ഏത് അന്വേഷണം വന്നാലും ഒന്നും സംഭവിക്കില്ല: നിയമത്തെ വ്യഭിചരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധ പരിപാടിക്ക് നേതൃത്വം കൊടുക്കും: ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്

അവർ നിയമത്തെ വ്യഭിചരിക്കുന്നു സർക്കാരിനെതിരെ ആഞ്ഞടിച്ച്-എം.ടി രമേശ്... കുഴൽ പണ കേസിൽ കെ സുരേന്ദ്രനെതിരെ നടക്കുന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ നടക്കുന്നത് സുരേന്ദ്ര വേട്ടയുടെ രണ്ടാം പർവമാണെന്നും നിയമത്തെ വ്യഭിചരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധ പരിപാടിക്ക് നേതൃത്വം കൊടുക്കുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു . കുഴൽ പണ ആരോപണവുമായി ബന്ധപ്പെട്ട് ബി.ജെ.പിയെ ഒരു തരത്തിലും ബന്ധപ്പെടുത്താൻ കഴിയില്ലെന്നത് കണ്ടാണ് മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിക്കാൻ ഇടപെട്ടൂവെന്ന് പറഞ്ഞ് കെ.സുരേന്ദ്രനെ ജാമ്യമില്ലാ കേസിൽ കുടുക്കിയിരിക്കുന്നത്.
സംസ്ഥാന സർക്കാർ തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നത് എന്നത് ഓർക്കണമെന്നും എം.ടി രമേശ് ഓർമ്മിപ്പിച്ചു. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ പരിപാടികൾ നാളെ തുടങ്ങാനിരിക്കുകയാണ്. സംസ്ഥാനത്തെ ഒരു ലക്ഷം കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരജ്വാലയ്ക്ക് തുടക്കം കുറിക്കുമെന്നും എം.ടി രമേശ് പറഞ്ഞു.
പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പ്രതിക്കൂട്ടിലാക്കി ബി.ജെ.പിയെ ആണ് ഇവർ ലക്ഷ്യമിടുന്നത്. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടി അധ്യക്ഷന്റെ മകനെ പോലും മാധ്യമങ്ങളിൽ വലിച്ചഴിച്ച് നാണം കെട്ട കളിക്ക് നേതൃത്വം കൊടുക്കുമ്പോൾ ഇത് ഇന്ത്യയാണെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും എം.ടി രമേശ് പറഞ്ഞു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് സംഘടിതമായ അക്രമത്തിനാണ് മുഖ്യമന്ത്രി മുതിർന്നത്. ഇതിന് അദ്ദേഹം മാപ്പ് പറയണം. ബി.ജെ.പി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുഴൽപണം ഉപയോഗിച്ചുവെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും രമേശ് ചോദിച്ചു.
മുഖ്യമന്ത്രിക്ക് പോലും അറിയാം ഒന്നും നടക്കില്ലെന്ന്. അതുകൊണ്ടാണ് നിയമസഭയിൽ പോലും ഒന്നും പറയാത്തതെന്നും എം.ടി രമേശ് പറഞ്ഞു. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വം സുന്ദര സ്വയം പിൻവലിച്ചതാണെന്ന് അയാൾ തന്നെയാണ് എഴുതിക്കൊടുത്തത്. ഇപ്പോൾ പുതിയ ആരോപണവുമായി വരുന്നത് രാഷ്ട്രീയമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതികാരം ചെയ്യുമ്പോൾ അത് അന്തസ്സായി ചെയ്യാൻ തയ്യാറാവണം. ഇ.ഡി അന്വേഷണം ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരാണ് പറയേണ്ടത്. ഏത് അന്വേഷണം വന്നാലും ഒന്നും സംഭവിക്കില്ലെന്നും രമേശ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha