിക്ക് എന്റെ കൈയെ മാത്രമായി മാറ്റി താമസിപ്പിക്കാൻ പറ്റില്ലല്ലോ. ഒപ്പം കൊണ്ട് തന്നെ പോകണം. എന്നാലും അഗ്നി, ആയുധം, വാഹനം തുടങ്ങിയവയുമായി ക്വട്ടേഷന്‍ കഴിയും വരെ ഞാൻ ഇടപഴകാതെ സൂക്ഷിക്കാം.
പക്ഷെ ശ്രീ ബാലകൃഷ്ണ പിള്ളയുടെ ഇതുവരെ പുറത്തുവന്ന വില്‍ പത്രങ്ങളില്‍ ഒന്നും എന്റെ കൈയുടെ കാര്യം പറഞ്ഞതായി കാണുന്നില്ല. ബജറ്റിലും സ്മാരകത്തെ കുറിച്ചല്ലാതെ അതിനെതിരെ കല്ലെറിയാന്‍ വരുന്നവന്റെ ഗതിയെ കുറിച്ച് മിണ്ടാട്ടമില്ല.
ആര്‍ക്കും നികുതിയോ ആരുടേയും അധ്വാന ഭാരം വര്‍ദ്ധിപ്പിക്കുകയോ ചെയ്യില്ലെന്നാണ് ബജറ്റില്‍ പറയുന്നത്. പക്ഷെ പിന്നെന്തിനാണ് പത്തനാപുരത്തുകാരൻ അനിൽ എന്നയാൾക്ക് മാത്രം ഇങ്ങിനെയൊരു അദ്ധ്വാനഭാരം ഏൽപ്പിച്ചത്? എന്തായാലും എന്റെ മുടങ്ങിക്കിടന്ന വഴിപാടുകളെല്ലാം ലോക്ഡൌൺ കഴിയുന്ന മുറയ്ക്കു തീർത്തേക്കാം. കൈ അല്ലെ വലുത്.
ഏതെങ്കിലും സിബിഐ കഥകൾ ഓരോ ആഴ്ചയും ടെലിവിഷനിൽ കാണുന്ന മലയാളികൾക്ക് അതിലെ കഥാപാത്രങ്ങളുമായി ഏറെ സാദൃശ്യം കാണാനാകുന്നത് ശ്രീ ആർ ബാലകൃഷ്‌ണപിള്ളയുടെ തറവാടും അവിടത്തെ ബന്ധു മിത്രാദികളുമാണ് എന്ന് സിനിമാ പ്രേമികൾ പറയാറുണ്ട്. ഓരോന്ന് ചുരുൾ നിവർന്ന് വരുമ്പോൾ എനിക്കും അങ്ങിനെ തോന്നാറുണ്ട്.
ഇപ്പോൾ കണ്ടില്ലേ എഴുതിയെന്നും എഴുതിയില്ലെന്നും പറയുന്ന ഒരു വിൽപത്രത്തിന്റെ പേരിലുള്ള വിവാദം. ഇതിനാണ് ജ്യോത്സ്യന്മാർ പറയുന്നത് "the sign of god". ദൈവം അങ്ങിനെ അടയാളങ്ങള്‍ കാണിച്ചു കൊണ്ടേയിരിക്കും. വലിയ ശാപങ്ങള്‍ ചൂഴ്ന്നു നില്‍ക്കുന്ന തറവാടുകളുടെ എല്ലാം ദുരന്തമാണിത്.
ഒന്നും വന്നില്ലെങ്കില്‍ ഒരു സരിതയെങ്കിലും കയറിവരും. ഏറ്റവും ഒടുവിലത്തെ കള്ളപ്രമാണ വിവാദത്തിനു " സേതുരാമയ്യർ സിബിഐ" എന്ന സിനിമയിലെ ഒരു ദൃശ്യവുമായി സാദൃശ്യമുണ്ടോ?
കുഴിവെട്ടി മത്തായി എന്ന സെമിത്തേരി സൂക്ഷിപ്പുകാരൻ കുഴിച്ചിട്ട മൃതദേഹത്തിൽ അഞ്ചു വിരൽ ഉണ്ടായിരുന്നെങ്കിൽ വർഷങ്ങൾക്കു ശേഷം സിബിഐ ഉദ്യോഗസ്ഥൻ സേതുരാമയ്യർ പരിശോധനയ്ക്കു ആ മൃതദേഹം പുറത്തെടുത്തപ്പോൾ അതിൽ ഒരു വിരൽ കുറവ്.
കള്ളപ്രമാണത്തിൽ ഒപ്പുവെപ്പിക്കാൻ ജഡം അന്ന് തന്നെ തന്നെക്കൊണ്ട് മുതലാളി പുറത്തെടുവിച്ചു വിരൽ മുറിച്ചു മാറ്റി എന്നാണ് കുഴിവെട്ടി മത്തായി സിബിഐ യോട് വെളിപ്പെടുത്തിയത്.
സമാനമായ വെളിപ്പെടുത്തൽ ആണ് കുടുംബാംഗത്തില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നത് ഇപ്പോഴത്തെ വിൽപത്രത്തിന്റെ ദുരൂഹത അവസാനിച്ചിട്ട് പോരെ എന്റെ കൈ അനിൽ കൊണ്ടു പോകുന്നത്.
എന്തായാലും ഇത്തരത്തിൽ ഇടതുപക്ഷത്തിൽ തന്നെ രണ്ട് ചേരിയിലേക്ക് വിഴിതെറ്റിക്കാൻ തക്ക രീതിയിലേക്കാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്ക് എന്ന് വേണം മനസ്സിലാക്കാൻ.
https://www.facebook.com/Malayalivartha